ഡല്‍ഹി കലാപക്കേസില്‍ ജയിലില്‍ കഴിയുന്ന വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ഡിസംബര്‍ 23 മുതല്‍ 30 വരെ ഏഴ് ദിവസമാണ് ഉമര്‍ ഖാലിദിന് പുറത്തിറങ്ങാനാകുക. വിചാരണ കോടതി ജഡ്ജി അമിതാഭ് റാവത്തിന്റെതാണ് ഉത്തരവ്. കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കല്ലേറ് കേസില്‍ നേരത്തെ ഉമര്‍ ഖാലിദിനെ കുറ്റവിമുക്തനാക്കി ഡല്‍ഹി കോടതി ഉത്തരവിട്ടിരുന്നു. ഉമര്‍ ഖാലിദ്, ആക്ടിവിസ്റ്റ് ഖാലിദ് സെയ്ഫ് എന്നിവരെയാണ് ഡല്‍ഹി കോടതി കുറ്റവിമുക്തരാക്കിയത്. ഇരുവരും നല്‍കിയ വിടുതല്‍ ഹര്‍ജിയിലാണ് ഡല്‍ഹിയിലെ കര്‍കര്‍ദൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമാചലയുടെ ഉത്തരവ്. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ഖജൂരി ഖാസ് പ്രദേശത്തെ അക്രമണവുമായി ബന്ധപ്പെട്ട് 2020 ഫെബ്രുവരിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലാണ് വിധി. എന്നാല്‍ കലാപവുമായി ബന്ധപ്പെട്ട യുഎപിഎ കേസ് തുടരുന്നതിനാല്‍ ഉമര്‍ ഖാലിദിന് ജയിലില്‍ നിന്നും പുറത്തിറങ്ങാനായിരുന്നില്ല.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചന കേസിലാണ് ഉമര്‍ ഖാലിദിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. 53 പേര്‍ കൊല്ലപ്പെടുകയും 700 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഡല്‍ഹി കലാപത്തിന്റെ സൂത്രധാരന്‍ എന്നാരോപിച്ചാണ് ഉമര്‍ ഖാലിദിനെതിരെ യുഎപിഎയും മറ്റ് വിവിധ വകുപ്പുകളും ചുമത്തി കേസെടുത്തത്. ഖാലിദിനെ കൂടാതെ ആക്ടിവിസ്റ്റ് ഖാലിദ് സെയ്ഫി, ജെഎന്‍യു വിദ്യാര്‍ത്ഥികളായ നടാഷ നര്‍വാള്‍, ദേവാംഗന കലിത, ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ സഫൂറ സര്‍ഗര്‍, മുന്‍ എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്‍ തുടങ്ങി നിരവധി പേര്‍ക്കെതിരെയും കേസെടുത്തിരുന്നു.