INDIA

'വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് കരുതുന്നു'; കെജ്‌രിവാളിന്റെ അറസ്റ്റിൽ ആശങ്ക രേഖപ്പെടുത്തി യുഎന്നും

എല്ലാവർക്കും സ്വതന്ത്രവും നീതിയുക്തവുമായ അന്തരീക്ഷത്തിൽ വോട്ടുചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും യുഎൻ

വെബ് ഡെസ്ക്

യുഎസിനും ജർമനിക്കും പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭയും. ഇന്ത്യയിൽ ജനങ്ങളുടെ രാഷ്ട്രീയ- പൗരാവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് കരുതുന്നുവെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ വക്താവ് പറഞ്ഞു.

കെജ് രിവാളിന്റെ അറസ്റ്റും ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതുമടക്കമുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു യുഎന്‍ വക്താവ്‌ സ്റ്റെഫാൻ ദുജാറിക്. എല്ലാവർക്കും സ്വതന്ത്രവും നീതിയുക്തവുമായ അന്തരീക്ഷത്തിൽ വോട്ട് ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കെജ്‌രിവാളിന്റെ അറസ്റ്റ് സാഹചര്യങ്ങൾ മുൻനിർത്തി വക്താവ് പറഞ്ഞു.

"ഇന്ത്യയിലും, തിരഞ്ഞെടുപ്പ് നടക്കുന്ന ഏതൊരു രാജ്യത്തെയും പോലെ, രാഷ്ട്രീയവും പൗരാവകാശങ്ങളും ഉൾപ്പെടെ എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ഞങ്ങൾ വളരെയധികം പ്രതീക്ഷിക്കുന്നു. കൂടാതെ എല്ലാവർക്കും സ്വതന്ത്രവും നീതിയുക്തവുമായ അന്തരീക്ഷത്തിൽ വോട്ടുചെയ്യാൻ കഴിയുമെന്നും,'' ഡുജാറിക് പറഞ്ഞു.

വിഷയത്തിൽ യുഎസും ജർമനിയും കഴിഞ്ഞ ദിവസങ്ങളിൽ സമാനമായി പ്രതികരിച്ചിരുന്നു. കെജ്‌രിവാളുമായി ബന്ധപ്പെട്ട് സാഹചര്യങ്ങൾ നിരീക്ഷിക്കുകയാണെന്നും അദ്ദേഹത്തിന് ന്യായവും സുതാര്യവും സമയബന്ധിതവുമായ നിയമനടപടിക്കായി ഇന്ത്യൻ അധികൃതരുമായി സംസാരിച്ചിട്ടുണ്ടെന്നുമാണ് യുഎസ് പ്രതികരിച്ചിരുന്നത്.

പ്രതികരണത്തെ വിമർശിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അതൃപ്തി അറിയിക്കാനായി യുഎസ് മുതിർന്ന നയതന്ത്രജ്ഞയെ വിളിച്ച് വരുത്തി ശക്തമായ എതിർപ്പും പ്രതിഷേധവും അറിയിച്ചു എന്നാൽ വിഷയത്തിലെ നിലപാട് വീണ്ടും അമേരിക്ക ആവർത്തിച്ചു.

ന്യായവും സുതാര്യവും സമയോചിതവുമായ നിയമനടപടികളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അമേരിക്കൻ വക്താവ് മാത്യു മില്ലർ വ്യക്തമാക്കി. ആരെങ്കിലും അതിനെ എതിർക്കുമെന്ന് കരുതുന്നില്ലെന്നും കെജ്‌രിവാളിൻ്റെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ പരാമർശത്തെയും വിദേശ കാര്യ മന്ത്രാലയം വിമർശിച്ചിട്ടുണ്ട്.

ആരോപണങ്ങൾ നേരിടുന്ന മറ്റേതൊരു ഇന്ത്യൻ പൗരനെയും പോലെ ആം ആദ്മി പാർട്ടി നേതാവിനും ന്യായവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അർഹതയുണ്ടെന്ന് ജർമനിയുടെ വിദേശകാര്യ ഓഫീസ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് വ്യക്തമാക്കിയിരുന്നു.

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും അടിസ്ഥാന ജനാധിപത്യ തത്വങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും ഈ കേസിൽ പ്രയോഗിക്കുമെന്ന് ഞങ്ങൾ അനുമാനിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നുവെന്നും ജർമൻ സർക്കാർ വക്താവ് ചൂണ്ടിക്കാട്ടി. എന്നാൽ വിദേശകാര്യ വക്താവിന്റെ പരാമർശം ആഭ്യന്തര കാര്യങ്ങളിലെ നഗ്നമായ ഇടപെടലാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ ജർമൻ പ്രതിനിധിയെ വിളിച്ചുവരുത്തിയിരുന്നു.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം