ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഐക്യരാഷ്ട്ര സഭ പ്രമേയത്തില്‍ ഇന്ത്യ ഒപ്പുവച്ചിരുന്നു. ഒക്ടോബര്‍ 27ന് മാനുഷിക ഇടപെടലിന് ആഹ്വാനം ചെയ്ത് യുഎന്‍ പാസാക്കിയ പ്രമേയത്തില്‍ നിന്ന് വിട്ടുനിന്ന ഇന്ത്യയുടെ മനം മാറ്റത്തിന് കാരണം എന്താണ്? ഇസ്രയേലിനോടും അമേരിക്കയോടും കൂടുതല്‍ അടുക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരുന്ന നരേന്ദ്ര മോദിയുടെ നയതന്ത്രത്തിൽ അപ്രതീക്ഷിത മാറ്റം സംഭവിച്ചോ?
193 അംഗങ്ങളില്‍ ഇന്ത്യയടക്കം 153 രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചു. അമേരിക്കയെ കൂടാതെ ഇസ്രയേലും ഓസ്ട്രേലിയയുമടക്കം 10 രാജ്യങ്ങള്‍ പ്രമേയത്തിനെതിരെ വോട്ട് ചെയ്തു. എന്നാല്‍ യുകെയും ജര്‍മനിയും ഉള്‍പ്പെടെ 23 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നത്തിയ ആക്രമണത്തില്‍ ഹമാസിന്റെ പേര് പ്രതിപാദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യ ഒക്ടോബര്‍ 27ലെ പ്രമേയത്തില്‍ നിന്ന് വിട്ടുനിന്നത്. ഇത്തവണയും ഹമാസിന്റെ പേര് യുഎന്‍ പ്രമേയത്തില്‍ പ്രതിപാദിച്ചിരുന്നില്ല. എന്നാല്‍. ഇത്തവണ, യുഎന്‍ പ്രമേയത്തിനൊപ്പം ഇന്ത്യ നിലകൊണ്ടു.
എന്തുകൊണ്ടാണ് ഇന്ത്യ ഇത്തവണ യുഎന്‍ പ്രമേയത്തെ പിന്തുണച്ചത് എന്നതിന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് കൃത്യമായ മറുപടി നല്‍കിയില്ല. എന്നാല്‍, കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 18,000ന് മുകളില്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍, പ്രശ്‌നപരിഹാരത്തിന് ഒരു പൊതു നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നും അതിനു അന്താരാഷ്ട്ര സമൂഹം തയ്യാറാകുന്നതില്‍ ഇന്ത്യ അഭിനന്ദിക്കുന്നെന്നും രുചിര കൂട്ടിച്ചേര്‍ത്തു.
യുഎന്‍ പ്രമേയത്തെ അനൂകൂലിക്കുമ്പോഴും ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണം പ്രതിപാദിക്കാത്തതിലെ വിയോജിപ്പ് രുചിര രേഖപ്പെടുത്തിയിട്ടുണ്ട്. ഗാസയിലെ മാനുഷിക പ്രതിസന്ധിയും വലിയ തോതിലുള്ള ജീവഹാനിയും പലസ്തീന്‍ പ്രശ്‌നത്തിന് ശാശ്വതമായ ഒരു 'ദ്വിരാഷ്ട്ര' പരിഹാരം കണ്ടെത്തേണ്ടതിന്റെ ആവശ്യകതയും ഇന്ത്യ മുന്നോട്ടുവച്ചു.
ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തില്‍ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തിക്കൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ പ്രതികരണം. ഇസ്രയേലില്‍ നടന്നത് ഭീകരാക്രമണം ആണെന്നും മോദി പറഞ്ഞിരുന്നു. മൂന്നുദിവസത്തിന് ശേഷം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ചതിന് ശേഷവും അദ്ദേഹം ഇതേ നിലപാട് ആവര്‍ത്തിച്ചു. ആ പ്രതികരണത്തില്‍ പക്ഷേ, ഗാസയിലെ അവസ്ഥയെ കുറിച്ച് മോദി ഒന്നും മിണ്ടിയില്ല.
അഞ്ചുദിവസത്തിന് ശേഷം ഇന്ത്യയുടെ ഔദ്യോഗിക നിലപാട് വന്നു. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍, 'സുരക്ഷിതവും അംഗീകൃതവുമായ അതിര്‍ത്തിക്കുള്ളിലെ പരമാധികാരവും സ്വാതന്ത്ര്യവുമുള്ള പലസ്തീന്‍' എന്ന നിലപാട് ഇന്ത്യ വ്യക്തമാക്കി. പലസ്തീന്‍ പ്രധാനമന്ത്രിയുമായി നരേന്ദ്ര മോദി ആശയവിനിമയം നടത്തി. പിന്നാലെ, ഗാസയിലേക്ക് മാനുഷിക സഹായങ്ങളും അയച്ചു.
യുഎന്‍ പ്രമേത്തെ എതിര്‍ത്ത അമേരിക്കയ്ക്കും ഇസ്രയേലിനും ഒപ്പമോ, വിട്ടുനില്‍ക്കുന്നവരുടെ കൂട്ടത്തിലോ ആകും ഇന്ത്യയുടെ സ്ഥാനം എന്നായിരുന്നു പ്രമേയത്തിന് തൊട്ടുമുന്‍പുവരെ രാഷ്ട്രീയ നിരീക്ഷികര്‍ വിലയിരുത്തിയിരുന്നത്. എന്നാല്‍, ഇന്ത്യ മാത്രമല്ല, മറ്റു രാജ്യങ്ങളും നിലപാടില്‍ മാറ്റം വരുത്തി. ഒക്ടോബര്‍ 27ലെ പ്രമേയത്തെ എതിര്‍ത്ത് ഇസ്രയേലിനൊപ്പം നിന്ന 33 രാജ്യങ്ങളാണ് ഇത്തവണ പ്രമേയത്തെ പിന്തുച്ചത്. അമേരിക്ക ഒറ്റപ്പെടുന്ന സ്ഥിതിയുണ്ടായി. ഇസ്രയേലിനെ പിന്തുണയ്ക്കുമ്പോഴും, അമേരിക്കന്‍ നിലപാടിലും വ്യതിയാനം വ്യക്തമാണ്. വിവേചനരഹിതമായ ബോംബാക്രമണം കാരണം ഇസ്രയേലിന് പിന്തുണ കുറയുന്നുണ്ട് എന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞിരുന്നു. ഇസ്രയേലിനെ അന്ധമായി പിന്തുണയ്ക്കുന്നതില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ നിന്നും ബൈഡന് എതിപ്പ് ഉയര്‍ന്നിരുന്നു.
ഇസ്രയേലുമായി അടുത്തുനില്‍ക്കുന്ന സമീപനമാണ് 2014ല്‍ മോദി അധികാരത്തില്‍ ഏറിയത് മുതല്‍ ഇന്ത്യ സ്വീകരിച്ചുവരുന്നത്. എന്നാല്‍ കാലങ്ങളായി തുടര്‍ന്നുവരുന്ന നയതന്ത്ര സമീപനങ്ങളില്‍ നിന്ന് ഒറ്റയടിക്ക് പൂര്‍ണമായും പിന്നോട്ടുപോകാന്‍ മോദിക്കാകില്ലെന്ന വാദത്തിന് അപ്പുറത്ത്, മാറിവരുന്ന ജിയോപൊളിറ്റിക്‌സിലെ സാധ്യതകള്‍ ഇല്ലാതാക്കാന്‍ ഇന്ത്യ തയ്യാറല്ല. അറബ് രാജ്യങ്ങളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന ഇന്ത്യ, യുഎഇ അടക്കമുള്ള രാജ്യങ്ങളുമായി കൂടുതല്‍ സഹകരണം ലക്ഷ്യമിടുന്നുണ്ട്.
ഇന്ത്യ-ഇസ്രയേല്‍-യുഎസ്-യുഎഇ ഗ്രൂപ്പിങ് ലക്ഷ്യസ്ഥാനത്ത് എത്തണമെങ്കില്‍ ഇസ്രയേലിനെ മാത്രം പിന്തുണച്ചതുകൊണ്ട് കാര്യമില്ലെന്ന് ഇന്ത്യ കണക്കുകൂട്ടുന്നുണ്ടാകാം. ഇസ്രയേല്‍ തുറമുഖമായ ഹൈഫ കേന്ദ്രീകരിച്ച് ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിക്കു വേണ്ടിയുള്ള ശ്രമങ്ങള്‍ യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ ഇസ്രയേലിനേയും പിണക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണ് ഒക്ടോബര്‍ ഏഴ് ആക്രമണത്തില്‍ ഹമാസിന്റെ പേര് പരാമര്‍ശിച്ചിട്ടില്ലെന്ന് യുഎന്‍ പ്രമേയത്തെ പിന്തുണയ്ക്കുമ്പോഴും ഇന്ത്യ വ്യക്തമാക്കിയത്.
ഇന്ത്യ-യുഎഇ-സൗദി അറേബ്യ-ജോര്‍ദാന്‍-ഇസ്രയേല്‍-ഗ്രീസ് എന്നീ രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴിയാണ് പദ്ധതിയാണ് ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് എക്കോണമിക് കോറിഡോര്‍ പദ്ധതികൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യ അധ്യക്ഷത വഹിച്ച ജി 20 ഉച്ചകോടിയില്‍ വെച്ച് ഇന്ത്യ,യുഎസ്, യുഎഇ, സൗദി, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, യൂറോപ്യന്‍ യൂണിയന്‍ എന്നിവര്‍ കോറിഡോറിന്റെ ചര്‍ച്ചകള്‍ ആരംഭിക്കാനായി ധാരണപത്രത്തില്‍ ഒപ്പുവച്ചിരുന്നു.
റെയില്‍- സമുദ്ര മാര്‍ഗങ്ങളിലൂടെ ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കാര്യക്ഷമമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിക്ക് ബദല്‍ മാര്‍ഗമായാണ് ഈ നീക്കം. ഈ പദ്ധതി നടപ്പിലാക്കണമെങ്കില്‍ അറബ് രാജ്യങ്ങളുടേയും ഇസ്രയേലിന്റെയും സഹകരണം ആവശ്യമാണ്. ചൈനയുടെ മിഡില്‍ ഈസ്റ്റ് ഇടപെടലുകളില്‍ ഇന്ത്യയും അമേരിക്കയും ജാഗ്രത പാലിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇസ്രയേലിനേയും അറബ് രാജ്യങ്ങളേയും പിണക്കാന്‍ ഇന്ത്യ താത്പര്യപ്പെടുന്നില്ലെന്നും അതിനാലാണ്, ഒരു വിഷയത്തിലുള്ള രണ്ട് പ്രമേയങ്ങളില്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചതെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.