ഇന്ത്യയിലെ ജനസംഖ്യയുടെ 74 ശതമാനത്തിലധികം പേർക്കും ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കാനാകുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭയുടെ (യുഎന്‍) ഫൂഡ് ആന്‍ഡ് അഗ്രികള്‍ച്ചർ ഓർഗനൈസേഷന്‍ (എഫ്എഒ) റിപ്പോർട്ട്. 2021-ലെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്ന്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ പട്ടികയില്‍ അല്‍പം നിലമെച്ചപ്പെടുത്തിയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2020-ല്‍ ഇത് 76.2 ശതമാനമായിരുന്നു. അയല്‍രാജ്യങ്ങളായ പാകിസ്താനില്‍ 82.2 ശതമാനം ആളുകള്‍ക്കും ബംഗ്ലാദേശില്‍ 66.1 ശതമാനം പേർക്കും ആരോഗ്യകരമായ ഭക്ഷണം താങ്ങാനാകുന്നതല്ലെന്നും റിപ്പോർട്ട് പറയുന്നു.
ഇന്ത്യയിലെ ജനസംഖ്യയുടെ 16 ശതമാനത്തിനും മതിയായ ഭക്ഷണം ലഭിക്കുന്നില്ല. അഞ്ച് വയസില്‍ താഴെയുള്ള 31.7 ശതമാനം കുട്ടികള്‍ക്കും മതിയായ വളർച്ചയുണ്ടാകുന്നില്ല
വരുമാനത്തിലുണ്ടാകുന്ന ഇടിവും ഭക്ഷ്യോത്പന്നങ്ങളുടെ വിലവർധനവും കൂടുതല്‍ പേർക്ക് ആരോഗ്യകരമായ ഭക്ഷണം വാങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലേക്ക് നയിക്കുമെന്നും Regional Overview of Food Security and Nutrition 2023: Statistics and Trends എന്ന തലക്കെട്ടില്‍ തയാറാക്കിയ റിപ്പോർട്ടില്‍ പറയുന്നു.
കോവിഡ് മഹാമാരി മൂലമുണ്ടായ ബുദ്ധിമുട്ടുകളും ഭക്ഷണം, പോഷകം, ഇന്ധനം, വളം, സാമ്പത്തികം എന്നിവയുടെ അഭാവവും മൂലമുണ്ടായ പ്രതിസന്ധി ഏഷ്യ പസഫിക് മേഖലയില്‍ ഇന്നും തുടരുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഗോളതലത്തില്‍ മതിയായ ഭക്ഷണത്തിന്റെ കുറവ് അനുഭവിക്കുന്നവരില്‍ 50 ശതമാനവും (370.7 മില്യണ്‍) പ്രസ്തുത മേഖലയിലാണ്. ഭക്ഷ്യസുരക്ഷയിലും മേഖലയില്‍ പ്രതിസന്ധിയുണ്ട്. പുരഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.
ഇന്ത്യയിലെ ജനസംഖ്യയുടെ 16 ശതമാനത്തിനും മതിയായ ഭക്ഷണം ലഭിക്കുന്നില്ല. അഞ്ച് വയസില്‍ താഴെയുള്ള 31.7 ശതമാനം കുട്ടികള്‍ക്കും മതിയായ വളർച്ചയുണ്ടാകുന്നില്ല. അമ്മയുടെ ആരോഗ്യം, പോഷണത്തിന്റെ കുറവ്, കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്ന രീതി, അണുബാധ തുടങ്ങിയ കാരണങ്ങള്‍ കുട്ടികളുടെ വളർച്ചയെ ബാധിക്കുന്നതായും റിപ്പോർട്ടില്‍ പറയുന്നു. അഞ്ച് വയസില്‍ താഴെയുള്ള 18.7 ശതമാനം കുട്ടികള്‍ക്കും ഉയരത്തിനനുസരിച്ച് ആവശ്യമായ ശരീരഭാരം ഇല്ല എന്നതാണ്. 2.8 ശതമാനം കുട്ടികള്‍ക്ക് അമിതഭാരവുമുണ്ട്.
15-49 വയസിനിടയില്‍ പ്രായമുള്ള സ്ത്രീകളില്‍ 53 ശതമാനം പേരും രക്തക്കുറവ് മൂലമുണ്ടാകുന്ന വിളർച്ചയുടെ പ്രശ്നം നേരിടുന്നുണ്ട്. രാജ്യത്തെ യുവാക്കളില്‍ 1.6 ശതമാനം പേർക്കും അമിതഭാരമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.