INDIA

ആംബുലൻസിന് നൽകാൻ പണമില്ല; ബംഗാളിൽ മകന്റെ മൃതദേഹം ബാഗിലാക്കി അച്ഛൻ സഞ്ചരിച്ചത് 200 കിലോമീറ്റർ

മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് ഡ്രൈവർമാർ 8,000 രൂപ ആവശ്യപ്പെടുകയായിരുന്നുവെന്ന് അസിം

വെബ് ഡെസ്ക്

ആംബുലൻസ് ഡ്രൈവർമാർ ആവശ്യപ്പെട്ട ഫീസ് താങ്ങാൻ കഴിയാത്തത് കൊണ്ട് മകന്റെ മൃതദേഹം ബാഗിലാക്കി ഒരച്ഛന് യാത്രചെയ്യേണ്ടി വന്നത് 200 കിലോമീറ്ററോളം. പശ്ചിമബംഗാളിലെ മുസ്‌തഫനഗർ ഗ്രാമപഞ്ചായത്തിലെ ഡംഗിപാറയിലാണ് സംഭവം. അന്യസംസ്ഥാന തൊഴിലാളിയായ അസിം ദേവശർമയുടെ ഇരട്ടകുട്ടികളിൽ ഒരാളാണ് മരിച്ചത്.

കുട്ടികളെ ആദ്യം കലിയഗഞ്ച് ജനറൽ ആശുപത്രിയിലും പിന്നീട് റായ്ഗഞ്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് നില ഗുരുതരമായതോടെ നോർത്ത് ബംഗാൾ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ ഒരു കുട്ടിയുമായി അസിമിന്റെ ഭാര്യ വ്യാഴാഴ്ച വീട്ടിലേക്ക് മടങ്ങി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മറ്റൊരു കുട്ടി ശനിയാഴ്ച രാത്രി മരിച്ചു. തുട‍ർന്ന് മകന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാൻ ആംബുലൻസിനായി നോർത്ത് ബംഗാൾ മെഡിക്കൽ കോളേജ് ആശുപത്രിയെ സമീപിച്ചു. എന്നാൽ, മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് ഡ്രൈവർമാർ 8,000 രൂപ ആവശ്യപ്പെടുകയായിരുന്നുവെന്ന് അസിം പറഞ്ഞു.

മറ്റ് വഴികളൊന്നുമില്ലാതെ, ബംഗാളിലെ സിലിഗുരിയിൽ നിന്ന് ബസിൽ കയറി കാളിയാഗഞ്ചിലെത്തി. തുട‍ർന്ന് കാളിയാഗഞ്ചിൽ നിന്ന് ആംബുലൻസ് തരപ്പെടുത്തി വീട്ടിലെത്തുകയായിരുന്നു. തന്റെ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സയ്ക്കായി സിലിഗുരിയിലെ നോർത്ത് ബംഗാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ 16,000 രൂപ ചെലവായതായും അസിം പറഞ്ഞു. രോഗികൾക്ക് ആംബുലൻസ് സൗജന്യമാണെന്നും മൃതദേഹം കൊണ്ടുപോകാൻ ഫീസ് വേണമെന്നും ആംബുലൻസ് ഡ്രൈവ‍ർമാർ ആവശ്യപ്പെടുകയുമായിരുന്നുവെന്നും അസിം കൂട്ടിച്ചേ‍ർത്തു.

''ആംബുലൻസ് ഡ്രൈവർ ആവശ്യപ്പെട്ട 8,000 രൂപ നൽകാൻ എന്റെ കയ്യിൽ പണമില്ലായിരുന്നു. അതിനാൽ ഞാൻ സിലിഗുരിയിൽ നിന്ന് ബസിൽ കയറി റായ്ഗഞ്ചിൽ ഇറങ്ങി ബസ് മാറികയറുകയായിരുന്നു''- അസിം പറഞ്ഞു. സിലിഗുരിയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ഉത്തർ ദിനാജ്പൂർ ജില്ലയിലെ കാളിയാഗഞ്ചിലേക്ക് ആരെയും അറിയിക്കാതെ ബസിൽ യാത്ര ചെയ്യുകയായിരുന്നുവെന്നും സഹയാത്രികർ അറിഞ്ഞാൽ തന്നെ ഇറക്കിവിടുമോ എന്ന് ഭയന്നിരുന്നുവെന്നും അസിം പറയുന്നു.

സംഭവം പുറത്തറിഞ്ഞതോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വിവിധ രാഷ്ട്രീയ നേതാക്കളടക്കം രംഗത്തെത്തി. പശ്ചിമ ബംഗാളിലെ ആരോഗ്യ സേവനങ്ങളുടെ ശോച്യാവസ്ഥയ്ക്ക് കാരണം തൃണമൂൽ സർക്കാരാണെന്ന് ബിജെപി ആരോപിച്ചു. പശ്ചിമ ബംഗാളിലെ ആരോഗ്യകേന്ദ്രത്തിന്റെ അവസ്ഥ ഇതാണെന്നും എല്ലാ ജില്ലകളിലും ഇതാണ് യാഥാർഥ്യമെന്നും പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ സുകാന്ത മജുംദർ ആരോപിച്ചു. തൃണമൂൽ സർക്കാർ ആരോഗ്യ മേഖലയിൽ നടപ്പാക്കിയ സ്വാസ്ഥ്യ സാധി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ കാര്യക്ഷമതയെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി വിമർശിച്ചു.

''നമുക്ക് സാങ്കേതികതയിലേക്ക് കടക്കേണ്ട, എന്നാൽ സ്വാസ്ഥ്യ സതി നേടിയത് ഇതാണോ? നിർഭാഗ്യവശാൽ ഇതാണ് 'എഗിയേ ബംഗ്ലാ' (വികസിത ബംഗാൾ) മോഡലിന്റെ യഥാർഥ്യം''- സുവേന്ദു അധികാരി ട്വിറ്ററിൽ കുറിച്ചു. അതേസമയം, കുട്ടിയുടെ മരണത്തിൽ ബിജെപി അനാവശ്യ രാഷ്‌ട്രീയം കളിക്കുകയാമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ശന്തനു സെൻ പ്രതികരിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ