INDIA

ജനപ്രതിനിധികളായി തിരഞ്ഞെടുക്കേണ്ടത് വിദ്യാസമ്പന്നരെയെന്ന് വിദ്യാർഥികളോട് അധ്യാപകന്‍; പുറത്താക്കി അൺ അക്കാഡമി

സ്ഥാപനത്തിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാലാണ് കമ്പനിയിൽ നിന്ന് പുറത്താക്കിയതെന്ന് അൺ അക്കാഡമി

വെബ് ഡെസ്ക്

വിദ്യാസമ്പന്നർക്കായിരിക്കണം വോട്ട് ചെയ്യേണ്ടതെന്ന് വിദ്യാർഥികളോട് പറഞ്ഞതിന് വിവാദത്തിലായ അധ്യാപകനെ പുറത്താക്കി എഡ്ടെക് പ്ലാറ്റ്ഫോമായ അൺ അക്കാഡമി. പേരുകൾ മാറ്റാൻ മാത്രം അറിയുന്നവർക്ക് വോട്ട് ചെയ്യാതെ, വിദ്യാസമ്പന്നരായവരെ തിരഞ്ഞെടുക്കണമെന്ന് വിദ്യാർഥികളോട് പറഞ്ഞ കരൺ സാങ്‌വാന്‍ എന്ന അധ്യാപകനെയാണ് അൺ അക്കാഡമി പുറത്താക്കിയത്. അധ്യാപകന്റെ പ്രസ്താവന വിവാദമായതിനെ പിന്നാലെയായിരുന്നു നടപടി.

കരൺ സ്ഥാപനത്തിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാലാണ് കമ്പനിയിൽ നിന്ന് പുറത്താക്കിയതെന്ന് അൺ അക്കാഡമി സഹസ്ഥാപകൻ റോമൻ സൈനി അറിയിച്ചു. വീഡിയോയും പിരിച്ചുവിടല്‍ നടപടിയും വൈറലായതിന് പിന്നാലെ രാഷ്ട്രീയനേതാക്കളുൾപ്പെടെ വിഷയം ഏറ്റെടുത്തിരിക്കുകയാണ്.

ഐപിസി, സിആർപിസി തുടങ്ങിയവയുടെ പേരുമാറ്റുന്നത് സംബന്ധിച്ച് ബിജെപി ലോക്സഭയിൽ കൊണ്ടുവന്ന ബില്ലുകളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് കരൺ വിവാദ പരാമർശം നടത്തിയത്

ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ പ്രതിജ്ഞാബദ്ധമായ ഒരു വിദ്യാഭ്യാസ പ്ലാറ്റ്ഫോമാണ് അൺ അക്കാഡമി എന്ന് റോമൻ സൈനി എക്സിൽ പോസ്റ്റ് ചെയ്തു. വ്യക്തിപരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പങ്കിടാനുള്ള സ്ഥലമല്ല ക്ലാസ് റൂമെന്നും അവ തെറ്റായി വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അൺ അക്കാഡമി വിശദീകരിക്കുന്നു.

വിവാദവുമായി ബന്ധപ്പെട്ട് തനിക്ക് പറയാനുള്ള വിശദീകരണം ഓഗസ്റ്റ് 19ന് സ്വന്തം യൂട്യൂബ് ചാനലിൽ പങ്കിടുമെന്ന് സാങ്വാന്‍ പ്രഖ്യാപിച്ചു. ഇത്തരം അനാവശ്യ വിവാദങ്ങൾ, ജുഡീഷ്യൽ സർവീസ് പരീക്ഷകൾക്ക് തയാറെടുക്കുന്ന തന്റെ വിദ്യാർഥികൾക്ക് വളരെയേറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടെന്നും കരൺ പറഞ്ഞു.

കരണിനെ പുറത്താക്കിയതിൽ അതിശയം തോന്നുന്നുവെന്നും ജനപ്രതിനിധികൾ വിദ്യാസമ്പന്നരായിരിക്കണമെന്ന് ജനങ്ങളോട് നിർദേശിക്കുന്നതിൽ എന്താണ് തെറ്റെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ചോദിച്ചു

ഐപിസി, സിആർപിസി, ഇന്ത്യന്‍ എവിഡന്റ് ആക്ട് എന്നിവയുടെ പേരുമാറ്റുന്നത് സംബന്ധിച്ച് ബിജെപി ലോക്സഭയിൽ കൊണ്ടുവന്ന ബില്ലുകളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് കരൺ വിവാദ പരാമർശം നടത്തിയത്. പേരുകൾ മാറ്റാൻ മാത്രം അറിയുന്ന ഒരാളെയും തിരഞ്ഞെടുക്കരുതെന്നും വിദ്യാസമ്പന്നരെ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം വിദ്യാർഥികളോട് പറഞ്ഞു. പേരുകളൊന്നും പരാമർശിച്ചിരുന്നില്ലെങ്കിലും ഇത് ബിജെപിയ്ക്ക് എതിരെയുള്ള ഒളിയമ്പായാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. അണ്‍ അക്കാഡമി 'ആന്റി മോദി അജണ്ട' പ്രചരിപ്പിക്കുന്നു എന്നും ഒരു വിഭാഗം വിമർശിക്കുകയുണ്ടായി.

കരണിനെ പുറത്താക്കിയതിൽ അതിശയം തോന്നുന്നുവെന്നും ജനപ്രതിനിധികൾ വിദ്യാസമ്പന്നരായിരിക്കണമെന്ന് ജനങ്ങളോട് നിർദേശിക്കുന്നതിൽ എന്താണ് തെറ്റെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ചോദിച്ചു. "ജനപ്രതിനിധികൾ നിരക്ഷരരാകാൻ പാടില്ല. ഇത് ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും യുഗമാണ്. നിരക്ഷരരായ ജനപ്രതിനിധികൾക്ക് ഒരിക്കലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആധുനിക ഇന്ത്യ കെട്ടിപ്പടുക്കാൻ കഴിയില്ല," കെജ്‍രിവാള്‍ എക്സിൽ കുറിച്ചു.

വിവാദത്തിന് പിന്നാലെ നോട്ട് അസാധുവാക്കൽ അഴിമതിക്കാർക്കെതിരായ സർജിക്കൽ സ്ട്രൈക്കാണെന്നുള്ള സൈനിയുടെ പഴയ ട്വീറ്റുകളുടെ സ്ക്രീൻ ഷോട്ടുകള്‍ കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് എക്സില്‍ പോസ്റ്റ് ചെയ്തു.

"സമ്മർദ്ദങ്ങള്‍ക്കും ഭീഷണികള്‍ക്കും മുന്‍പില്‍ വഴങ്ങുന്നവർക്ക് ഈ ലോകത്തെ നേരിടാനും പ്രതിബന്ധങ്ങളെ തരണംചെയ്യാൻ നോക്കുന്ന പൗരന്മാരെ പരിപോഷിപ്പിക്കാനുമാകില്ല. അത്തരം നട്ടെല്ലില്ലാത്തവരും ദുർബലരുമായ ആളുകൾ വിദ്യാഭ്യാസ സംബന്ധമായ ഒരു പ്ലാറ്റ്ഫോം നടത്തുന്നത് കാണുന്നത് സങ്കടകരമാണ്'' - അവർ പറഞ്ഞു.

ഷിംലയിലെ ദേശീയ നിയമ സർവകലാശാലയില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ കരണ്‍, ഹിസാറിലെ സിആർ ലോ കോളേജിൽ ഒരുവർഷത്തോളം ജോലി ചെയ്തിരുന്നു. ക്രിമിനൽ നിയമത്തിൽ എൽഎൽഎം പാസായ അദ്ദേഹം, 2020 ഫെബ്രുവരി മുതൽ അൺ അക്കാഡമിയിൽ അധ്യാപകനായി ജോലിചെയ്യുകയായിരുന്നു. പ്ലാറ്റ്ഫോമിൽ അദ്ദേഹത്തിന് പതിനാലായിരത്തോളം ഫോളോവേഴ്സ് ഉണ്ട്. അദ്ദേഹം സ്വന്തമായി തുടങ്ങിയ യൂട്യൂബ് ചാനലിൽ 45,000ത്തിൽ അധികം സബ്സ്ക്രൈബേഴ്സുമുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ