വിചാരണ തടവുകാരായി കാലങ്ങളായി കഴിയുന്നവർക്ക് നിർബന്ധമായും ജാമ്യം അനുവദിക്കണം എന്ന് ബോംബെ ഹൈക്കോടതി. ഇരട്ടക്കൊലപാതകക്കുറ്റം ചുമത്തപ്പെട്ട ആകാശ് ചാണ്ഡലിയയ്ക്ക് ജാമ്യമനുവദിച്ചുകൊണ്ട് ജസ്റ്റിസ് ഭാരതി ഡാംഗ്രെയാണ് ഈ നിരീക്ഷണം നടത്തിയത്. '' ഒരുപാട് കാലമായി ജയിലിൽ കഴിയുന്നവർ, അവരിനി എത്ര ഗൗരവതരമായ കുറ്റകൃത്യം ചെയ്തവരാണെങ്കിലും അവർക്ക് ജാമ്യം അനുവദിക്കണം''- എന്നാണ് കോടതിയുടെ നിരീക്ഷണം.
''ഒരു വ്യക്തിക്ക് വേഗത്തിലുള്ള വിചാരണ ഉറപ്പുവരുത്താതെ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം തടവിൽ കഴിയുന്ന ആളുടെ വ്യക്തി സ്വാതന്ത്ര്യം ഉറപ്പു വരുത്താൻ സാധിക്കില്ല. അതുകൊണ്ടു തന്നെ അയാൾ ചെയ്ത കുറ്റം എത്ര ഗൗരവമുള്ളതാണെങ്കിലും ഒരുപാട് കാലം ജയിലിൽ കഴിയുകയാണെങ്കിൽ ജാമ്യം അനുവദിക്കണം''- ജസ്റ്റിസ് ഭാരതി ഡാംഗ്രെ പറഞ്ഞു
കിസൻ പർദേശി എന്ന ഗുണ്ടാ തലവന്റെ കേസുമായി ബന്ധപ്പെട്ടാണ് ഈ കോടതി ജാമ്യാപേക്ഷ പരിഗണിച്ചത്. പർദേശിയും ചാണ്ഡലിയയും ചേർന്ന് 2015 ൽ രണ്ടുപേരെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കൊന്നു എന്നാണ് കേസ്. കൂട്ടുപ്രതികളായ വികാസ് ഗയ്‌ക്ക്‌വാദ്, യാസ്മിൻ സയ്യദ് എന്നിവർക്ക് നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു എന്ന കാര്യവും ചാണ്ഡലിയ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു.