വിദ്യാർത്ഥികളെ ക്രിസ്ത്യൻ പ്രാർത്ഥന ചൊല്ലാൻ നിർബന്ധിച്ചുവെന്നാരോപിച്ച് മഹാരാഷ്ട്രയിലെ പൂനെയിൽ സ്കൂൾ പ്രിൻസിപ്പാളിനെ ക്രൂരമായി മർദിച്ച് ഹിന്ദുത്വ സംഘടന. ബജ്രങ്ദൾ സംഘമാണ് അധ്യാപകനെ വളഞ്ഞിട്ട് തല്ലിയത്. തലെഗട് ദബാഡെയിലെ ഡി വൈ പാട്ടീല്‍ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പാൾ അലക്‌സാണ്ടര്‍ കോടെസ് റീഡ് ആണ് ആക്രമിക്കപ്പെട്ടത്. സ്കൂളിൽ പ്രഭാത അസംബ്ലിക്കിടെ ക്രിസ്ത്യൻ പ്രാർത്ഥന ചൊല്ലാൻ വിദ്യാർത്ഥികളെ നിർബന്ധിച്ചുവെന്നും പെൺകുട്ടികളുടെ ശുചിമുറി പരിസരത്ത് സിസിടിവി ക്യാമറകൾ സ്ഥാപിച്ചതിനുമാണ് പ്രിൻസിപ്പാളിനെ തല്ലിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവം അപമാനകരമാണെന്ന് ശശി തരൂർ എം പി പ്രതികരിച്ചു. മാന്യരായ ഒരു ഹിന്ദുവും ഇതുപോലെ പെരുമാറില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂൾ ജീവനക്കാരിൽ ചിലർ പകർത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതുവരെ അക്രമികൾക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. നൂറോളം പേരടങ്ങുന്ന സംഘം സ്കൂളിലേക്ക് ഇരച്ചുകയറിയാണ് ആക്രമണം നടത്തിയത്. ഹര്‍ ഹര്‍ മഹാദേവ് എന്ന് വിളിച്ചുകൊണ്ട് ഒരു കൂട്ടം ആളുകള്‍ അലക്‌സാണ്ടറെ പിന്തുടരുന്നത് വീഡിയോയില്‍ കാണാം. പ്രിന്‍സിപ്പാളിന്റെ വസ്ത്രങ്ങൾ കീറിപ്പറഞ്ഞ നിലയിലാണ്. അലക്‌സാണ്ടറെ പിന്തുടർന്ന അക്രമികൾ സ്‌കൂളിന്റെ ബാത്‌റൂമിന്റെ ഭാഗത്തുവച്ച് അദ്ദേഹത്തെ മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സ്‌കൂളിലെ ചില വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും ഹിന്ദുത്വ സംഘടനയിലെ ആളുകളും ചേര്‍ന്നാണ് പ്രിന്‍സിപ്പാളിനെ ആക്രമിച്ചതെന്ന് എസ് ഐ രഞ്ജിത് സാവന്ത് പറഞ്ഞു. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും സാവന്ത് കൂട്ടിച്ചേർത്തു.
ക്രിസ്ത്യൻ മതത്തിൽപെട്ടയാളാണ് എന്നതുകൊണ്ടാണ് പ്രിൻസിപ്പാൾ ആക്രമിക്കപ്പെട്ടതെന്ന് വ്യക്തമാണ്. പോലീസിൽ നൽകിയ പരാതിയിൽ പറയുന്നതുപോലെ മതപരിവർത്തനത്തിനോ പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയോ ചെയ്‌തുവെന്ന ആരോപണത്തിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകളൊന്നുമില്ലഎസ് ഐ രഞ്ജിത് സാവന്ത്
സ്‌കൂൾ ടോയ്‌ലറ്റിന് പുറത്തുള്ള പാസേജിൽ സിസിടിവി ക്യാമറ സ്ഥാപിച്ചതിനെതിരെ പരാതിയുമായി സംഘം സ്‌കൂളിനെ സമീപിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. ''ഇത് മാതാപിതാക്കളും ഹിന്ദുത്വ പ്രവർത്തകരും ചേർന്ന് വളച്ചൊടിച്ചു. ടോയ്‌ലറ്റിനുള്ളിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അവർ ആരോപിച്ചു. അത് സത്യമല്ല''- എസ് ഐ രഞ്ജിത് സാവന്ത് പറഞ്ഞു. ക്യാമറകൾക്കെതിരെ രക്ഷിതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് സ്‌കൂൾ മാനേജ്‌മെന്റ് ഉടൻ തന്നെ ക്യാമറകൾ നീക്കം ചെയ്യാനും തയ്യാറായി. എന്നാൽ, പിന്നീട് സ്‌കൂൾ കലണ്ടറിൽ പറഞ്ഞിരിക്കുന്ന പ്രാർത്ഥനയെച്ചൊല്ലിയും സംഘം പ്രശ്‌നങ്ങൾ ഉന്നയിച്ചു. എന്നാല്‍ ഈ പ്രാര്‍ത്ഥനയില്‍ ഏതെങ്കിലും പ്രത്യേക മതത്തെക്കുറിച്ച് പരാമർശമില്ലെന്നും പോലീസ് വ്യക്തമാക്കി. 'പ്രിയപ്പെട്ട ദൈവമേ' എന്ന് തുടങ്ങുന്ന ഒരു സാധാരണ പ്രാര്‍ത്ഥന ഗാനമാണ് അതെന്ന് രഞ്ജിത് സാവന്ത് പറയുന്നു. മതംമാറ്റത്തെ സൂചിപ്പിക്കുന്നതോ ബൈബിളില്‍ നിന്നുളളതോ ആയ യാതൊന്നും പ്രാര്‍ത്ഥനയില്‍ ഇല്ലെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ പ്രിൻസിപ്പാളോ സ്‌കൂൾ മാനേജ്‌മെന്റോ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടില്ലെന്നും എസ്ഐ പറഞ്ഞു. ആക്രമണത്തിന് ശേഷം മാതാപിതാക്കളും ബജ്‌റംഗ്ദൾ പ്രവർത്തകരും പരാതിയുമായി പോലീസ് സ്‌റ്റേനിലെത്തിയതായി എസ്ഐ അറിയിച്ചു. എല്ലാ ദിവസവും കുട്ടികളെക്കൊണ്ട് ക്രിസ്ത്യൻ പ്രാർത്ഥനാഗീതങ്ങൾ ചൊല്ലിപ്പിക്കുന്നുവെന്നാണ് ഇവർ ആരോപിക്കുന്നത്. ഹിന്ദു ആഘോഷത്തിന് വിദ്യാർഥികൾക്ക് അവധി നൽകിയില്ലെന്നും പ്രിൻസിപ്പാളിനെതിരെ പരാതിയുണ്ട്. ''അവരുടെ പരാതിയിൽ ഞങ്ങൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. സ്‌കൂൾ സന്ദർശിച്ച് തെളിവുകൾ പരിശോധിച്ചപ്പോൾ, ക്രിസ്ത്യൻ മതത്തിൽപെട്ടയാളാണ് എന്നതുകൊണ്ടാണ് പ്രിൻസിപ്പാൾ ആക്രമിക്കപ്പെട്ടതെന്ന് വ്യക്തമാണ്. പോലീസിൽ നൽകിയ പരാതിയിൽ പറയുന്നതുപോലെ മതപരിവർത്തനത്തിനോ പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയോ ചെയ്‌തുവെന്ന ആരോപണത്തിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകളൊന്നുമില്ല''-എസ്ഐ പറഞ്ഞു. പ്രിൻസിപ്പലിനെ ആക്രമിച്ചവർക്കെതിരെ കരുതൽ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.