ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ പ്രധാനമന്ത്രിക്ക് മറുപടിയുമായി ഡിഎംകെ. ഏകീകൃത സിവില്‍ കോഡ് സംഘപരിവാര്‍ അജണ്ടയല്ലെങ്കില്‍ ഏകീകൃത സിവിൽ കോഡ് ആദ്യം കൊണ്ടുവരേണ്ടത് ഹിന്ദു മതത്തിലാണ് ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവന്‍ പ്രതികരിച്ചു. ഹിന്ദുക്കൾക്കും ആ നിയമം ബാധകമാക്കണം. കൂടാതെ, പട്ടികജാതി-പട്ടികവർഗ വിഭാഗം എന്നീ വിവേചന മില്ലാതെ എല്ലാ ജാതിയില്‍ പെട്ടവരേയും ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കണമെന്നും ടികെഎസ് ഇളങ്കോവൻ ആവശ്യപ്പെട്ടു.
ഭരണഘടന അനുവദിച്ചതുകൊണ്ട് മാത്രം കേന്ദ്രസര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ട ആവശ്യമില്ലെന്നും ടികെഎസ് ഇളങ്കോവൻ കൂട്ടിച്ചേര്‍ത്തു. ഏകീകൃത സിവില്‍ കോഡ്എന്ന ആശയം ഭരണഘടന വിഭാവനം ചെയ്തതാണെന്നും അത് നടപ്പാക്കേണ്ടത് അനിവാര്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സ്റ്റാലിന്റെ പാര്‍ട്ടി പ്രതികരണവുമായി രംഗത്തെത്തിയത്.
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്നു സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ടെന്നു വ്യക്തമാക്കിയ മോദി മുസ്ലീം ജനവിഭാഗങ്ങളെ പ്രകോപിപ്പിക്കാനും തെറ്റിധരിപ്പിക്കാനും സിവില്‍കോഡ് ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ചിരുന്നു. മുത്തലാക്കിനെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി മുത്തലാഖിനെ അനുകൂലിക്കുന്നവര്‍ സ്ത്രീകളോട് കാണിക്കുന്നത് അനീതിയാണെന്നും, മുസ്ലീം ആധിപത്യമുള്ള പല രാജ്യങ്ങളും ഇതിനോടകം മുത്തലാഖ് നിരോധിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.
ഒരു വീട്ടിലെ അംഗങ്ങള്‍ക്ക് വ്യത്യസ്ത നിയമങ്ങള്‍ ഉണ്ടാകുന്നത് എത്രത്തോളം ബുദ്ധിമുട്ടാകുമോ അത്രത്തോളം തന്നെ പ്രയാസമാണ് രാജ്യത്ത് രണ്ടു നിയമങ്ങള്‍ ഉണ്ടായാലെന്നും പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു. അതില്‍, രണ്ടു നിയമങ്ങള്‍ വച്ച് രാജ്യത്തിന് പ്രവര്‍ത്തിക്കാനാകില്ല. തുല്യാവകാശവും തുല്യനീതിയും ഭരണഘടന അനുശാസിക്കുന്നതാണ്. ഇതു നടപ്പാക്കണമെന്ന് സുപ്രീംകോടതിയും ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രിയുടെ പ്രതികരണത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് കോണ്‍ഗ്രസും പ്രതികരിച്ചത്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ച് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന മറ്റു പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമം. ദാരിദ്ര്യം, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയെ കുറിച്ച് മറുപടി പറയാന്‍ അദ്ദേഹം തയ്യാറാവുന്നില്ല. സംസ്ഥാനം മുഴുവന്‍ കത്തുമ്പോള്‍ വിഷയത്തില്‍ പ്രധാനമന്ത്രി മൌനം പാലിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡിഎംകെയുടെ പ്രതികരണം