INDIA

Budget 2024|ആദായനികുതി പരിധിയില്‍ മാറ്റമില്ല; വമ്പന്‍ പ്രഖ്യാപനങ്ങളില്ല, 58 മിനുറ്റില്‍ ഇടക്കാല ബജറ്റ്

വെബ് ഡെസ്ക്

ബജറ്റ് വാചകകസർത്ത് മാത്രമെന്ന് പ്രതിപക്ഷം

കേന്ദ്ര ധനമന്ത്രിയുടെ ഇടക്കാല ബജറ്റ് വെറും വാചകകസര്‍ത്ത് മാത്രമെന്ന് പ്രതിപക്ഷം. ഇടക്കാല ബജറ്റില്‍ കാര്യമായൊന്നും ഇല്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പ്രതികരിച്ചു. രാജ്യത്തെ നിക്ഷേപം ഗണ്യമായി കുറഞ്ഞു. എന്നാല്‍ ഇക്കാര്യം വ്യക്തമാക്കാതെ വിദേശ നിക്ഷേപത്തെ കുറിച്ച് സംസാരിക്കുകയാണ് ധനമന്ത്രി ചെയ്തത്. രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നതിന്റെ തെളിവാണ് ബജറ്റ് പ്രഖ്യാപനങ്ങള്‍ എന്നും ശശി തരൂര്‍ പ്രതികരിച്ചു.

Budget_Speech.pdf
Preview

വന്‍ പ്രഖ്യാപനങ്ങളില്ല, വിപണിയില്‍ ആശയക്കുഴപ്പം

വന്‍പ്രഖ്യാപനങ്ങളും പദ്ധതികളുമില്ലാതെ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ് വിപണിയിലുണ്ടാക്കിയത് ആശയക്കുഴപ്പം. പാര്‍ലമെന്റില്‍ ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം അവസാനിച്ചതിനു തൊട്ടുപിന്നാലെ വിപണി കുത്തനെ ഇടിഞ്ഞു. പിന്നീട് സാവധാനം നഷ്ടം നികത്തിയ നിഫ്റ്റിയും സെന്‍സെക്‌സും കൃത്യമായ ഉയര്‍ച്ചകാണിക്കാതെ ഏറ്റക്കുറച്ചിലുകളുമായാണ് മുന്നോട്ടുപോകുന്നത്.

ധനക്കമ്മി 5.8 ശതമാനത്തില്‍

2024 സാമ്പത്തിക വർഷത്തിലെ പുതുക്കിയ ധനക്കമ്മി 5.8 ശതമാനമാണ്. സർക്കാരിന്റെ വരുമാനവും ചെലവും തമ്മിലുള്ള അന്തരത്തെയാണ് ധനക്കമ്മിയായി കണക്കാക്കുന്നത്. 2025 സാമ്പത്തിക വർഷത്തിലെ ധനക്കമ്മി 5.1 ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2026 സാമ്പത്തിക വർഷത്തില്‍ ലക്ഷ്യം 4.5 ശതമാനമായിരിക്കുമെന്നാണ് ധനമന്ത്രി പറഞ്ഞു.

ആദായ നികുതി പരിധിയില്‍ മാറ്റമില്ല

ആദായ നികുതി പരിധിയില്‍ മാറ്റമുണ്ടാകില്ലെന്ന് ബജറ്റില്‍ പ്രഖ്യാപനം. നിലവിലെ നിരക്കുകള്‍ മാറ്റമില്ലാതെ തുടരും. പ്രത്യക്ഷ, പരോക്ഷ നികുതി നിരക്കുകളില്‍ മാറ്റമില്ലായിരിക്കുമെന്നും നിർമല സീതാരാമന്‍.

റെയില്‍വെ സുരക്ഷയ്ക്ക് പദ്ധതി

റെയില്‍ സുരക്ഷയ്ക്ക് പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് നിർമല സീതാരാമന്‍. വന്ദേഭാരത് നിലവാരത്തില്‍ 40,000 ബോഗികള്‍ മെച്ചപ്പെടുത്തുമെന്ന് വാഗ്ദാനം. മൂന്ന് പുതിയ റെയില്‍വെ ഇടനാഴികള്‍ സൃഷ്ടിക്കും.

വിമാനത്താവളങ്ങളുടെ എണ്ണം 149 ആയി വർധിച്ചു. നിലവിലുള്ളവ വിമാനത്താവളങ്ങള്‍ നവീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ലക്ഷദ്വീപിന് പ്രത്യേക പരിഗണ

തുറമുഖ കണക്ടിവിറ്റിക്കായി കൂടുതല്‍‍ പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം. ലക്ഷദ്വീപ് ഉള്‍പ്പടെയുള്ള ദ്വീപുകളെ പരിഗണിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ലക്ഷദ്വീപിലെ ടൂറിസം സാധ്യതകള്‍ വർധിപ്പിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

സൗജന്യ വൈദ്യുതി, കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍

രാജ്യത്തെ ഒരുകോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം. അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ദിനത്തിലെ പ്രധാനമന്ത്രിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിതെന്നും ധനമന്ത്രി. നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ സാധ്യമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ആയുഷ്‌മാന്‍ ഭാരത് പദ്ധതി കൂടുതല്‍ പേരിലേക്ക്

ആയുഷ്‌മാന്‍ ഭാരത് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ആശ വർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും ഇനിമുതല്‍ ലഭിക്കുമെന്ന് ധനമന്ത്രി. പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതി വഴി രണ്ട് കോടി വീടുകള്‍കൂടി നിർമ്മിച്ച് നല്‍കും. ഇതിനോടകം തന്നെ മൂന്ന് കോടി വീടുകളുടെ നിർമ്മാണം പൂർത്തിയായതായും ധനമന്ത്രി. അഞ്ച് ഇന്റഗ്രേറ്റഡ് അക്വപാർക്കുകള്‍ സ്ഥാപിക്കുമെന്നും പ്രഖ്യാപനം.

വളർച്ചയ്ക്ക് വളം

വളർച്ചയെ സഹായിക്കുന്ന സാമ്പത്തിക നയങ്ങള്‍ മാത്രമായിരിക്കും കേന്ദ്ര സർക്കാർ സ്വീകരിക്കുക എന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു. ഉത്പാദന ക്ഷമത ലക്ഷ്യമിടുന്ന നയങ്ങള്‍ക്കാണ് മുന്‍ഗണനയുണ്ടാകുകയെന്നും ധനമന്ത്രി വ്യക്തമാക്കി. ഭരണത്തുടർച്ചയില്‍ പ്രതീക്ഷയർപ്പിച്ചുകൊണ്ടാണ് ധനമന്ത്രിയുടെ പ്രസംഗം പുരോഗമിക്കുന്നത്.

കാത്തിരിക്കുന്നത് വികസന നാളുകള്‍

അടുത്ത അഞ്ച് വർഷം രാജ്യം സാക്ഷ്യം വഹിക്കാന്‍ പോകുന്നത് സമാനതകളില്ലാത്ത വികസനത്തിനായിരിക്കുമെന്ന് ധനമന്ത്രി. വികസിത രാജ്യമെന്ന സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായിരിക്കും അടുത്ത അഞ്ച് വർഷമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്ത്രീ സാന്നിധ്യം വർധിച്ചു

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്ത്രീ സാന്നിധ്യം 28 ശതമാനം വര്‍ധന കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഉണ്ടായി. ഏഴ് ഐഐടികള്‍, 16 ഐഐഐടികള്‍, 15 എയിംസ്, 390 യൂണിവേഴ്‌സിറ്റികള്‍ എന്നിവ ആരംഭിച്ചു. പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന വഴി വിള ഇന്‍ഷുറന്‍സായി നാല് കോടി കര്‍ഷകര്‍ക്ക് നല്‍കി.

2047 ല്‍ വികസിത ഭാരതം ലക്ഷ്യം

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞ് ധനമന്ത്രി നിര്‍മല സിതാരാമന്‍. 2024ല്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് പ്രതീക്ഷ പങ്കുവച്ച ധനമന്ത്രി സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍ എന്നിവരുടെ വികാസനം എന്ന ലക്ഷ്യത്തിനൊപ്പം 2047ല്‍ വികസിത ഭാരതം ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തിക്കുന്നത് എന്നും പറഞ്ഞു.

എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം

പത്ത് വര്‍ഷത്തിനിടെ രാജ്യം നേടിയത് നിരവധി ഗുണപരമായ മാറ്റങ്ങള്‍. ദരിദ്രര്‍, യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍ എന്നീ നാല് വിഭാഗങ്ങളിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവര്‍ക്ക് പുരോഗതി ഉണ്ടാകുമ്പോഴാണ് രാജ്യത്തിന് നേട്ടമുണ്ടാകുന്നതെന്ന് ധനമന്ത്രി.

ബജറ്റ് അവതരണത്തിന് തുടക്കം

കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന്‍ ബജറ്റ് അവതരണം ആരംഭിച്ചു. സമ്പദ് രംഗത്ത് കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങളുണ്ടായെന്ന് ധനകാര്യമന്ത്രി അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴില്‍ രാജ്യം പ്രതിസന്ധികളെ അതിജീവിച്ച് കുതിപ്പ് കൈവരിച്ചതായും നിർമല സീതാരാമന്‍ പറഞ്ഞു.

ഓഹരി വിപണിയില്‍ ഉണര്‍വ്

ഭരണതുടര്‍ച്ച പ്രതീക്ഷിക്കുന്നു എന്ന ആത്മമവിശ്വാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കുമ്പോള്‍ രാജ്യത്തെ ഓഹരി വിപണിയിലും ഉണര്‍വ്.

ബിഎസ്ഇ സെന്‍സെക്സ് 248.4 പോയിന്റ് ഉയര്‍ന്ന് 72,000.51 ലെത്തി. നിഫ്റ്റി 62.65 പോയിന്റ് ഉയര്‍ന്ന് 21,788.35 ലെത്തി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി, പവര്‍ ഗ്രിഡ്, എന്‍ടിപിസി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, സണ്‍ ഫാര്‍മ എന്നിവയാണ് ഇന്ന് നേട്ടത്തില്‍ ആരംഭിച്ച ഓഹരികള്‍.

ചുവന്ന പട്ടുകൊണ്ടുള്ള ബാഗില്‍ ടാബുമായാണ് ധനമന്ത്രി

ബജറ്റ് പ്രഖ്യാപനത്തിന് മുന്‍പ് ധനമന്ത്രി നിര്‍മല സിതാരാമന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കുടിക്കാഴ്ച നടത്തി. പിന്നാലെ പാര്‍ലമെന്റില്‍ എത്തിയ നിര്‍മല പ്രത്യേക മന്ത്രിസഭാ യോഗത്തിലും പങ്കെടുത്തു. പതിവ് പോലെ ചുവന്ന പട്ടുകൊണ്ടുള്ള ബാഗില്‍ ടാബുമായാണ് ധനമന്ത്രി ബജറ്റ് അവതരണത്തിനായി പാര്‍ലമെന്റില്‍ എത്തിയത്.

രണ്ടാം മോദി സര്‍ക്കാര്‍ ഭരണ കാലത്തെ അവസാന ബജറ്റ്. ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇടക്കാല ബജറ്റ് അവതരിപ്പിക്കുമ്പോള്‍ നിരവധി സുപ്രധാന പ്രഖ്യാപനങ്ങളാണ് രാജ്യം പ്രതീക്ഷിക്കുന്നത്. രാവിലെ പതിനൊന്ന് മണിയ്ക്കാണ് നിര്‍മല സീതാരാമന്‍ തന്റെ ആറാം ബജറ്റ് അവതരിപ്പിക്കുന്നത്.

പുതിയ സർക്കാർ രൂപീകരിച്ചതിന് ശേഷം സമ്പൂർണ ബജറ്റ് അവതരിപ്പിക്കുമെന്ന സൂചന നൽകിക്കൊണ്ടായിരുന്നു പ്രധാന മന്ത്രി പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പ് മാധ്യമങ്ങളോട് പ്രതികരിച്ചത്. എൻഡിഎ അധികാര തുടർച്ച പ്രതീക്ഷിക്കുന്നു എന്ന വ്യക്തമായ സൂചന കൂടിയാണ് ഈ പ്രഖ്യാപനത്തിലൂടെ പ്രധാനമന്ത്രി നൽകിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ ജന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ധനക്കമ്മി കുറയ്ക്കാനുള്ള നടപടികള്‍ക്ക് ഒപ്പം സാമൂഹ്യ ക്ഷേമ പദ്ധതികളില്‍ ഊന്നിക്കൊണ്ടുള്ള പ്രഖ്യാനങ്ങളായിരിക്കും ധനമന്ത്രി നടത്തുക എന്നാണ് വിലയിരുത്തല്‍.

ആദായനികുതി സ്ലാബുകളില്‍ കിഴിവ് ലഭിക്കുമെന്ന് തുടങ്ങി നിരവധി പ്രതീക്ഷകളാണ്. കൂടാതെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) റെഗുലേറ്ററി നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും വായ്പകള്‍ കൂടുതല്‍ ലഭിക്കുന്നതിനുമുള്ള നയങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവരുമെന്നും പ്രതീക്ഷിക്കുന്നു.

ബജറ്റ് അവതരണം 

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും