Union Budget 2024

സര്‍ക്കാര്‍ നിലനില്‍ക്കണം, സഖ്യകക്ഷികളെ പിണക്കാന്‍ വയ്യ; ബജറ്റില്‍ ബിഹാറിന് വാരിക്കോരി, ആന്ധ്രയ്ക്കും തലോടല്‍

വെബ് ഡെസ്ക്

നരേന്ദ്ര മോദിയെ പ്രധാനമന്ത്രിക്കസേരയില്‍ ഉറച്ചിരുത്താന്‍ സഖ്യകക്ഷികളെ പിണക്കാത്ത ബജറ്റുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. എന്‍ഡിഎ സര്‍ക്കാരിന്റെ പ്രധാന കക്ഷികളായ തെലുങ്കു ദേശം പാര്‍ട്ടി (ടിഡിപി), ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) എന്നിവരുടെ ആവശ്യങ്ങള്‍ക്കാണ് ബജറ്റില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്. ബിഹാര്‍, ആന്ധ്രാ പ്രദേശ് സര്‍ക്കാരുകള്‍ക്ക് പ്രത്യേക പദവി ഉള്‍പ്പെടെയുള്ള ആവശ്യങ്ങളായിരുന്നു സര്‍ക്കാര്‍ രൂപീകരണ വേളയില്‍ ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും മുന്നോട്ട് വെച്ചത്. എന്നാല്‍ പ്രത്യേക പദവികള്‍ നല്‍കിയില്ലെങ്കിലും വലിയ പദ്ധതികളാണ് ഇരു സംസ്ഥാനങ്ങള്‍ക്കും ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ബിഹാറിന് 26,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി, 11,500 കോടി രൂപയുടെ പ്രളയസഹായം, വിമാനത്താവളം, മെഡിക്കല്‍ കോളജ്, രണ്ട് ക്ഷേത്ര ഇടനാഴികള്‍ എന്നിവയടക്കം ഏതാണ്ട് 50,000 കോടി രൂപയുടെ പദ്ധതികളാണ് ഇതുവരെ ധനമന്ത്രി പ്രഖ്യാപിച്ചത്. അതേസമയം ആന്ധ്രാ പ്രദേശിന് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 15,000 കോടി രൂപയും വരും നാളുകളില്‍ പ്രത്യേക ധനസഹായവും ബജറ്റില്‍ പ്രഖ്യാപിച്ചു.

അമൃത്സര്‍-കൊല്‍ക്കത്ത വ്യാവസായിക ഇടനാഴിയുടെ ഭാഗമായി ബിഹാറിലെ ഗയയില്‍ വ്യാവസായിക അംഗീകാരം വികസിപ്പിക്കും. പട്‌ന-പൂര്‍ണ എക്‌സ്പ്രസ് വേ, ബുക്‌സര്‍ ഭഗല്‍പൂര്‍ ഹൈവേ, ബോദ്ഗയ-രാജ്ഗിര്‍-വിശാലി-ധര്‍ബന്‍ഗ എന്നീ റോഡ് കണക്ടിവിറ്റി പ്രൊജക്റ്റുകളും ബുക്‌സാറില്‍ ഗംഗാ നദിക്ക് മുകളില്‍ രണ്ട് വരി പാലവും ബിഹാറിന് അനുവദിച്ചു. അടിസ്ഥാന സൗകര്യത്തിന് മാത്രം ബിഹാറില്‍ 26,000 കോടി രൂപയാണ് ആകെ അനുവദിച്ചിരിക്കുന്നത്. ബിഹാറില്‍ വിമാനത്താവളവും മെഡിക്കല്‍ കോളജും പ്രഖ്യാപിച്ചു. ബിഹാറിന് പ്രളയ സഹായ പാക്കേജായി 11500 രൂപയും പ്രഖ്യാപിച്ചു.

ആന്ധ്രാ പ്രദേശിന്റെ തലസ്ഥാനമായ അമരാവതിയുടെ വികസനത്തിന് 15000 കോടി രൂപയും അനുവദിച്ചു. ഇതിന് വേണ്ടി ബഹുമുഖ ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്നും പണം പിരിച്ച് കേന്ദ്രം വഴി നല്‍കുമെന്നും നിര്‍മല സീതാരാമന്‍ ബജറ്റിലൂടെ അവതരിപ്പിച്ചു.

ബിഹാര്‍, ആന്ധ്രാ പ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളുടെ സമഗ്ര വികസനത്തിനായി പുര്‍വോദയ പദ്ധതിയും പ്രഖ്യാപിച്ചു. രാജ്യത്തിന്റെ അടുത്ത തലത്തിലേക്കുള്ള വളര്‍ച്ചയ്ക്ക് ഊര്‍ജം നല്‍കാന്‍ കിഴക്കന്‍ ഇന്ത്യയുടെ ഉപയോഗിച്ചിട്ടില്ലാത്ത സാധ്യതകളെ വികസിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. പെട്രോളിയം, സ്റ്റീല്‍ മേഖലകള്‍ പുര്‍വോദയ പദ്ധതിയില്‍ നിര്‍ണായകമായ പങ്കുവഹിക്കുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്