INDIA

ഗ്യാസ് വില കുറയ്ക്കാന്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍; സിഎന്‍ജി, പിഎന്‍ജി വില നിര്‍ണയത്തിന് പുതിയ സംവിധാനം

രാജ്യാന്തര വിപണിയിലെ ക്രൂഡോയില്‍ വില അടിസ്ഥാനമാക്കി ഗ്യാസ് വില നിയന്ത്രിക്കാനാണ് പദ്ധതി.

വെബ് ഡെസ്ക്

രാജ്യത്തെ പ്രകൃതി വാതക വില നിയന്ത്രണത്തിന് പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. സിഎന്‍ജി, പിഎന്‍ജി വില നിര്‍ണയത്തിനുള്ള ശുപാര്‍ശ കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു. രാജ്യാന്തര വിപണിയിലെ ക്രൂഡോയില്‍ വില അടിസ്ഥാനമാക്കി ഗ്യാസ് വില നിയന്ത്രിക്കാനാണ് പദ്ധതി. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ബിജെപിയുടെ സ്ഥാപന ദിനത്തില്‍ മോദി സര്‍ക്കാര്‍ രാജ്യത്തിന് നല്‍കുന്ന സമ്മാനം എന്ന പരാമര്‍ശത്തോടെയായിരുന്നു അനുരാഗ് ഠാക്കൂര്‍ തീരുമാനം വിശദീകരിച്ചത്. പ്രതിമാസം വില നിര്‍ണയം നടത്തും. അടിസ്ഥാനവിലയും പരമാവധി വിലയും നിര്‍ണയിക്കും. ഇന്ത്യന്‍ ക്രൂഡ് ബാസ്‌ക്കറ്റിന്റെ പ്രതിമാസ ശരാശരിയുടെ 10 ശതമാനമായിരിക്കും പ്രകൃതി വാതകത്തിന്റെ വില. നടപടി സാധാരണ ജനങ്ങള്‍ക്ക് ആശ്വാസം പകരുമെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. പുതിയ മാനദണ്ഡം ഏപ്രില്‍ എട്ടിന് പ്രാബല്യത്തില്‍ വരും. വിജ്ഞാപനം നാളെ പുറത്തിറങ്ങും.

നേരത്തെ രാജ്യാന്തര വിപണിയിലെ പ്രകൃതിവാതക വിലയ്ക്ക് ആനുപാതികമായിട്ടാണ് ഇന്ത്യയില്‍ പ്രകൃതി വാതക വില നിര്‍ണയിച്ചിരുന്നത്. അതിന് പകരം അസംസ്‌കൃത എണ്ണ വിലയ്ക്ക് ആനുപാതികമായി സിഎന്‍ജിയുടെയും പിഎന്‍ജിയുടെയും വില നിര്‍ണയിക്കാണ് തീരുമാനം. കൂടാതെ ആറ് മാസത്തിലൊരിക്കല്‍ വില നിര്‍ണയിക്കുന്ന രീതി മാറ്റി പ്രതിമാസ വില നിര്‍ണയം നടത്താനും തീരുമാനമായി. രണ്ട് വര്‍ഷത്തേക്ക് ഈ രീതി തുടരുമെന്നും, ഇതിന് ശേഷം പ്രതിവര്‍ഷം 0.25 ഡോളര്‍ എന്ന നിരക്കില്‍ വിലകൂടുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ആറ് മാസത്തിലൊരിക്കല്‍ വില നിര്‍ണയിക്കുന്ന രീതി മാറ്റി പ്രതിമാസ വില നിര്‍ണയം നടത്തും

പ്രകൃതി വാതകവിലയ്ക്ക് അടിസ്ഥനവിലയും പരാമവധി വിലയും നിശ്ചയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നാല് ഡോളറായിരിക്കും അടിസ്ഥാന വില. ആറര ഡോളറായിരിക്കും പരമാവധി വില. കേന്ദ്രം നടപ്പിലാക്കാനിരിക്കുന്ന പുതിയ രീതി കാര്‍ഷിക, ഗാര്‍ഹിക, വാണിജ്യമേഖലയിലുള്ളവര്‍ക്ക് ഗുണകരമാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. 2030-ഓടെ പ്രാഥമിക ഊര്‍ജ മിശ്രിതത്തില്‍ പ്രകൃതി വാതകത്തിന്റെ പങ്ക് വര്‍ധിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നിലവിലെ 6.5% എന്ന നിലയില്‍ നിന്നും 15% ഉയര്‍ത്തും. വിലയില്‍ ഇളവ് നല്‍കുന്നതോടെ ഗ്യാസിന്റെ ഉപഭോഗം കൂടുമെന്നുമാണ് വിലയിരുത്തല്‍.

പുതിയ രീതി നടപ്പാകുന്നതോടെ പിഎന്‍ജി വില 10 ശതമാനവും സിഎന്‍ജി വില 6 ശതമാനം മുതല്‍ 9 ശതമാനം വരെയും കുറയ്ക്കുമെന്നും പെട്രോളിയം മന്ത്രാലയം സെക്രട്ടറി പങ്കജ് ജെയിന്‍ പറഞ്ഞു. ഗ്യാസ് വിലയില്‍ വരുത്തുന്ന പരിഷ്‌കരണം ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കുമെന്നും പെട്രോളിയം- പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിങ് പുരി ട്വീറ്റ് ചെയ്തു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ