INDIA

ഉജ്ജ്വല യോജന പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ആശ്വാസം; ഗാർഹിക പാചകവാതക സിലിണ്ടറിന് വിലകുറയും

വെബ് ഡെസ്ക്

അഞ്ച്‌ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉജ്ജ്വല യോജന പദ്ധതിക്ക് കീഴിലുള്ളവർക്ക് ഗാർഹിക പാചകവാതക സിലണ്ടറിന് ലഭിക്കുന്ന സബ്സിഡി ഉയർത്തി കേന്ദ്ര സര്‍ക്കാര്‍. നൂറുരൂപയുടെ സബ്സിഡി വർധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ കേന്ദ്ര ക്യാബിനറ്റ് യോഗത്തിലായിരുന്നു തീരുമാനം. ഇതോടെ 200 രൂപയായിരുന്ന സബ്സിഡി 300 രൂപയാകും. ദരിദ്ര രേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്ക് സൗജന്യ പാചകവാതക സിലണ്ടർ കണക്‌ഷൻ ഉൾപ്പെടെ നൽകുന്നതാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന സ്‌കീം. രാജ്യത്തെ 9.6 കോടി കുടുംബങ്ങളാണ് ഈ സ്കീമിന്റെ ഗുണഭോക്താക്കൾ.

ഗാർഹിക പാചകവാതകത്തിന്റെ സബ്സിഡി വർധിപ്പിക്കുന്നതിലൂടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഉയർന്ന ഇന്ധന വില ചൂണ്ടിക്കാണിച്ചുള്ള പ്രതിപക്ഷ വിമർശനങ്ങൾക്ക് തടയിടുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യം. 14.2 കിലോഗ്രാം ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് പ്രതിവർഷം 12 റീഫിൽ വരെയുള്ള സബ്‌സിഡി 200 രൂപയിൽ നിന്ന് 300 രൂപയായി ഉയർത്തിയതായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറാണ് അറിയിച്ചത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് എന്നിവിടങ്ങളിലെ നിർണായക തിരഞ്ഞെടുപ്പ് മുൻനിർത്തി ഗാർഹിക പാചകവാതക സിലിണ്ടറിന് ഓഗസ്റ്റിൽ 200 രൂപ കുറച്ചിരുന്നു.

ഉജ്ജ്വല യോജന സ്കീമിലുള്ളവർക്ക് പുതിയ സബ്സിഡി ലഭിക്കുന്നതോടെ 703 രൂപയായിരുന്ന പാചകവാതക സിലണ്ടർ ഇനിമുതൽ 603 രൂപയ്ക്ക് ലഭിക്കും. സബ്സിഡി തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. രാജ്യത്തെ സാധാരണ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന എൽപിജി സിലിണ്ടറുകളുടെ ഉയർന്ന വില, കേന്ദ്രസർക്കാരിനെതിരായ തിരഞ്ഞെടുപ്പ് പ്രചരണ ആയുധമായി പ്രതിപക്ഷം ഉപയോഗിച്ചിരുന്നു. അതിന്റെ ഭാഗമായി 500 രൂപയ്ക്ക് സിലണ്ടർ നൽകുമെന്ന വാഗ്ദാനവും കോൺഗ്രസ് പോലെയുള്ള പാർട്ടികൾ മുന്നോട്ടുവച്ചിരുന്നു. ഇതിനെ പ്രതിരോധിക്കുകയാണ് പുതിയ തീരുമാനത്തിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

സാധാരണ ഗതിയിൽ കേന്ദ്ര ബജറ്റിന്റെ വലിയൊരു വിഹിതം ഉജ്ജ്വല യോജന പദ്ധതിക്കായി സർക്കാർ വകമാറ്റാറുണ്ട്. 2022-23 സാമ്പത്തിക വർഷത്തിൽ 6100 കോടി രൂപയായിരുന്ന ബജറ്റ്, നടപ്പുസാമ്പത്തിക വർഷത്തിൽ 7680 കൂടിയായിരുന്നു ഉയർത്തിയിരുന്നു. ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ ഉപയോഗം ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2016ലാണ് ഉജ്ജ്വല യോജന പദ്ധതി സർക്കാർ ആവിഷ്കരിക്കുന്നത്. അതേസമയം, അടുത്തിടെ വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വില 209 രൂപ വർധിപ്പിച്ചിരുന്നു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം