രാജ്യം വന്‍ വികസന കുതിപ്പ് നടത്തുന്നു എന്ന് ഭരണകര്‍ത്താക്കള്‍ നിരന്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ കണക്കുകള്‍ മറ്റൊന്നാണ്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളില്‍ പകുതിയിലധികം പദ്ധതികളും വൈകുന്നുവെന്ന് റിപ്പോര്‍ട്ട്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന 1817 കേന്ദ്ര പദ്ധതികളില്‍ 831 പദ്ധതികളും വൈകുന്നുവെന്ന് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 458 പദ്ധതികള്‍ 5.71 ലക്ഷം കോടി അധികചെലവിലാണ് നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
പദ്ധതികളുടെ വൈകല്‍ അധിക ചെലവിന് കാരണമാകുന്നു
വൈകി നടക്കുന്ന ഓരോ പദ്ധതികള്‍ക്കും 150 കോടിയിലധികം രൂപയാണ് അധികമായി ആവശ്യമായി വരുന്നത്. 1817 പദ്ധതികള്‍ക്കും 27,58,567 കോടി രൂപയാണ് ചെലവായി കണക്കാക്കിയതെങ്കിലും പദ്ധതി പൂര്‍ത്തീകരണത്തിന് പ്രതീക്ഷിക്കുന്ന ചെലവ് 33,29,647.99 കോടി രൂപയാണ്. അതായത് പൂര്‍ത്തീകരണ ചെലവിന്റെ തുക 5,71,080.76 കോടി രൂപയായി ഉയര്‍ന്നത് സര്‍ക്കാരിന് 20.70 ശതമാനത്തിന്റെ അധിക ചെലവാണുണ്ടാക്കിയിരിക്കുന്നതെന്നാണ് മന്ത്രാലയം അറിയിക്കുന്നത്.
മേയ്യില്‍ ഈ പദ്ധതികള്‍ക്കായി ചെലവായത് 1,707,190.15 കോടി രൂപയാണ്. പദ്ധതിക്ക് വേണ്ടി കണക്കാക്കിയ തുകയുടെ 51.3 ശതമാനം തുകയാണ് ചെലവായത്. വൈകി നടക്കുന്ന 831 പദ്ധതികളില്‍ വര്‍ഷങ്ങളോളം കാലതാമസം നേരിടുന്ന പദ്ധതികളുമുണ്ട്. 245 എണ്ണം ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെയും, 188 എണ്ണം ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെയും 271 പദ്ധതികള്‍ രണ്ട് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ വൈകുന്നു. 127 പദ്ധതികള്‍ അഞ്ച് വര്‍ഷത്തില്‍ കൂടുതലായി വൈകിക്കിടക്കുകയാണ്.
അതേസമയം, പദ്ധതി പൂര്‍ത്തീകരണത്തിന്റെ പുതിയ ഷെഡ്യൂളില്‍ വൈകി നടക്കുന്ന പദ്ധതികളുടെ എണ്ണം 554 ആയി കുറഞ്ഞിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍, പാരിസ്ഥിതിക അനുമതി, സാമ്പത്തിക പ്രശ്‌നങ്ങള്‍, ആഭ്യന്തരമായ പ്രശ്‌നങ്ങള്‍, വ്യക്തികളുടെ കുറവ്, വ്യവഹാര പ്രശ്‌നങ്ങള്‍ എന്നിവയാണ് പദ്ധതി നടപ്പാക്കുന്ന ഏജന്‍സികള്‍ പദ്ധതി വൈകുന്നതിന്റെ കാരണമായി വ്യക്തമാക്കുന്നത്.