നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഗാന്ധിയുടെ ഘാതകനാണെങ്കിലും ഗോഡ്‌സെ ഇന്ത്യയുടെ സത്പുത്രനാണെന്നായിരുന്നു മന്ത്രിയുടെ പ്രധാന പരാമര്‍ശം. മുഗള്‍ ഭരണാധികാരികളെ കുറ്റപ്പെടുത്തി സംസാരിക്കവേയാണ് നാഥുറാം വിനായക് ഗോഡ്‌സെയെ മന്ത്രി പ്രകീര്‍ത്തിച്ചത്. ബീഹാറിലെ ബിജെപി നേതാവ് കൂടിയായ ഗിരിരാജ് സിങ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബസ്തര്‍ മേഖലയിലെത്തിയപ്പോഴായിരുന്നു ഈ പരാമര്‍ശം. കേന്ദ്ര ഗ്രാമവികസന പഞ്ചായത്തി രാജ് വകുപ്പ് മന്ത്രിയാണ് ഗിരിരാജ് സിങ്.
ബാബറിന്റെയും ഔറംഗസേബിന്റെയും മക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്നതില്‍ സന്തോഷിക്കുന്നവര്‍ക്ക് ഭാരത മാതാവിന്റെ യഥാര്‍ത്ഥ മക്കളാകാന്‍ കഴിയില്ല
മുഗള്‍ ഭരണാധികാരികളായ ബാബറിനെയും ഔറംഗസേബിനെയും പോലെ ഗോഡ്‌സെ ഒരു അധിനിവേശക്കാരനായിരുന്നില്ല. ഇന്ത്യയുടെ സത്പുത്രനായിരുന്നു എന്നായിരുന്നു പ്രധാന പരാമര്‍ശം. ബാബറിന്റെയും ഔറംഗസേബിന്റെയും മക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്നതില്‍ സന്തോഷിക്കുന്നവര്‍ക്ക് ഭാരത മാതാവിന്റെ യഥാര്‍ത്ഥ മക്കളാകാന്‍ കഴിയില്ലെന്നാണ് ബസ്തറിലെ ദന്തേവാഡയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ മന്ത്രി പറഞ്ഞത്.
മഹാരാഷ്ട്രയില്‍ ഔറംഹസീബിനെയും ടിപ്പു സുല്‍ത്താനെയും മഹത്വവത്കരിക്കുന്ന ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കെതിരെ ഹിന്ദുത്വ സംഘടനകള്‍ വലിയ രീതിയില്‍ പ്രതിഷേധം നടത്തിയിരുന്നു. എന്നാല്‍ ഔറംഗസേബിനെ മഹത്വവത്കരിച്ചാല്‍ വിമര്‍ശനമുണ്ടാകുമെന്ന് പറഞ്ഞ് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇതിനെ ന്യായീകരിക്കുകയാണ് ചെയ്തത്. മഹാരാഷ്ട്രയിലെ ചില ജില്ലകളില്‍ പെട്ടെന്ന് ഔറംഗസേബിന്റെ സന്തതികള്‍ ജനിച്ചെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് വിമര്‍ശിച്ചിരുന്നു.
ബാബറിനെയും ഔറംഗസേബിനെയും പോലെ ഗോഡ്‌സെ ഒരു അക്രമകാരിയായിരുന്നില്ലഗിരി രാജ് സിങ്
അതേ സമയം ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പരാമര്‍ശത്തിന് മറുപടിയുമായി എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തിയിരുന്നു. പകരം എന്നാൽ ദേവേന്ദ്ര ഫഡ്‌നാവിസ് ഗോഡ്‌സെയുടെ സന്തതികളെ വിളിക്കൂ എന്നായിരുന്നു ഒവൈസിയുടെ മറുപടി. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗോഡ്‌സെ അധിനിവേശക്കാരനെല്ലെന്നും ഇന്ത്യയുടെ സല്‍പുത്രനാണെന്നും കേന്ദ്രമന്ത്രി ഗിരി രാജ് സിങ് പറഞ്ഞത്. ബാബറിനെയും ഔറംഗസേബിനെയും പോലെ ഗോഡ്‌സെ ഒരു അക്രമകാരിയായിരുന്നില്ല എന്നും മന്ത്രി പറഞ്ഞു.
ബിജെപി അധികാരത്തിലെത്തിയാല്‍ മതപരിവര്‍ത്തനത്തിനെതിരെ കര്‍ശനമായ നിയമം കൊണ്ടുവരും
ഛത്തീസ്ഗഡിലെ ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭീകരത പടര്‍ത്തുകയും മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായും മന്ത്രി വിമർശിച്ചു.
'ഗൂഢാലോചനയുടെ ഭാഗമായി സംസ്ഥാനത്ത് ഗോത്രവര്‍ഗക്കാരെയും അല്ലാത്തവരെയും മതം മാറ്റുകയാണ്. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാല്‍ മതപരിവര്‍ത്തനത്തിനെതിരെ കര്‍ശനമായ നിയമം കൊണ്ടുവരും'. ഗിരിരാജ് സിങ് പറഞ്ഞു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് കീഴില്‍ ഛത്തീസ്ഗഢിന് നല്‍കിയ ഫണ്ട് ദുരുപയോഗം ചെയ്തതായും കോ്ണ്‍ഗ്രസിന് ലക്ഷ്യമിട്ട് മന്ത്രി പറഞ്ഞു. ഫണ്ട് തട്ടിയെടുത്തവര്‍ മുഖ്യമന്ത്രിയോ മന്ത്രിയോ ആകട്ടെ ആരായാലും ശിക്ഷിക്കപ്പെടുമെന്നായിരുന്നു പരാമർശം.
ഇതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ഛത്തീസ്ഗഡില്‍ ഭരണം കിട്ടാത്തത് കൊണ്ടാണ് കേന്ദ്രമന്ത്രി ഇത്തരം പരാമര്‍ശങ്ങള്‍ എന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞത്.