ഹമാസിനെ ഇന്ത്യയില്‍ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്ന ഒരു രേഖയിലും താന്‍ ഒപ്പുവച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. ഹമാസിനെ ഭീകര പ്രഖ്യാപിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് നല്‍കിയ മറുപടി എന്ന തരത്തില്‍ ലോക്‌സഭ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഡോക്യുമെന്റ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് മന്ത്രി വിദീകരണവുമായി രംഗത്തെത്തിയത്. വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായും കേന്ദ്രമന്ത്രി അറിയിച്ചു.
കെ സുധാകരന്‍ എംപിയാണ് ഹമാസിനെ ഇന്ത്യയില്‍ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ടോയെന്ന ചോദ്യം ഉന്നയിച്ചത്. ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാന്‍ ഇസ്രയേലിന്റെ ഭാഗത്തുനിന്നു ആവശ്യം വന്നിട്ടുണ്ടോയെന്നും കെ സുധാകരന്‍ ചോദിച്ചിരുന്നു.
ഇതിലുള്ള മറുപടിയായി ലോക്‌സഭ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 'ഏതെങ്കിലും സംഘടനയെ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നത് യുഎപിഎ നിയമത്തിന് കീഴിലാണ്. ഏതെങ്കിലും സംഘടനയെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നത് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് പരിഗണിക്കും' എന്നാണ്.
സംഭവം ചര്‍ച്ചയായതിന് പിന്നാലെ, ഈ ചോദ്യവും ഉത്തരവും അടങ്ങിയ ഒരു പേപ്പറും താന്‍ ഒപ്പിട്ടില്ലെന്ന് മീനാക്ഷി ലേഖി എക്‌സില്‍ കുറിച്ചു. അന്വേഷണം കുറ്റവാളികളെ പുറത്തുകൊണ്ടുവരും എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിഷയത്തില്‍ വിദേശകാര്യ മന്ത്രാലയം വ്യക്തത വരുത്തണം എന്നാവശ്യപ്പെട്ട് ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി രംഗത്തെത്തി. മീനാക്ഷി ലേഖി ആ ചോദ്യത്തിന്റെ മറുപടി നിഷേധിക്കുകയാണ്. അവര്‍ ഒപ്പിടാത്ത ഈ ഉത്തരം ആരാണ് തയാറാക്കിയതെന്നും മന്ത്രിക്കറിയില്ല. ഇത് വ്യാജമാണ് എന്നാണോ അവര്‍ അവകാശപ്പെടുന്നത്? അങ്ങനെയാണെങ്കില്‍ ഗുരുതരമായ നിയമലംഘനമാണ്. വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് വിശദീകരണം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രിയങ്ക ചതുര്‍വേദി എക്‌സില്‍ കുറിച്ചു.
ഇസ്രയേല്‍-ഹമാസ് യുദ്ധത്തെ അപലപിക്കുന്നുണ്ടെങ്കിലും ഹമാസിനെ ഇന്ത്യ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടില്ല. ഇസ്രയേലുമായും അറബ് രാജ്യങ്ങളുമായും ഇന്ത്യ നല്ല ബന്ധമാണ് പുലര്‍ത്തുന്നത്. ഹമാസിന്റെ ഒക്ടോബര്‍ ഏഴിലെ ഇസ്രയേല്‍ ആക്രമണത്തെ ഇന്ത്യ അപലപിച്ചിരുന്നു. മാനുഷിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് മേഖലയില്‍ സമാധനം പുനസ്ഥാപിക്കാന്‍ സഹകരിക്കണമെന്ന ഇസ്രയേലിനോടും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.