INDIA

'മണിപ്പൂരിലെ ക്രമസമാധാനനില പൂർണമായും തകർന്നു'; വീടിന് തീയിട്ടതിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി ആർ കെ രഞ്ജൻ

നേരത്തെ, വ്യവസായ വകുപ്പ് മന്ത്രി നെംച കിപ്‌ജിന്റെ പടിഞ്ഞാറൻ ഇംഫാലിലുള്ള വസതിയും കലാപകാരികൾ അക്രമത്തിനിരയാക്കിയിരുന്നു.

വെബ് ഡെസ്ക്

മണിപ്പൂരിലെ ക്രമസമാധാന നില പൂർണമായും തകർന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആർ കെ രഞ്ജൻ സിങ്. ഇംഫാലിൽ ജനക്കൂട്ടം വീട് തകർക്കുകയും തീയിടുകയും ചെയ്തതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. എന്തുകൊണ്ടാണ് തന്റെ വീടിന് നേരെ ആക്രമണം ഉണ്ടായതെന്ന് മനസിലാകുന്നില്ലെന്നും ആർ കെ രഞ്ജൻ സിങ് പറഞ്ഞു.

''ഞാൻ ഞെട്ടിപ്പോയി. മണിപ്പൂരിലെ ക്രമസമാധാന നില പൂർണമായും പരാജയപ്പെട്ടു"- ആർ കെ രഞ്ജൻ സിങ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ''ഞാൻ ഇപ്പോൾ ഔദ്യോഗിക ജോലികൾക്കായി കേരളത്തിലാണ്. ഭാഗ്യവശാൽ, ഇന്നലെ രാത്രി എന്റെ ഇംഫാലിലെ വീടിന് കലാപകാരികൾ തീയിട്ടപ്പോൾ ആർക്കും പരുക്ക് പറ്റിയിരുന്നില്ല. അക്രമികൾ പെട്രോൾ ബോംബുകളുമായാണ് വന്നത്. എന്റെ വീടിന്റെ താഴത്തെ നിലയ്ക്കും ഒന്നാം നിലയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്''- കേന്ദ്ര മന്ത്രി പറഞ്ഞു.

കഴിഞ്ഞ ഒന്നര മാസത്തിലേറെയായി മണിപ്പൂരിൽ തുടരുന്ന സംഘർഷം അവസാനിപ്പിച്ച് സമാധാനം നിലനിർത്താൻ മണിപ്പൂരിലെ ജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു. എന്റെ മാതൃരാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് കാണുമ്പോൾ വളരെ സങ്കടമുണ്ട്. ഇത്തരത്തിലുള്ള അക്രമങ്ങളിൽ ഏർപ്പെടുന്നവർ തീർത്തും മനുഷ്യത്വരഹിതരാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം, ഇംഫാൽ താഴ്വരയിൽ സുരക്ഷാസേനയും അക്രമികളും ഏറ്റുമുട്ടിയടോയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. നിരവധി വീടുകൾക്കാണ് അക്രമികൾ തീയിട്ടത്. ന്യൂ ചെക്കോണിൽ അക്രമിസംഘങ്ങളെ പിരിച്ചുവിടാൻ സൈന്യം ഗ്യാസ് ഷെല്ലുകളാണ് പ്രയോഗിച്ചത്. അതിന് മുൻപ്, കാങ്‌പോക്‌പി ജില്ലയിലുണ്ടായ തീവയ്പ്പിലും വെടിവയ്പ്പിലും ഒൻപതുപേർ കൊല്ലപ്പെട്ടിരുന്നു. നേരത്തെ, വ്യവസായ വകുപ്പ് മന്ത്രി നെംച കിപ്‌ജിന്റെ പടിഞ്ഞാറൻ ഇംഫാലിലുള്ള വസതിയും കലാപകാരികൾ അക്രമത്തിനിരയാക്കിയിരുന്നു. തീവയ്പുണ്ടായ സമയത്ത് മന്ത്രി വീട്ടിലുണ്ടായിരുന്നില്ല. ഗോത്ര ഭൂരിപക്ഷ മേഖലയായ കാങ്പൊക്പി മണ്ഡലത്തിൽ നിന്ന് വിജയിച്ച കിപ്ജിൻ, ബിരേൻ സിങ് സർക്കാരിലെ ഏക വനിതാ മന്ത്രി കൂടിയാണ്. പ്രത്യേക ഭരണാവകാശം ആവശ്യപ്പെട്ട എംഎൽഎ കൂടിയാണ് കിപ്ജിൻ.

കുകികളും മെയ്തികളും തമ്മിലുളള വംശീയ കലാപത്തിൽ സംസ്ഥാനത്ത് ഇതിനോടകം നൂറിലധികം പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധിപേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അക്രമസംഭവങ്ങളെ തുടർന്ന് പലായനവും കൂടി വരുന്നു. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനായി സൈന്യത്തെയും അർധ സൈനികരെയും വിന്യസിച്ചിട്ടുണ്ടെങ്കിലും കലാപത്തെ അമർച്ചചെയ്യാൻ കേന്ദ്ര സർക്കാരിന് ഇതുവരെയും കഴിഞ്ഞിട്ടില്ല.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ