INDIA

കോവിഡ് ഡേറ്റ ചോര്‍ച്ച: വിവരങ്ങളുടെ ആധികാരികതയില്‍ സംശയമുണ്ടെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

കോവിന്‍ ആപ്പിന്റെ സുതാര്യത നഷ്ടപ്പെടുത്താന്‍ ആരോ ഉണ്ടാക്കിയ വിവരങ്ങളാണ് ടെലഗ്രാം ബോട്ടിലുള്ളതെന്ന് മന്ത്രി

ദ ഫോർത്ത് - തിരുവനന്തപുരം

കോവിഡ് വാക്സിനേഷന്‍ ഡേറ്റ ചോര്‍ച്ചയില്‍ പുറത്തുവന്ന വിവരങ്ങളുടെ ആധികാരികതയില്‍ സംശയം പ്രകടിപ്പിച്ച് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഡേറ്റ ചോര്‍ച്ചയാണെന്നതിന് തെളിവില്ലെന്ന് മന്ത്രി അവകാശപ്പെട്ടു. പുറത്തുവന്ന വിവരങ്ങള്‍ യഥാർത്ഥമാണോ വ്യാജമാണോ എന്ന് പരിശോധിച്ച് വരികയാണ്. യഥാര്‍ത്ഥ വിവരങ്ങളാണ് പുറത്തുവന്നതെങ്കിൽ എവിടെനിന്ന് ചോര്‍ന്നുവെന്ന് പരിശോധിക്കുമെന്നും അദ്ദേഹം 'ദ ഫോര്‍ത്തി'നോട് പറഞ്ഞു.

ടെലഗ്രാം ബോട്ടില്‍നിന്ന് വരുന്ന വിവരങ്ങള്‍ ശരിയാണോ എന്ന് അന്വേഷിക്കുന്നുണ്ട്

''ടെലഗ്രാം ബോട്ടില്‍നിന്ന് പുറത്തുവന്ന വിവരങ്ങള്‍ കോവിന്‍ ആപ്പില്‍ നിന്ന് പോയതല്ല. കോവിന്‍ ആപ്പില്‍നിന്ന് വിവരച്ചോര്‍ച്ച ഉണ്ടായിട്ടില്ല, അത് സുരക്ഷിതമാണ്. ടെലഗ്രാം ബോട്ടില്‍നിന്ന് വരുന്ന വിവരങ്ങള്‍ ശരിയാണോ എന്ന് അന്വേഷിക്കുന്നുണ്ട്. കോവിന്‍ ആപ്പിന്റെ സുതാര്യത നഷ്ടപ്പെടുത്താന്‍ ആരോ ഉണ്ടാക്കിയ വിവരങ്ങളാണ് ടെലഗ്രാം ബോട്ടിലുള്ളത്. എവിടെനിന്നാണ് വിവരങ്ങള്‍ വന്നതെന്ന് അന്വേഷിക്കും,''-അദ്ദേഹം 'ദ ഫോര്‍ത്തി'നോട് പറഞ്ഞു.

വാക്സിന്‍ സ്വീകരിച്ചപ്പോള്‍ നല്‍കിയ ഫോണ്‍ നമ്പര്‍, ജെന്‍ഡര്‍, ഐ ഡി കാര്‍ഡ് വിവരങ്ങള്‍, ജനന തീയതി എന്നീ വിവരങ്ങളും ടെലഗ്രാമിലെ ബോട്ട് വഴി ലഭ്യമായി

കോവിന്‍ പോര്‍ട്ടലിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് രണ്ട് ദിവസങ്ങളായി പുറത്തുവന്ന വാര്‍ത്തകളെന്ന് മന്ത്രി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. കോവിന്‍ പോര്‍ട്ടലിനെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ശക്തികളും താത്പര്യങ്ങളും ലോകത്തുണ്ട്. സൈബര്‍ സുരക്ഷാ ലംഘനങ്ങള്‍ കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന ഏജന്‍സി വിഷയം അന്വേഷിച്ചുവരികയാണ്.

ടെലഗ്രാം ബോട്ട് വഴി പുറത്തുവന്ന വിവരങ്ങള്‍ കോവിന്‍ ആപ്പില്‍ നിന്നുള്ളവയല്ലെന്നാണ് ഏജന്‍സി ഇന്നലെ പ്രാഥമികമായി നല്‍കിയ റിപ്പോര്‍ട്ട്. വിവരങ്ങള്‍ വ്യാജമോ അല്ലെങ്കില്‍ മറ്റേതെങ്കിലും സോഴ്സുകള്‍ ശേഖരിച്ചതോ ആവാമെന്നും മന്ത്രിയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ സ്വകാര്യ വിവരങ്ങളെല്ലാം ടെലഗ്രാമിലൂടെ ലഭ്യമായിരുന്നു

വാക്‌സിന്‍ സ്വീകരിച്ചവരുടെ വിവരങ്ങള്‍ കോവിന്‍ പോര്‍ട്ടലില്‍ നിന്ന് ചോര്‍ന്ന വാര്‍ത്ത ദ ഫോര്‍ത്താണ് പുറത്തുവിട്ടത്. വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ സ്വകാര്യ വിവരങ്ങളെല്ലാം ടെലഗ്രാം ബോട്ടിലൂടെ ലഭ്യമായിരുന്നു. നിരവധി രാഷ്ട്രീയ നേതാക്കളുടെയും പ്രമുഖരുടെയും ഉൾപ്പെടെയുള്ളവരുടെ വാക്സിനേഷൻ വിവരങ്ങളുമായി ദ ഫോർത്ത് പുറത്തുവിട്ട വാർത്ത ദേശീയ മാധ്യമങ്ങളും ദേശീയ നേതാക്കളും ഏറ്റെടുത്തതോടെയാണ് കേന്ദ്ര സർക്കാരിന് വിശദീകരണം നൽകേണ്ടിവന്നത്.

വാക്സിന്‍ സ്വീകരിച്ചപ്പോള്‍ നല്‍കിയ ഫോണ്‍ നമ്പര്‍, ജെന്‍ഡര്‍, ഐ ഡി കാര്‍ഡ് വിവരങ്ങള്‍, ജനന തീയതി തുടങ്ങിയ സ്വകാര്യ വിവരങ്ങളും ടെലഗ്രാമിലെ ബോട്ട് വഴി ലഭ്യമായിരുന്നു. ആരോഗ്യമന്ത്രാലയത്തിന്റെ കോവിന്‍ പോര്‍ട്ടലില്‍ നിന്ന് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ഒടിപി ഉള്‍പ്പെടെയുള്ള സുരക്ഷാ പരിശോധനകള്‍ മറികടക്കണമെന്നിരിക്കെയാണ് കേവലമൊരു ടെലഗ്രാം ചാനല്‍ വഴി ഈ വിവരങ്ങള്‍ ആര്‍ക്കും ലഭ്യമാകുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ