അരുണാചൽ പ്രദേശിൽ ഇന്ത്യൻ സൈനികർക്ക് ചൈനീസ് സൈനികരുടെ മർദ്ദനമേറ്റെന്ന രാഹുല്‍ ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി കോൺഗ്രസ്-ബിജെപി പോര്. രാഹുല്‍ ഗാന്ധിയെ കോൺഗ്രസില്‍ നിന്ന് പുറത്താക്കാൻ അധ്യക്ഷനായ മല്ലികാർജുൻ ഖാർഗെ തയ്യാറാകണമെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു. മല്ലികാർജുൻ ഖാർഗെ ആരുടെയെങ്കിലും റിമോട്ട് നിയന്ത്രണത്തിൽ അല്ലെങ്കിൽ രാഹുല്‍ ഗാന്ധിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണം. രാജ്യത്തിന്റെയും സൈന്യത്തിന്റെയും മനോവീര്യം തകർക്കുന്ന പരാമർശങ്ങളാണ് രാഹുല്‍ ഗാന്ധി നടത്തിയതെന്നും ഗൗരവ് ഭാട്ടിയ പറഞ്ഞു. ചൈനീസ് സൈനികരെ തുരത്തിയത് ഇന്ത്യൻ സൈനികരാണെന്നും രാജ്യത്തെ ഓരോ പൗരനും അവരിൽ അഭിമാനമുണ്ടെന്നും ഭാട്ടിയ കൂട്ടിച്ചേർത്തു.
ചൈന ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നും മോദി സർക്കാർ അത് അവഗണിക്കുകയാണെന്നുമായിരുന്നു കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമർശം. അരുണാചല്‍പ്രദേശിലെ തവാങ് സെക്ടറിലെ യാങ്സേ മേഖലയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പരാമർശം. ''ലഡാക്കിലും അരുണാചലിലും അവർ സായുധ ആക്രമണത്തിന് ഒരുങ്ങുകയാണ്. നുഴഞ്ഞുകയറ്റത്തിനല്ല, യുദ്ധത്തിനാണ് തയ്യാറെടുക്കുന്നത്. അവരുട രീതി ശ്രദ്ധിച്ചാൽ മതി. നമ്മുടെ സർക്കാർ ഇത് മറച്ചുവെക്കുന്നു. ഇത് അംഗീകരിക്കാൻ കഴിയില്ല. ഇന്ത്യയുടെ 2,000 ചതുരശ്ര കിലോമീറ്റർ ചൈന കൈയടക്കി. 20 ഇന്ത്യൻ ജവാന്മാരെ വീരമൃത്യു വരിച്ചു. അരുണാചൽ പ്രദേശിൽ സൈനികരെ മർദ്ദിക്കുകയും ചെയ്തു'' . ആ സമയം, സർക്കാർ ഉറങ്ങുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
എന്നാല്‍, രാഹുല്‍ ഗാന്ധിയുടേത് സൈന്യത്തിന്റെ വീര്യം തകര്‍ക്കുന്ന പ്രസ്താവനയാണെന്ന് ബിജെപി അധ്യക്ഷൻ ജെ പി നദ്ദ പ്രതികരിച്ചു. ഇന്ത്യൻ സൈന്യം ധീരതയുടെ പ്രതീകമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന കോൺഗ്രസ് പാർട്ടിയുമായി ധാരണാപത്രം ഒപ്പുവെച്ചതായി ഞങ്ങൾക്കറിയാമെന്നും നദ്ദ പറഞ്ഞു.
രാഹുല്‍ ഗാന്ധിക്ക് ചൈനയുമായി നല്ല അടുപ്പമാണന്നും അവരുടെ അടുത്ത നീക്കം എന്താണെന്ന് അദ്ദേഹത്തിന് അറിയാമെന്നും ബിജെപി നേതാവ് രാജ്യവര്‍ധന്‍ സിങ് റാത്തോഡ് പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയിൽ നിന്ന് രാജീവ് ഗാന്ധി ഫൗണ്ടേഷന് 135 കോടി രൂപ സംഭാവന ലഭിക്കുകയും കരാർ ഉണ്ടാക്കുകയും ചെയ്തെന്നും അദ്ദേഹം ആരോപിച്ചു. ഗൽവാനിലും തവാങ്ങിലും സൈനികർ ധൈര്യവും ശൗര്യവും തെളിയിച്ചു എന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. മറ്റ് രാജ്യങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കാനോ, ഒരിഞ്ച് സ്ഥലം പിടിച്ചെടുക്കാനോ നമുക്ക് ഉദ്ദേശമില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.
രാഹുല്‍ ഗാന്ധി കോൺഗ്രസിന് മാത്രമല്ല രാജ്യത്തിന് മുഴുവൻ നാണക്കേടായിരിക്കുകയാണെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു പ്രതികരിച്ചു. ഇന്ത്യൻ സൈന്യത്തില്‍ നമ്മൾ അഭിമാനം കൊള്ളുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തവാങില്‍ സൈനികർക്കൊപ്പമുള്ള ചിത്രവും കേന്ദ്ര നിയമമന്ത്രി പങ്കുവെച്ചിരുന്നു. എന്നാല്‍ കിരൺ റിജിജു പോസ്റ്റ് ചെയ്ത ചിത്രം 2019ലേതാണെന്ന വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. റിജിജു ട്വീറ്റ് ചെയ്ത ഫോട്ടോ പഴയതാണെന്നും അത് നിലവിലുള്ളതാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ട്വീറ്റ് പ്രത്യക്ഷപ്പെട്ടതെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. ഇത് മൂന്ന് വർഷം മുൻപുള്ള ചിത്രമാണെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.
കേന്ദ്രമന്ത്രിയുടെ പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി കിരൺ റിജിജുവിന് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി. നിയമമന്ത്രി പ്രദേശത്തിന്റെ ഒരു ഫോട്ടോ മാത്രമാണ് പോസ്റ്റ് ചെയ്തതെന്നും ഇത് ഇപ്പോഴത്തെ ഫോട്ടോയാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്നുമായിരുന്നു പലരുടെയും വാദം.
അതിനിടെ, രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് കോൺഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട് രംഗത്തെത്തി. അതിർത്തിയിൽ യുദ്ധം നടക്കുന്നു എന്നതല്ല, രാജ്യം ഏതു ദിശയിലേക്കാണ് നീങ്ങുന്നത് എന്നതാണ് പ്രതിസന്ധി. അത് ആശങ്കാജനകമാണ്. നമ്മുടെ ധീരരായ സൈനികർക്ക് അതിർത്തിയിൽ പോരാടാനാകും. എന്നാല്‍ രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങൾ ദുർബലമാകുകയാണ്. ഇതാണ് രാഹുൽ ഗാന്ധിയെ ആശങ്കപ്പെടുത്തുന്നതെന്നും ഗെഹ്ലോട്ട് പറഞ്ഞു.
ഡിസംബര്‍ ഒന്‍പതിന് അരുണാചല്‍പ്രദേശ് അതിര്‍ത്തിയില്‍ തവാങ് സെക്ടറിന് സമീപം യാങ്സെയില്‍ ചൈനീസ് സൈന്യം അതിക്രമിച്ച് കയറിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സ്ഥിരീകരിച്ചിരുന്നു. തല്‍സ്ഥിതി അട്ടിമറിക്കാന്‍ ശ്രമിച്ച ചൈനീസ് സേനയെ ഇന്ത്യന്‍ സൈന്യം ശക്തമായി നേരിട്ടെന്നും പ്രതിരോധമന്ത്രി ലോക്സഭയെ അറിയിച്ചിരുന്നു.