INDIA

ബിഎസ്പി എംപി ഡാനിഷ് അലിക്കെതിരായ വിദ്വേഷ പരാമര്‍ശം; എംപി രമേഷ് ബിദൂരിയയ്ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി ബിജെപി

ആർഎസ്എസ് ശാഖകളിൽ പഠിപ്പിക്കുന്ന ഭാഷ ഇതാണോ എന്നും ബിഎസ്പി എംപി കുൻവർ ഡാനിഷ് അലി ചോദ്യമുന്നയിച്ചു

വെബ് ഡെസ്ക്

ബിഎസ്പി എംപി ഡാനിഷ് അലിയെ പാര്‍ലമെന്റിനുള്ളില്‍ തീവ്രവാദിയെന്നു വിളിക്കുകയും അഭ്യവര്‍ഷം നടത്തുകയും ചെയ്ത സംഭവത്തില്‍ തങ്ങളുടെ എംപി രമേഷ് ബിദൂരിയയ്ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി ബിജെപി. സംഭവത്തില്‍ എംപിക്കെതിരേ നടപടി സ്വീകരിക്കാന്‍ തയാറാകാത്തതില്‍ പാര്‍ട്ടിക്കെതിരേ വിമര്‍ശനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. ചന്ദ്രയാൻ-3 ദൗത്യത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് ഡാനിഷ് അലിക്കെതിരെ രമേശ് ബിദുരി ആക്ഷേപകരമായ പരാമർശം നടത്തിയത്.

അതേസമയം കോൺഗ്രസ് എംപി രാഹുൽ ഗാന്ധി കുൻവർ ഡാനിഷ് അലിയെ സന്ദർശിച്ചു. മനോവീര്യം ഉയർത്താനും പിന്തുണ നൽകാനുമാണ് രാഹുൽ ഗാന്ധി സന്ദർശനം നടത്തിയതെന്ന് ഡാനിഷ് അലി വ്യക്തമാക്കി. 'ഞാൻ തനിച്ചല്ലെന്നും ജനാധിപത്യത്തിനൊപ്പം നിൽക്കുന്ന എല്ലാവരും എന്റെ കൂടെയുണ്ടാകുമെന്നും അദ്ദേഹം എന്നോട് പറഞ്ഞു' രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡാനിഷ് അലി പറഞ്ഞു.

ആർഎസ്എസ് ശാഖകളിൽ പഠിപ്പിക്കുന്ന ഭാഷ ഇതാണോ എന്ന് ചോദ്യമുന്നയിച്ച ഡാനിഷ് അലി തിരഞ്ഞെടുക്കപ്പെട്ട ഒരു അംഗത്തിന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്നും പ്രതികരിച്ചു. 'എന്നെപ്പോലെ തിരഞ്ഞെടുക്കപ്പെട്ട ഒരു അംഗത്തിന്റെ അവസ്ഥ ഇതാണെങ്കിൽ ഒരു സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും സംഭവത്തിൽ സ്പീക്കർ കൃത്യമായ അന്വേഷണം നടത്തി നീതി ലഭിക്കുമെന്നാണ് എന്റെ പ്രതീക്ഷ', കുൻവർ ഡാനിഷ് അലി പറഞ്ഞു.

സംഭവത്തിൽ കോൺഗ്രസ് ലോക്‌സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി സ്പീക്കർ ഓം ബിർളയ്ക്ക് കത്തെഴുതി. പാർലമെന്റ് ചരിത്രത്തിൽ ഇതുവരെ ഒരു ന്യൂനപക്ഷ സമുദായാംഗത്തിനെതിരെയും അതും ഒരു സ്പീക്കറുടെ സാന്നിധ്യത്തിൽ ഇത്തരം വാക്കുകൾ ഉപയോഗിച്ചിട്ടില്ലെന്ന് അധീർ ചൗധരി വ്യക്തമാക്കി. സഭാരേഖകളിൽ നിന്ന് പരാമർശം നീക്കം ചെയ്തത് കൊണ്ട് മാത്രം കാര്യമായില്ല. സഭയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട എല്ലാ മാനദണ്ഡങ്ങളുടെയും ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണിത്. അതിനാൽ വിഷയം കൃത്യമായി പരിശോധിച്ച് തീരുമാനമെടുക്കണം, അധീർ ചൗധരി കൂട്ടിച്ചേർത്തു.

ബിദുരി ഉപയോഗിക്കുന്ന ഭാഷ പാർലമെന്റിന് അകത്തോ പുറത്തോ ഉപയോഗിക്കാൻ പാടില്ലാത്തതാണെന്നും പാർലമെന്റിൽ നിന്ന് ബിദുരിയെ സസ്പെൻഡ് ചെയ്യണമെന്നും കോൺഗ്രസ് എംപി ജയറാം രമേശ് ആവശ്യപ്പെട്ടു. സഭാ രേഖകളിൽ നിന്ന് പരാമർശം നീക്കം ചെയ്തിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ