യാത്രക്കാർക്ക് നമസ്കരിക്കാൻ രണ്ട് മിനിറ്റ് ബസ് നിർത്തിക്കൊടുത്തതിന്റെ പേരിൽ ജോലിയിൽനിന്ന് പിരിച്ചുവിടപ്പെട്ട കണ്ടക്ടർ ആത്മഹത്യ ചെയ്തു. യുപി സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസിലെ കണ്ടക്ടർ മോഹിത് യാദവിനെയാണ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂണിൽ സർവീസിൽ നിന്ന് പിരിച്ചുവിട്ടതിനെത്തുടർന്ന് മോഹിത് വിഷാദത്തിലായിരുന്നുവെന്നും സാമ്പത്തിക സ്ഥിതിയെ കുറിച്ചോർത്ത് ആശങ്കാകുലനായിരുന്നുവെന്നും ഭാര്യ റിങ്കി പറഞ്ഞു.
''ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് അദ്ദേഹം വിഷാദത്തിലായിരുന്നു. റയിൽവേ ട്രാക്കിൽ നിന്നാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്. വീട് നടത്തിക്കൊണ്ടുപോകാൻ പണം ഉണ്ടായിരുന്നില്ല. ഒരുപാട് പേരുടെ ജീവിതം മോഹിത്തിനെ ആശ്രയിച്ചായിരുന്നു. ജൂൺ മുതൽ മോഹിത്തിന്റെ ശമ്പളം നിലച്ചു. പ്രാഥമിക കാര്യങ്ങൾക്ക് പോലും ബുദ്ധിമുട്ടുകയായിരുന്നു കുടുംബം. മോഹിത്തിന് ഉറങ്ങാനാവുന്നില്ലായിരുന്നു. യുപിഎസ്ആര്‍ടിസി ഉദ്യോഗസ്ഥർ, പ്രധാനമായും റീജിണൽ മാനേജർ ദീപക് ചൗധരി മോഹിത്തിനെ വിളിച്ച് അപമാനിക്കാറുണ്ടായിരുന്നു. അയാളാണ് അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദി. മനുഷ്യത്വത്തിന് വിലനൽകിയെന്നതാണ് മോഹിത്ത് ചെയ്ത കുറ്റം''- മോഹിത്തിന്റെ ഭാര്യ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
യുപി മെയിൻപുരി ഗിരോർ പോലീസ് പരിധിയിലുള്ള നഗ്ല ഖുഷാലി സ്വദേശിയാണ് മോഹിത്. യുപി സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ (യുപിഎസ്ആർടിസി) കരാർ ജീവനക്കാരനായി ജോലി ചെയ്ത മോഹിത് പ്രതിമാസ ശമ്പളം 17,000 രൂപയായിരുന്നു. ജൂൺ അഞ്ചിനാണ് സർവീസിൽനിന്ന് പിരിച്ചുവിട്ടത്. ബസിന്റെ ഡ്രൈവറെയും സസ്പെന്റ് ചെയ്തിരുന്നു.
'നമസ്കരിക്കാനുള്ളവർക്കായാണ് ബസ് നിർത്തിയത്. അതേസമയം മറ്റുള്ളവരും പുറത്തിറങ്ങി. ആർക്കും പരാതിയുണ്ടായിരുന്നില്ല. ബസ് നിർത്തിയ ദിവസത്തിന് ശേഷം രണ്ട് ദിവസം കഴിഞ്ഞ് മോഹിത്തിനെ സസ്പെന്റ് ചെയതു. നാല് സഹോദരങ്ങളിൽ മൂത്തയാളും എട്ട് പേരടങ്ങുന്ന കുടുംബത്തിൽ സ്ഥിര വരുമാനമുള്ള ഏക വ്യക്തിയായിരുന്നു മോഹിത്' - മോഹിത്തിന്റെ സഹോദരൻ മനോജ് പറഞ്ഞു. ഈ വർഷം സഹോദരിയുടെ വിവാഹം നടക്കാനിരിക്കുകയാണ്.
യാത്രയ്ക്കിടെ രണ്ട് യാത്രക്കാർ ആവശ്യപ്പെട്ടതനുസരിച്ച് അഞ്ച് മിനിറ്റ് നിർത്തിക്കൊടുക്കുകയും യാത്രക്കാർ പുറത്തിറങ്ങി നമസ്ക്കരിക്കുകയും ചെയ്തിരുന്നു. എന്നാൽ ചില യാത്രക്കാർ ഇത് വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ഇരുവർക്കുമെതിരെ വിദ്വേഷ പ്രചരണങ്ങൾ നടത്തുകയും ചെയ്തിരുന്നു.
യുപിഎസ്ആര്‍ടിസി ഉദ്യോഗസ്ഥൻ ഈയടുത്തായാണ് ജോലി തിരികെ നൽകാൻ സാധിക്കില്ലെന്ന് മോഹിത്തിനെ അറിയിച്ചതെന്നും കുടുംബം ആരോപിച്ചു. അതേസമയം കോൺഡ്രാക്ട് പുതുക്കാനുള്ള മോഹിത്തിന്റെ അപേക്ഷ ജൂലൈയിലാണ് ലഭിക്കുന്നതെന്നാണ് യുപിഎസ്ആര്‍ടിസി അഡീഷണൽ റീജിണൽ മാനേജർ എസ്കെ ശ്രീവാസ്തവ പറയുന്നത്. അത് സംബന്ധിച്ച് ഒരു റിപ്പോർട്ട് റീജിണൽ മാനേജർക്ക് അയച്ചിരുന്നു അത് അവിടെ കെട്ടിക്കിടക്കുകയാണെന്നും എസ് കെ ശ്രീവാസ്തവ പറഞ്ഞു. 2500ഓളം കോൺഡ്രാക്ട് ജീവനക്കാർ ഉണ്ടെന്നും മോഹിത്തിന്റെ അപേക്ഷയെക്കുറിച്ച് പ്രത്യേകമായി അറിയില്ലെന്നുമാണ് റീജിണൽ മാനേജർ ദീപക് ചൗധരി പറയുന്നത്.