INDIA

സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ നിയന്ത്രിക്കാൻ യുപി സർക്കാർ; 'ദേശവിരുദ്ധ'മെന്ന് തോന്നിയാൽ ജീവപര്യന്തം വരെ തടവ്

സംസ്ഥാന ഇൻഫർമേഷൻ വകുപ്പ് തയ്യാറാക്കിയ 'ഉത്തർപ്രദേശ് ഡിജിറ്റൽ മാധ്യമ നയം, 2024'- ന് ചൊവ്വാഴ്ചയാണ് യോഗി ആദിത്യനാഥ് മന്ത്രിസഭ അംഗീകാരം നൽകിയത്

വെബ് ഡെസ്ക്

സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ കർശന നിയമവുമായി ഉത്തർ പ്രദേശ് സർക്കാർ. 'ദേശവിരുദ്ധ' പോസ്റ്റുകൾ ഇടുന്നവർക്കു മൂന്നു വർഷം മുതൽ ജീവപര്യന്തം തടവ് വരെ ലഭിക്കുന്ന രീതിയിലാണ് നിയമനിർമാണം. സംസ്ഥാന ഇൻഫർമേഷൻ വകുപ്പ് തയാറാക്കിയ 'ഉത്തർപ്രദേശ് ഡിജിറ്റൽ മാധ്യമ നയം, 2024'- ന് ചൊവ്വാഴ്ചയാണ് യോഗി ആദിത്യനാഥ് മന്ത്രിസഭ അംഗീകാരം നൽകിയത്.

അശ്ലീലമോ അപകീർത്തികരമോ ആയ കാര്യങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കുന്നത് ക്രിമിനൽ മാനനഷ്ട കുറ്റങ്ങൾക്കു കാരണമാകും. പുതിയ നിയമമനുസരിച്ച്, സർക്കാർ പരസ്യങ്ങൾ ഫേസ്ബുക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലെ ഇൻഫ്ലുവൻസർമാർ വഴി പ്രചരിപ്പിക്കും. ഓരോരുത്തരുടെയും ഫോളോവേഴ്സിന്റെ എണ്ണം അനുസരിച്ചാകും അവർക്കുള്ള പ്രതിഫലം നിശ്ചയിക്കുക. പ്രതിമാസം, രണ്ടു മുതൽ എട്ടുലക്ഷം രൂപവരെയാകും സർക്കാർ നയങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ച് പരസ്യം നൽകുന്നവർക്കു ലഭിക്കുക.

അതേസമയം, ആക്ഷേപകരമോ അശ്ലീലമോ ദേശവിരുദ്ധമോ ആയ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്ന അക്കൗണ്ട് ഉടമകൾക്കെതിരെ കർശന നടപടികളും സ്വീകരിക്കും. ഏതെങ്കിലും "എതിർപ്പുള്ള ഉള്ളടക്കം" അപ്‌ലോഡ് ചെയ്യുന്ന ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവർക്കെതിരെയും നിയമനടപടികളുണ്ടാകും. എന്നാൽ 'ദേശവിരുദ്ധ' ഉള്ളടക്കങ്ങളുടെ പരിധിയിൽ എന്തൊക്കെയാകും വരിക എന്നതിനെക്കുറിച്ച് നിലവിൽ വ്യക്തത വന്നിട്ടില്ല.

ഇതിനെതിരെ കോൺഗ്രസ് നേതാവ് പവൻ ഖേഡ അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. ബിജെപിക്കോ സർക്കാരിനോ എതിരായ ഉള്ളടക്കങ്ങൾ ദേശവിരുദ്ധമായി മുദ്രകുത്തുമോയെന്ന് അദ്ദേഹം എക്‌സിലെ പോസ്റ്റിലൂടെ ചോദിച്ചു. "ആവിഷ്‌കാര സ്വാതന്ത്ര്യം ഹനിക്കാൻ ഇരട്ട എൻജിൻ സർക്കാരുകൾ തയ്യാറെടുക്കുകയാണോ? ഇന്ത്യൻ സഖ്യത്തിൻ്റെ എതിർപ്പ് കാരണം, മോദി സർക്കാരിന് ബ്രോഡ്കാസ്റ്റ് ബിൽ 2024 പിൻവലിക്കേണ്ടി വന്നു. സ്വേച്ഛാധിപത്യം ഇപ്പോൾ പിൻവാതിലിലൂടെയാണോ കൊണ്ടുവരുന്നത്?" പവൻ ഖേഡ കുറിച്ചു.

സമൂഹമാധ്യമങ്ങളിൽ റീച്ചിന്റെ അടിസ്ഥാനത്തിൽ ഇൻഫ്ലുവൻസർമാരുടെ പട്ടിക തയാറാക്കാൻ യു പി സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. എക്സ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ഷോർട്സ്, പോഡ്കാസ്റ്റ്, യൂട്യൂബ് എന്നിവയിലെല്ലാം സർക്കാർ പരസ്യങ്ങൾ നൽകും. എക്സ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലൂടെയാണെങ്കിൽ പ്രതിമാസം പരമാവധി അഞ്ച് ലക്ഷം, നാല് ലക്ഷം, മൂന്നു ലക്ഷം എന്നിങ്ങനെ യഥാക്രമം സമ്പാദിക്കാനാകും. യൂട്യൂബ്, വീഡിയോകൾ, ഷോർട്ട്‌സ്, പോഡ്‌കാസ്‌റ്റുകൾ എന്നിവയുടെ പേയ്‌മെൻ്റ് പരിധി യഥാക്രമം എട്ട് ലക്ഷം, ഏഴ് ലക്ഷം, ആറ് ലക്ഷം, നാല് ലക്ഷം എന്നിങ്ങനെയാണ്.

നയമനുസരിച്ച്, പരസ്യങ്ങൾ കൈകാര്യം ചെയ്യാൻ സർക്കാർ 'വി ഫോം' എന്ന ഡിജിറ്റൽ ഏജൻസിയെയാണ് ഏർപ്പാടാക്കിയിരിക്കുന്നത്. വീഡിയോകൾ, ട്വീറ്റുകൾ, പോസ്റ്റുകൾ, റീലുകൾ എന്നിവ പ്രദർശിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം 'വി-ഫോം' എന്ന ഏജൻസിക്കായിരിക്കും.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം