ഉത്തർപ്രദേശിൽ സഹോദരിയെ കഴുത്തറുത്ത കൊന്ന ശേഷം അറുത്തുമാറ്റിയ തലയുമായി പോലീസ് സ്റ്റേഷനിലെത്തിയ യുവാവ് അറസ്റ്റിൽ. യുപിയിലെ ബരാബങ്കിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ബരാബങ്കിയിലെ ഫത്തേപൂർ മേഖലയിലെ മിത്വാര ഗ്രാമത്തിൽ 22 വയസുകാരനായ റിയാസാണ് പതിനെട്ടുകാരിയായ സഹോദരി ആഷിഫയെ കൊലപ്പെടുത്തിയത്. സഹോദരിയെ കഴുത്തറുത്ത കൊലപ്പെടുത്തിയ ശേഷം തലയുമായി പോലീസ് സ്റ്റേഷനിലേക്ക് പോകവെയാണ് യുവാവ് പിടിയിലായതെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് അശുതോഷ് മിശ്ര പറഞ്ഞു.
കുടുംബം താമസിക്കുന്ന ഗ്രാമത്തിൽ തന്നെയുള്ള ചന്ദ് ബാബു എന്ന യുവാവിനോടൊപ്പം പെൺകുട്ടി അടുത്തിടെ വീട് വിട്ട് പോവുകയും കൂടെ താമസിക്കുകയും ചെയ്തിരുന്നു.
കുടുംബം താമസിക്കുന്ന ഗ്രാമത്തിൽ തന്നെയുള്ള ചാന്ദ് ബാബു എന്ന യുവാവിനോടൊപ്പം പെൺകുട്ടി അടുത്തിടെ വീട് വിട്ട് പോവുകയും കൂടെ താമസിക്കുകയും ചെയ്തിരുന്നു. എന്നാൽ യുവതിയുടെ കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകി. ആഷിഫയുടെ പിതാവ് അബ്ദുൾ റഷീദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചാന്ദ് ബാബുവിനെതിരെ ഐപിസി 366 (വിവാഹത്തിനായി ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോകൽ) പ്രകാരമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും ജയിലിൽ അടയ്ക്കുകയും ചെയ്തു.
ചാന്ദ് ബാബുവിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന ആഷിഫയും സഹോദരിയുടെ ബന്ധത്തിൽ കടുത്ത എതിർപ്പുണ്ടായിരുന്ന റിയാസും തമ്മിൽ ഇക്കാര്യത്തിൽ നിരന്തരം വഴക്ക് ഉണ്ടാകുമായിരുന്നു. കൊല നടന്ന ദിവസവും ഇരുവരും തമ്മിൽ വഴക്കുണ്ടായി. വഴക്കിനൊടുവിൽ റിയാസ് സഹോദരിയെ കൊലപ്പെടുത്തുകയായിരുന്നു. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് തല അറുത്തെടുത്ത ശേഷം തല ചാക്കിലാക്കി പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി നടക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചത് പ്രകാരമെത്തിയ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൊലപാതകം നടന്ന സ്ഥലത്ത് എത്തിയ പോലീസ് സംഘം ആവശ്യമായ തെളിവുകൾ ശേഖരിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി എഎസ്പി പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.