'ദ കേരള സ്റ്റോറി'ക്ക് നികുതി ഒഴിവാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിലൂടെയാണ് നികുതി ഒഴിവാക്കിയ വിവരം അറിയിച്ചത്. മുഖ്യമന്ത്രി മന്ത്രിമാര്‍ക്കൊപ്പം സിനിമ കാണുമെന്ന് യോഗി ആദിത്യനാഥിന്റെ വക്താവ് അറിയിച്ചു. ക്രമസമാധാനത്തിന് ഭീഷണിയുയര്‍ത്തുമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം മുഖ്യമന്ത്രി മമത ബാനര്‍ജി ബംഗാളില്‍ സിനിമയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
കേരളത്തില്‍ ഹിന്ദു സ്ത്രീകള്‍ ഇസ്ലാം മതം സ്വീകരിക്കുന്നതും ഐഎസില്‍ ചേരാന്‍ വിദേശത്തേയ്ക്ക് കുടിയേറുന്നതുമാണ് സിനിമയിലെ ചര്‍ച്ചാ വിഷയം. കാഴ്ചക്കാരില്ലെന്ന കാരണം ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടിലെ മള്‍ട്ടിപ്ലക്‌സ് തിയ്യറ്റുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് അറിയിച്ചിരുന്നു. തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ അധികാരദുര്‍വിനിയോഗം നടത്തുകയാണെന്നും പശ്ചിമബംഗാളില്‍ അഭിപ്രായ സ്വാതന്ത്ര്യമില്ലെന്നും ബിജെപി ആരോപിച്ചിരുന്നു.
നേരത്തെ മധ്യപ്രദേശ് സര്‍ക്കാരും സിനിമയെ നികുതി രഹിതമാക്കിയിരുന്നു. ചിത്രം ലൗ ജിഹാദിന്റെയും മതപരിവര്‍ത്തനത്തിന്റെയും ഭീകരവാദത്തിന്റെയും ഗൂഢാലോചന തുറന്നു കാട്ടുന്നുവെന്നും അതിന്റെ യഥാര്‍ത്ഥ മുഖത്തെ പുറത്തു കൊണ്ടുവരുന്നുണ്ടെന്നുമാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ 'ദ കേരള സ്റ്റോറി'യെ നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം നിരവധി ബിജെപി നേതാക്കളും മുന്നോട്ട് വച്ചിരുന്നു.
അതിനിടെ ബംഗാളില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ സിനിമയുടെ നിര്‍മാതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചു. നിരോധനം നീക്കി ചിത്രം പ്രദര്‍ശിപ്പിക്കണമെന്നാണ് ആവശ്യം
സിനിമ നിരോധിക്കാനാകില്ലെന്ന കേരള ഹൈക്കോടതിയുടെ വിധിക്കെതിരായ മറ്റൊരു ഹര്‍ജി സുപ്രീംകോടതി മെയ് 15ന് പരിഗണിക്കും. മെയ് അഞ്ചിന് ജസ്റ്റിസ് എന്‍ നാഗരേഷ് ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങിയ ബെഞ്ചാണ് സിനിമാ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം തള്ളിയത്.
ഇതൊരു ചരിത്ര സിനിമയല്ല സാങ്കല്‍പ്പിക സിനിമയാണെന്നും സമൂഹത്തെ മുഴുവനായും ബാധിക്കുന്നില്ലെന്നുമാണ് ഹൈക്കോടതി ഹര്‍ജി തള്ളിക്കൊണ്ട് വ്യക്തമാക്കിയത്. സെന്‍സര്‍ ബോര്‍ഡ് അത് പരിശോധിച്ചതല്ലേയെന്നും കോടതി ചോദിച്ചു. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നതെന്നും ഹൈക്കോടതി പരാമര്‍ശിച്ചിരുന്നു.