INDIA

ഫണ്ടില്ല; അയോധ്യയിലെ ആശുപത്രി നിർമാണം മാറ്റിവയ്ക്കാൻ യുപി വഖഫ് ബോർഡ്

ആദ്യം ആശുപത്രിയും പിന്നീട് പള്ളിയും നിർമിക്കാനായിരുന്നു ട്രസ്റ്റിന്റെ തീരുമാനം

വെബ് ഡെസ്ക്

അയോധ്യയിലെ ധനിപൂരിൽ ആശുപത്രി നിർമിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻവാങ്ങി ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ട്രസ്റ്റ്. ആശുപത്രി നിർമാണത്തിനായി പണം സ്വരൂപിക്കാൻ സാധിക്കാതെ വന്നതിനാലാണ് തീരുമാനം. 2019ലെ അയോധ്യ വിധിക്ക് ശേഷം വഖഫ് ബോർഡിന് അനുവദിച്ച സ്ഥലത്താണ് ആശുപത്രി നിർമിക്കാനായി തീരുമാനിച്ചിരുന്നത്. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്നാണ് ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡിന് ഭൂമി നൽകിയത്.

അയോധ്യയിലെ ധനിപൂർ ഗ്രാമത്തിലെ അഞ്ച് ഏക്കർ സ്ഥലത്ത് പള്ളിയും ആശുപത്രിയും കമ്മ്യൂണിറ്റി അടുക്കളയും ഇന്തോ-ഇസ്ലാമിക് സാംസ്കാരിക ഗവേഷണ കേന്ദ്രവും ഉൾപ്പെടെയുള്ളവ നിർമിക്കാനായിരുന്നു ഐഐസിഎഫ് ട്രസ്റ്റിന്റെ പദ്ധതി. ആദ്യം ആശുപത്രിയും പിന്നീട് പള്ളിയും നിർമിക്കാനായിരുന്നു ട്രസ്റ്റിന്റെ തീരുമാനം. എന്നാൽ ഫീസും വികസന ചാർജുകളും അടയ്‌ക്കുന്നതിനായി പണമില്ലാത്തതിനാൽ നിർത്തിവയ്ക്കുകയായിരുന്നു.

''ഫണ്ടില്ലാത്തതിനാൽ ആശുപത്രി പദ്ധതി നിർത്തിവച്ചിരിക്കുകയാണ്. 300 കോടിയോളം രൂപ ചെലവ് വരുന്ന ആശുപത്രി പദ്ധതിയാണ് ഇപ്പോൾ നിർത്തിവച്ചിരിക്കുന്നത്. ബുദ്ധിമുട്ടുകള്‍ ഉണ്ട്, എന്നാലും ഞങ്ങള്‍ പദ്ധതി നിര്‍ത്തിവയ്ക്കില്ല'' - ട്രസ്റ്റ് സെക്രട്ടറിയും വക്താവുമായ അത്താർ ഹുസൈൻ പറഞ്ഞു. ആശുപത്രി നിർമാണത്തിന് ശേഷം മസ്ജിദ് വരേണ്ടതായിരുന്നുവെന്നും ഹുസൈൻ കൂട്ടിച്ചേർത്തു.

''മസ്ജിദിന് മുൻപ് ആശുപത്രി പണിയുക എന്നതായിരുന്നു ഞങ്ങളുടെ ശ്രമം. എന്നാൽ ഇത് 300 കോടി രൂപ അടങ്ങുന്ന വലിയ പദ്ധതിയാണ്. മസ്ജിദ് നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഇതിനകം തന്നെ നിരവധി പള്ളികൾ ഉണ്ട്, അതിനാൽ ഞങ്ങൾ ആദ്യം ഒരു ചാരിറ്റി ഹോസ്പിറ്റലും കമ്മ്യൂണിറ്റി കിച്ചണും നിർമിക്കാൻ ആലോചിച്ചത്,”-അദ്ദേഹം പറഞ്ഞു. പദ്ധതിക്കായി ഇതുവരെ 50 ലക്ഷം രൂപ സംഭാവനയായി ലഭിച്ചതായി ഹുസൈൻ വ്യക്തമാക്കി.

തത്കാലം ആശുപത്രിയില്ലാതെ ഒരു പുതുക്കിയ പ്ലാൻ ഞങ്ങൾ സമർപ്പിക്കും. ഡെവലപ്‌മെന്റ് ഫീസ് കുറയ്ക്കുന്നതിനായി ഞങ്ങൾ പ്ലാൻ പള്ളി മാത്രമേ ഉൾപ്പെടുത്തൂ. ആശുപത്രിയുൾപ്പെടെ മുഴുവൻ പദ്ധതിയുടെയും വികസന ഫീസ് കോടികളാണ്. അതിനാൽ, ആശുപത്രി പദ്ധതി തത്കാലം നിർത്തിവയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഭാവിയിൽ ഞങ്ങൾക്ക് കൂടുതൽ ഫണ്ട് ശേഖരിക്കാനാകുമെന്ന് ഞങ്ങൾ ഇപ്പോഴും പ്രതീക്ഷിക്കുന്നു,”ഹുസൈൻ കൂട്ടിച്ചേർത്തു.

അതേസമയം, അടുത്ത മാസം മുതല്‍ ട്രസ്റ്റ് അംഗങ്ങള്‍ രാജ്യത്തുടനീളം പൊതുജനങ്ങളില്‍ നിന്ന് സംഭാവന തേടാന്‍ തുടങ്ങുമെന്ന് ഫൗണ്ടേഷന്റെ ചീഫ് ട്രസ്റ്റിയും ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ സുഫര്‍ ഫാറൂഖി പറഞ്ഞു. അതിനുള്ള പദ്ധതി തയ്യാറാക്കാന്‍ ജൂലൈ അവസാനം ബോര്‍ഡ് യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

2019 നവംബർ 9 ന് രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിലെ വിധിയിൽ സുപ്രീം കോടതി തർക്കഭൂമി ക്ഷേത്രം പണിയാൻ നൽകാനും അയോധ്യയിൽ അഞ്ച് ഏക്കർ ഭൂമി മുസ്ലിങ്ങൾക്ക് പള്ളി പണിയാൻ നൽകാനും ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് രാമക്ഷേത്ര സ്ഥലത്ത് നിന്ന് 25 കിലോമീറ്റർ അകലെയുള്ള സോഹാവൽ തഹ്‌സിലിലെ ധനിപൂർ ഗ്രാമത്തിൽ ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡിന് ജില്ലാ ഭരണകൂടം ഭൂമി നൽകിയിരുന്നു.

രാമക്ഷേത്രം അതിന്റെ അവസാന ഘട്ടത്തിലാണെങ്കിലും ധന്നിപൂരിലെ മസ്ജിദിന്റെ നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ല. പള്ളിയുടെ നിർമാണത്തിന് മേൽനോട്ടം വഹിക്കുന്നതിനായി 2020 ജൂലൈയിൽ വഖഫ് ബോർഡ് ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ട്രസ്റ്റ് രൂപീകരിച്ചത്. മസ്ജിദിന് പുറമെ ചാരിറ്റി ഹോസ്പിറ്റൽ, കമ്മ്യൂണിറ്റി കിച്ചൺ, ലൈബ്രറി, റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ നിർമിക്കാൻ ട്രസ്റ്റ് പിന്നീട് ഈ സ്ഥലം ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. 2021 മെയ് മാസത്തിൽ ഐഐസിഎഫ് നിർദിഷ്ട മസ്ജിദിന്റെയും മറ്റ് പദ്ധതികളുടെയും പ്ലാനുകൾ അയോധ്യ വികസന അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു.

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം