സര്‍ക്കാര്‍ നടത്തുന്ന സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി (SECI) കരാര്‍ ഒപ്പിടാനുള്ള സംസ്ഥാനത്തിന്റെ വിമുഖത പരിഹരിക്കാന്‍ 2021 ഓഗസ്റ്റില്‍ ഗൗതം അദാനി അന്നത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയെ കണ്ടതായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ (എസ്ഇസി) ആരോപിച്ചു. കരാര്‍ സുരക്ഷിതമാക്കാന്‍ ഇന്‍സെന്‌റീവുകള്‍ ചര്‍ച്ച ചെയ്തതായി എസ്ഇസിയുടെ കോടതി ഫയലിങ്ങുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ 2019-2024 കാലഘട്ടത്തില്‍ അധികാരത്തിലിരുന്ന ജഗന്‍ റെഡ്ഡിയുടെ പാര്‍ട്ടി, തങ്ങളുടെ സര്‍ക്കാരിന് അദാനി ഗ്രൂപ്പുമായി നേരിട്ട് യാതൊരു കരാറും ഇല്ലെന്ന് പറഞ്ഞു.
എസ്ഇസിഐയുമായി വൈദ്യുതി വിതരണ കരാറില്‍ ഏര്‍പ്പെടുന്നതിന് ആ യോഗത്തിലോ അതിനോടനുബന്ധിച്ചോ ഗൗതം അദാനി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്തതായി എസ്ഇസി ഫയലങ്ങില്‍ പരാമര്‍ശിച്ചു. അദാനിക്കെതിരെ കൈക്കൂലി, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയ യുഎസ് കുറ്റപത്രത്തില്‍ പേര് വെളിപ്പെടുത്താത്ത ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് 1,750 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തതായി സൂചിപ്പിച്ചിരുന്നു.
യോഗത്തിന് തൊട്ടുപിന്നാലെ, എസ്ഇസിഐയില്‍ നിന്ന് ഏഴ് ജിഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ആന്ധ്രാപ്രദേശ് സമ്മതിച്ചു. ഒരു സംസ്ഥാനം സംഭരിക്കുന്ന ഏറ്റവും വലിയ സോളാര്‍ വൈദ്യുതിയായിരുന്നു അത്.
2020-ല്‍ 12 ഗിഗാവാട്ട് സൗരോര്‍ജ വൈദ്യുതി നിശ്ചിത വിലയ്ക്ക് വിതരണം ചെയ്യുന്നതിനായി അദാനി ഗ്രൂപ്പിനും അസൂര്‍ പവറിനും എസ്ഇസിഐ ടെന്‍ഡറുകള്‍ നല്‍കി. എന്നാല്‍ കൂടിയ വില കാരണം സൗരോര്‍ജ്ജം വാങ്ങുന്നവരെ കണ്ടെത്താന്‍ എസ്ഇസിഐക്ക് കഴിഞ്ഞില്ല.
യുഎസ് അന്വേഷകരുടെ അഭിപ്രായത്തില്‍ , വാങ്ങുന്നവരെ കണ്ടെത്താന്‍ എസ്ഇസിഐക്ക് കഴിയാതെ വന്നതോടെ, അദാനിയും അസൂറും സംസ്ഥാന ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്യാന്‍ ഗൂഢാലോചന നടത്തിയിരുന്നു. 2021-2023 കാലയളവില്‍ സംസ്ഥാന വൈദ്യുതി വിതരണ കമ്പനികളുമായി കരാര്‍ ഉറപ്പിക്കുന്നതിനായി അദാനി ഗ്രൂപ്പ് 265 മില്യണ്‍ യുഎസ് ഡോളര്‍ കൈക്കൂലിയായി നല്‍കി.
ആന്ധ്രാപ്രദേശിന് പുറമെ ഛത്തീസ്ഗഡ്, തമിഴ്നാട്, ഒഡീഷ, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളും സൗരോര്‍ജത്തിനായി സൈന്‍ അപ്പ് ചെയ്യാന്‍ തീരുമാനിച്ചു.
എന്നാല്‍, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.
തങ്ങളുടെ സര്‍ക്കാരിന് അദാനി ഗ്രൂപ്പുമായി നേരിട്ടുള്ള കരാറില്ലെന്നും 2021 ല്‍ ഒപ്പുവച്ച കരാര്‍ എസ്ഇസിഐയും വൈദ്യുതി വിതരണ കമ്പനികളും (ഡിസ്‌കോമുകള്‍) തമ്മിലാണെന്നും ജഗന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍സിപി പറഞ്ഞു. കുറ്റപത്രത്തിന്റെ വെളിച്ചത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നും വൈഎസ്ആര്‍സിപി ട്വീറ്റ് ചെയ്തു.
2021 നവംബറില്‍ ആന്ധ്രാപ്രദേശ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ ഏഴ് ഗിഗാവാട്ട് വൈദ്യുതി സംഭരണത്തിന് അംഗീകാരം നല്‍കിയതായി എക്‌സിലെ ഒരു പോസ്റ്റില്‍ വൈഎസ്ആര്‍സിപി പറഞ്ഞു. അതിനെ തുടര്‍ന്ന് 2021 ഡിസംബര്‍ 1-ന് എസ്ഇസിഐയും എപി ഡിസ്‌കോമുകളും തമ്മില്‍ ഒരു കരാര്‍ ഒപ്പുവച്ചു.
എസ്ഇസിഐയുമായുള്ള കരാറിന് കേന്ദ്ര ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനും അംഗീകാരം നല്‍കിയതായി പാര്‍ട്ടി അറിയിച്ചു. കരാര്‍ പ്രകാരം, എസ്ഇസിഐ 25 വര്‍ഷത്തേക്ക് 7 ഗിഗാവാട്ട് സൗരോര്‍ജ വൈദ്യുതി ഒരു കിലോവാട്ട്അവറിന് 2.49 രൂപയ്ക്ക് വിതരണം ചെയ്യും.
'സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങളുമായി ബന്ധപ്പെട്ട് ഈ പദ്ധതി അനുകൂലമാണ്, കുറഞ്ഞ നിരക്കില്‍ വൈദ്യുതി സംഭരിക്കുന്നത് പ്രതിവര്‍ഷം 3,700 കോടി രൂപ ലാഭിക്കുന്നതിലൂടെ സംസ്ഥാനത്തിന് ഗണ്യമായ നേട്ടമുണ്ടാക്കും,' വൈഎസ്ആര്‍സിപി പറഞ്ഞു.
മറുവശത്ത്, ഭരണകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) അമേരിക്കയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടില്ല. 'ഒരു നിഗമനത്തിലെത്തുന്നതിന് മുമ്പ് ഞങ്ങള്‍ക്ക് റിപ്പോര്‍ട്ട് പഠിക്കേണ്ടതുണ്ട്. ഇതിന് രണ്ട് മൂന്ന് ദിവസമെടുക്കും,' ടിഡിപി വക്താവ് കൊമ്മാറെഡ്ഡി പട്ടാഭിറാം പറഞ്ഞു.