INDIA

'മതന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ച് വിവേചനപരമായ നയങ്ങൾ'; ഇന്ത്യയിലെ മതസ്വാതന്ത്ര്യക്കുറിച്ച് തെളിവെടുപ്പിന് യുഎസ് കമ്മിഷൻ

രാജ്യത്ത് മതന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമണങ്ങളിൽ ഇന്ത്യയെ വിമർശിച്ചുകൊണ്ട് ഈ വർഷം മേയിൽ അമേരിക്ക റിപ്പോർട്ട് പുറത്തുവിട്ടിരുന്നു

വെബ് ഡെസ്ക്

ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെയും ബന്ധപ്പെട്ട പ്രശ്നങ്ങളെയും സംബന്ധിച്ച് തെളിവെടുപ്പ് നടത്താൻ യുഎസ് കമ്മിഷൻ ഫോർ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (യുഎസ്‌സിഐആർഎഫ്). സെപ്റ്റംബർ 20ന് തെളിവെടുപ്പ് നടത്തുമെന്നാണ് കമ്മിഷൻ അറിയിച്ചിരിക്കുന്നത്. മതന്യൂനപക്ഷങ്ങൾക്കതിരായുള്ള ആക്രമണങ്ങൾ പരിഹരിക്കുന്നതിൽ യുഎസ് സർക്കാരിന് ഇന്ത്യയുമായി ചേർന്ന് എങ്ങനെ പ്രവർത്തിക്കാമെന്നത് സംബന്ധിച്ചാണ് കമ്മിഷൻ അന്വേഷണം നടത്തുന്നത്.

തെളിവെടുപ്പിനായി ഫെർണാണ്ട് ഡി വരേനെസ് (ന്യൂനപക്ഷ വിഷയങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോർട്ടർ), താരിഖ് അഹമ്മദ് (ഫോറിൻ ലോ സ്പെഷ്യലിസ്റ്റ്, ലോ ലൈബ്രറി ഓഫ് കോൺഗ്രസ്), സാറാ യാഗർ (വാഷിങ്ടൺ ഡയറക്ടർ, ഹ്യൂമൻ റൈറ്റ്സ് വാച്ച്), സുനിത വിശ്വനാഥ് (എക്‌സിക്യൂട്ടീവ് ഡയറക്ടർ, ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്‌സ്), ഇർഫാൻ നൂറുദ്ദീൻ, (ഹമദ് ബിൻ ഖലീഫ അൽതാനി ജോർജ്‌ടൗൺ യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യൻ പൊളിറ്റിക്‌സ് പ്രൊഫസർ) എന്നിവരെ കമ്മിഷൻ ക്ഷണിച്ചിട്ടുണ്ട്.

മുൻപ് നിരവധി തവണ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കെതിരായ മനുഷ്യാവകാശപ്രശ്നങ്ങളിൽ അമേരിക്ക ഇടപെട്ടിട്ടുണ്ട്. രാജ്യത്ത് മതന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ ഇന്ത്യയെ വിമർശിച്ച് കൊണ്ട് മേയിൽ അമേരിക്ക റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. കഴിഞ്ഞയാഴ്ച ജി20 ഉച്ചകോടിക്കായി ഇന്ത്യ സന്ദർശിച്ചവേളയിൽ ഈ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചിരുന്നു.

ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഷിങ്ടൺ സന്ദർശനം അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് യുഎസ്‌സിഐആർഎഫ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. "എന്നിരുന്നാലും കഴിഞ്ഞ പത്ത് വർഷത്തിൽ മതപരിവർത്തന വിരുദ്ധ നിയമങ്ങൾ, ഗോഹത്യ നിയമങ്ങൾ, മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വ മുൻഗണനകൾ നൽകുന്ന നിയമനിർമ്മാണം, സിവിൽ സമൂഹ ഗ്രൂപ്പുകൾക്ക് വിദേശ ഫണ്ടിങ് നിയന്ത്രണങ്ങൾ എന്നിവയുൾപ്പെടെ മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള നിരവധി വിവേചനപരമായ നയങ്ങൾ ഇന്ത്യൻ സർക്കാർ നിർമിക്കുകയും നടപ്പിലാക്കുകയും ചെയ്തു, " പ്രസ്താവനയിൽ പറയുന്നു.

2020 മുതൽ, യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ഇന്ത്യയെ "പ്രത്യേക ഉത്കണ്ഠയുള്ള രാജ്യം" (സിപിസി) ആയി പ്രഖ്യാപിക്കണമെന്ന് യുഎസ്‌സിഐആർഎഫ് ശുപാർശ ചെയ്തിട്ടുണ്ടെന്നും പ്രസ്താവനയിൽ സൂചിപ്പിക്കുന്നു.

'അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോർട്ട് -2022' എന്ന റിപ്പോർട്ടിലാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഇന്ത്യയിലെ മതസ്വാതന്ത്ര്യം, മതന്യൂനപക്ഷങ്ങള്‍ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുകയും വിമർശിക്കുകയും ചെയ്തത്. എന്നാൽ തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത് എന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. വസ്തുതാവിരുദ്ധവും തെറ്റായ ധാരണകളുടെ അടിസ്ഥാനത്തില്‍ സൃഷ്ടിക്കപ്പെട്ടതുമാണ് റിപ്പോര്‍ട്ടെന്നും കുറ്റപ്പെടുത്തി. ശേഷം ഇന്ത്യയിലെ മനുഷ്യാവകാശ, മാധ്യമസ്വാതന്ത്ര്യ വിഷയങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി.

മനുഷ്യാവകാശങ്ങളെ മാനിക്കേണ്ടതിന്റെ പ്രാധാന്യവും രാജ്യം കെട്ടിപ്പടുക്കുന്നതില്‍ പൗര സമൂഹത്തിനും സ്വതന്ത്രമാധ്യമങ്ങള്‍ക്കുമുള്ള സുപ്രധാന പങ്കിനെക്കുറിച്ചും മോദിയോട് ബൈഡൻ സംസാരിച്ചിരുന്നു. നേരത്തെ ഐക്യരാഷ്ട്രസഭാ മനുഷ്യവകാശ ഹൈകമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്കും ഇന്ത്യയിലെ സാമൂഹ്യ സാഹചര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഹരിയാനയിലെയും മണിപ്പൂരിലെയും വംശീയ വര്‍ഗീയ സംഘര്‍ഷങ്ങളെക്കുറിച്ച് സംസാരിക്കവെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും സംരക്ഷിക്കാനും ഇന്ത്യ പരിശ്രമിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി