പാകിസ്താന് എഫ്-16 യുദ്ധവിമാനം വാങ്ങുന്നതിനും നവീകരിക്കുന്നതിനുമായി സാമ്പത്തിക സഹായം അനുവദിച്ചതില്‍ വിശദീകരണവുമായി അമേരിക്ക. ഇന്ത്യ വിമര്‍ശനവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് യുഎസിന്റെ മറുപടി. ഇന്ത്യയും പാകിസ്താനും അമേരിക്കയുടെ പങ്കാളികളാണെന്ന് യുഎസ് വ്യക്തമാക്കി. രണ്ട് രാജ്യങ്ങളുമായുള്ള ബന്ധം രണ്ട് തലത്തിലാണെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വിശദീകരിച്ചു.
പാകിസ്താന് 450 മില്യന്‍ ഡോളര്‍ അനുവദിച്ച നടപടിയെ ഇന്ത്യ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഭീകരതയ്ക്കെതിരെ പോരാടാനായാണ് സാമ്പത്തിക സഹായം അനുവദിച്ചതെന്നായിരുന്നു ഫണ്ട് അനുവദിച്ച് യുഎസ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ എഫ്-16 യുദ്ധവിമാനങ്ങള്‍ എവിടെ, ആര്‍ക്കെതിരെ ഉപയോഗിക്കുന്നുവെന്ന് എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ പ്രതികരണം. ഭീകരതയ്ക്കെതിരായ പോരാട്ടമെന്ന് പറഞ്ഞ് ആരെയും വിഡ്ഢികളാക്കാമെന്ന് കരുതേണ്ടെന്നും എസ് ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു.
പാകിസ്ഥാന് എഫ്-16 വിമാനം അനുവദിക്കേണ്ട എന്നായിരുന്നു മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എടുത്ത തീരുമാനം. അഫ്ഗാനിസ്ഥാനിലെ താലിബാനും ഹഖാനി ശൃംഖലയ്ക്കും സുരക്ഷിത താവളമൊരുക്കിയ പാകിസ്താന് സൈനിക സഹായം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നു എന്നാണ് ട്രംപ് ഭരണകൂടം നിലപാടെടുത്തത്. ഇത് റദ്ദാക്കിയാണ് ഈമാസം ആദ്യം എഫ്-16 സുസ്ഥിര പദ്ധതിക്ക് പാകിസ്താന് സഹായം നല്‍കാന്‍ യുഎസ് അംഗീകാരം നല്‍കിയത്. സുരക്ഷയും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനവും ശക്തിപ്പെടുത്തുക എന്നതായിരുന്നു യുഎസ് അന്ന് നല്‍കിയ വിശദീകരണം.
''ഞങ്ങള്‍ രണ്ടു കൂട്ടരേയും പങ്കാളികളായി കാണുന്നു. പല ഘട്ടങ്ങളിലും മൂല്യങ്ങളും താല്‍പ്പര്യങ്ങളും പരസ്പരം പങ്കിടുന്നു. അയല്‍രാജ്യങ്ങള്‍ തമ്മില്‍ ക്രിയാത്മക ബന്ധം പുലര്‍ത്തുന്നുവെന്ന് ഉറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യും'' - അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലെ അസ്ഥിരതയും അക്രമവും പാകിസ്താന്റെ താല്‍പര്യമല്ലെന്ന് യുഎസ് വിശദീകരിച്ചു. പാകിസ്താനെ പ്രതിസന്ധിയാലാക്കിയ അതിരൂക്ഷമായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അമേരിക്ക ദശലക്ഷക്കണക്കിന് ഡോളര്‍ ദുരിതാശ്വാസമായി നല്‍കിയിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ പാകിസ്താന് സഹായം നല്‍കുന്നത് തുടരുമെന്നും യുഎസ് വ്യക്തമാക്കി.