INDIA

യുപിയിൽ യോഗിക്കും പാർട്ടി അധ്യക്ഷനുമെതിരെ പടയൊരുക്കം; തിരക്കിട്ട ചർച്ചകളുമായി നേതാക്കൾ ഡൽഹിയിൽ, പുന:സംഘടനയ്ക്ക് സാധ്യത

ഭൂപേന്ദ്ര ചൗധരിയെ മാറ്റി ഒബിസി വിഭാഗത്തിൽ നിന്നുള്ള വ്യക്തിയെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാക്കാനാണ് കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്

വെബ് ഡെസ്ക്

ലോക്‌സഭ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിക്ക് പിന്നാലെ ഉത്തർപ്രദേശ് ബിജെപിയിൽ വിഭാഗിയത പുകയുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും യുപി ബിജെപി അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരിക്കും എതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം നടക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഭിന്നതയവസാനിപ്പിക്കാന്‍ സംസ്ഥാനഘടകം പുന:സംഘടിപ്പിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ബിജെപി കേന്ദ്ര നേതൃത്വം പരിഗണിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച മുന്നേറ്റം നേടാന്‍ കഴിയാത്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കാനുള്ള സന്നദ്ധത യുപി ബിജെപി അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത് ഷായെയും അറിയിച്ചിട്ടുണ്ട്. നേരത്തെ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഭൂപേന്ദ്ര ചൗധരിയെ മാറ്റി ഒബിസി വിഭാഗത്തിൽ നിന്നുള്ള വ്യക്തിയെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാക്കാനാണ് കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്. നിലവിലെ സംസ്ഥാന അധ്യക്ഷനായ ഭൂപേന്ദ്ര ചൗന്ദരി ജാട്ട് സമുദായത്തിൽ നിന്നുള്ള വ്യക്തിയാണ്. 2022 ലാണ് ചൗന്ദരി യുപി ബിജെപി അധ്യക്ഷനാവുന്നത്.

അതേസമയം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഉയരുന്ന എതിര്‍പ്പ് വ്യക്തമാക്കിക്കൊണ്ടാണ് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഡൽഹിയിലെത്തിയിരിക്കുന്നത്. 2019 ൽ 62 സീറ്റുകൾ ഉണ്ടായിരുന്ന ബിജെപിക്ക് 2024 എത്തിയപ്പോൾ 33 ആയി കുറഞ്ഞു. കഴിഞ്ഞ രണ്ട് തവണയും ബിജെപി തന്നെയായിരുന്നു സംസ്ഥാനത്ത് അധികാരത്തിൽ എത്തിയത്. 2027 ലാണ് സംസ്ഥാനത്ത് അടുത്ത തിരഞ്ഞെടുപ്പ് നടക്കുക.

അതേസമയം പാർട്ടിക്കുള്ളിലെ പടലപിണക്കം പുറത്ത് അറിയുന്നതിൽ കേന്ദ്രനേതൃത്വത്തിന് എതിർപ്പുകളുണ്ട്. സംഘടനയിൽ സമ്പൂർണ അഴിച്ചുപണി നടത്തി പുറത്തുവരുന്ന വാർത്തകളെയും വിഭാഗിയതയെയും ചെറുക്കാനാണ് ബിജെപി തീരുമാനം. അതേസമയം, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പരോഷ വിമർശനം നടത്തിയിരുന്നു. സർക്കാരിനേക്കാൾ വലുതാണ് സംഘടനയെന്നും സംഘടനയേക്കാൾ വലുതായി ആരുമില്ലെന്നും കഴിഞ്ഞ ഞായറാഴ്ച നടന്ന പാർട്ടി യോഗത്തിൽ മൗര്യ പറഞ്ഞിരുന്നു.

അതേസമയം ബിജെപിയിലെയും സർക്കാരിലെയും പടലപിണക്കം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്നുണ്ട്. സർക്കാരിനുള്ളിലെ ചേരിതിരിവ് മൂലം സംസ്ഥാനത്തെ ജനങ്ങൾ ദുരിതമനുഭവിക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. ബിജെപി നേതാക്കൾ പരസ്പരം പോരടിക്കുകയാണെന്നും അഴിമതിയെക്കുറിച്ച് ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയിൽ അഭ്യന്തരകലഹമുണ്ടെന്നാരോപണം ബിജെപി തള്ളികളഞ്ഞിട്ടുണ്ട്. രാജ്യത്തും സംസ്ഥാനത്തും ബിജെപിയുടെ സർക്കാരുകളും സംഘടനകളും ശക്തമാണെന്ന് മൗര്യ ട്വീറ്റ് ചെയ്തിരുന്നു. 'യുപിയിൽ എസ്പിയുടെ ഗുണ്ടകളുടെ ഭരണത്തിന്റെ തിരിച്ചുവരവ് അസാധ്യമാണ്. 2027ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ ബിജെപി 2017 ആവർത്തിക്കും,' എന്നായിരുന്നു മൗര്യയുടെ പ്രതികരണം.

അതേസമയം അമിത ആത്മവിശ്വാസമാണ് ലോക്‌സഭ തിരഞ്ഞെടുപ്പിൽ പാർട്ടിയെ പരാജയപ്പെടുത്തിയതെന്നാണ് സംസ്ഥാന ബിജെപി യോഗത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. 2014 മുതൽ ഉള്ള തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ലഭിച്ച അതേശതമാനം വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ വോട്ടുകളുടെ വ്യതിയാനവും അമിത ആത്മവിശ്വാസവുമാണ് തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടാൻ കാരണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ശക്തമാക്കാൻ പാർട്ടി പ്രവർത്തകരോട് ആദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം