INDIA

'എല്ലാവര്‍ക്കും തുല്യ അവകാശം'; ഏകീകൃത സിവില്‍ കോഡ് ബില്‍ പാസാക്കി ഉത്തരാഖണ്ഡ്, ആദ്യ സംസ്ഥാനം

എല്ലാവര്‍ക്കും തുല്യ അവകാശം നല്‍കുന്നതാണ് ഉത്തരാഖണ്ഡ് യൂണിഫോം സിവില്‍ കോഡ് എന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു

വെബ് ഡെസ്ക്

ഏകീകൃത സിവില്‍ കോഡ് ബില്‍ പാസാക്കി ഉത്തരാഖണ്ഡ് നിയമസഭ. നാലു ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിനത്തിലാണ് ബില്‍ നിയമ സഭയുടെ അംഗീകാരം നേടുന്നത്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നത് ഉത്തരാഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രധാന വാഗ്ദാനമായിരുന്നു. പോര്‍ച്ചുഗീസ് ഭരണകാലം മുതല്‍ യുസിസി നിലവിലുള്ള ഗോവയ്ക്ക് ശേഷം നിയമം നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി.

മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. സിവില്‍ കോഡ് ബില്‍ നിയമസഭയില്‍ വെച്ചപ്പോള്‍ ബിജെപി എംഎല്‍എമാര്‍ വന്ദേമാതരം, ജയ് ശ്രീറാം വിളിച്ചുകൊണ്ടായിരുന്നു പ്രതികരിച്ചത്. എല്ലാവര്‍ക്കും തുല്യ അവകാശം നല്‍കുന്നതാണ് ഉത്തരാഖണ്ഡ് യൂണിഫോം സിവില്‍ കോഡ് എന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. നിയമം നടപ്പാക്കുന്ന ആദ്യത്തെ സംസ്ഥാനമായി മാറിയതില്‍ ഉത്തരാഖണ്ഡിലെ എല്ലാ ജനങ്ങളും അഭിമാനിക്കുന്നതായും ധാമി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്നില്ലെന്നും നിയമസഭയിലെ പെരുമാറ്റച്ചട്ടങ്ങള്‍ ബിജെപി അവഗണിച്ചതിന് എതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്നും പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംഎല്‍എയുമായ യഷ്പാല്‍ ആര്യ പറഞ്ഞു. ''ഞങ്ങള്‍ ഏകീകൃത സിവില്‍ കോഡിന് എതിരല്ല. സഭ നിയന്ത്രിക്കുന്നത് പെരുമാറ്റച്ചട്ടത്തിന് അനുസരിച്ചാണ്. എന്നാല്‍, ബിജെപി ഇത് തുടര്‍ച്ചയായി ലംഘിക്കുകയാണ്. സംഖ്യാബലത്തിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എമാരുടെ ശബ്ദം അടിച്ചമര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നത്'', അദ്ദേഹം പറഞ്ഞു.

നാല് സെക്ഷനുകളിലായി 182 പേജാണ് ബില്ലിനുള്ളത്. വിവാഹം, വിവാഹ മോചനം, ഉത്തരാഖണ്ഡിലെ എല്ലാ പൗരന്‍മാര്‍ക്കും അവരുടെ മതം പരിഗണിക്കാതെ ഭൂമിയിലും സ്വത്തിലും അനന്തരാവകാശത്തിനുമുളള അര്‍ഹത എന്നിവ ബില്‍ നിഷ്‌കര്‍ഷിക്കുന്നു. ശൈശവ വിവാഹ നിരോധനം, എല്ലാ മതത്തിലും പെട്ടവര്‍ക്ക് ഏകീകരിച്ച വിവാഹ പ്രായം എന്നിവയും നിയമത്തിലുണ്ട്.

സുപ്രീംകോടതി മുന്‍ ജഡ്ജി രഞ്ജന പ്രകാശ് ദേശായ് അടങ്ങുന്ന അഞ്ചംഗ സമിതി സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ട് കഴിഞ്ഞദിവസം മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഉത്തരാഖണ്ഡ് ഏകീകൃത സിവില്‍ കോഡ് പാസാക്കിയതോടെ, ബിജെപി ഭരിക്കുന്ന അസം, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളും നിയമം നടപ്പാക്കാനുള്ള വഴിയിലേക്ക് കടക്കും എന്നാണ് ഉന്നത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം