INDIA

ഏകീകൃത സിവില്‍ കോഡ് പാസാക്കും; ഏകദിന നിയമസഭാ സമ്മേളനം വിളിച്ച് ഉത്തരാഖണ്ഡ്

സ്ത്രീകളുടെ വിവാഹപ്രായം പതിനെട്ടായി നിലനിര്‍ത്താനും റിപ്പോർട്ടില്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.

വെബ് ഡെസ്ക്

ഏകീകൃത സിവില്‍ കോഡ് പാസാക്കുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം നടത്താന്‍ തീരുമാനിച്ച് ഉത്തരാഖണ്ഡ്. ഫെബ്രുവരി അഞ്ചിനാണ് ഒരു ദിവസം മാത്രമുള്ള സമ്മേളനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സിവില്‍ കോഡിനെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി മുന്‍ ജഡ്ജി രഞ്ജന പ്രകാശ് ദേശായ് അടങ്ങുന്ന അഞ്ചംഗ സമിതിയെ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം മേയില്‍ നിയമിച്ചിരുന്നു. ഫെബ്രുവരി രണ്ട്, മൂന്ന് ദിവസങ്ങളിലായി സമിതി റിപ്പോർട്ട് സമര്‍പ്പിക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിയമസഭാ സമ്മേളനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ടില്‍ പൂര്‍വിക സ്വത്തുക്കളിലെ പെണ്‍മക്കളുടെ തുല്യാവകാശം, ലിംഗസമത്വം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നുണ്ട്. എന്നാല്‍ സ്ത്രീകളുടെ വിവാഹപ്രായം 21 വയസായി ഉയര്‍ത്താനുള്ള നിര്‍ദേശം റിപ്പോര്‍ട്ടില്‍ ഇല്ല. വിവാഹപ്രായം പതിനെട്ടായി നിലനിര്‍ത്താനും ശിപാര്‍ശ ചെയ്തിട്ടുണ്ട്.

ഉത്തരാഖണ്ഡ് സിവില്‍ കോഡ് പാസാക്കിയാല്‍ ബിജെപി ഭരിക്കുന്ന ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങളും ഇത് പാസാക്കുമെന്നാണ് ഉന്നത വൃത്തങ്ങള്‍ അറിയിക്കുന്നത്. അങ്ങനെയാണെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മൂന്ന് സംസ്ഥാനങ്ങളില്‍ സിവില്‍ കോഡ് പാസാകുന്നതായിരിക്കും.

ബില്ലും റിപ്പോര്‍ട്ടുകളും തയ്യാറാണെന്നും എന്നാല്‍ ഇംഗ്ലീഷിലുള്ള റിപ്പോര്‍ട്ടിന്റെ ഹിന്ദിയിലേക്കുള്ള വിവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നുമാണ് സൂചന. ബില്ലിന്റെ കരട് തയ്യാറാക്കാന്‍ വേണ്ടി ഡല്‍ഹി ഹൈക്കോടതി ജഡ്ജി പ്രമോദ് കോഹ്ലി, സാമൂഹ്യ പ്രവര്‍ത്തകന്‍ മനു ഗൗര്‍, മുന്‍ ചീഫ് സെക്രട്ടറിയും ഐഎഎസ് ഓഫീസറുമായ ശത്രുഘന്‍ സിങ് തുടങ്ങിയവരടങ്ങിയ രണ്ട് ഉപകമ്മിറ്റികളുമുണ്ടായിരുന്നു.

2022ലെ ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനമായിരുന്നു സിവില്‍ കോഡ്. പുതിയ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ കമ്മിറ്റിയും പ്രഖ്യാപിക്കുകയായിരുന്നു.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം