ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസത്താല്‍ വലയുന്ന ജോഷിമഠിന് ഉത്തരാഖണ്ഡ് സർക്കാർ 45 കോടിയുടെ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. മൂവായിരത്തോളം കുടുംബങ്ങള്‍ക്ക് ധനസഹായം ഉടൻ കൈമാറുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചു. അതേസമയം, പ്രദേശത്ത് കൂടുതലിടങ്ങളില്‍ വിള്ളലുകള്‍ കണ്ടെത്തി. 25-ലേറെ സൈനിക കെട്ടിടങ്ങളിലും വിള്ളല്‍ കണ്ടെത്തി. കെട്ടിടങ്ങളില്‍നിന്ന് സൈനികരെ മാറ്റിയെന്ന് മുഖ്യമന്ത്രി അറിയിച്ചു.
തൽക്കാലം ഒരു കുടുംബത്തിന് 1.50 ലക്ഷം വീതം ഇടക്കാല സഹായമാണ് നൽകുന്നത്. സ്ഥിരമായ പുനരധിവാസ നയം തയ്യാറാകുന്നത് വരെ, നാശനഷ്ടമുണ്ടായ ഭൂവുടമകൾക്കും കുടുംബങ്ങൾക്കും മുൻകൂറായി ഒരു ലക്ഷം രൂപ നൽകിയിട്ടുണ്ട്. ജോഷിമഠിന് പിന്നാലെ മറ്റ് നഗരങ്ങളിലും സമാനമായ പ്രശ്നങ്ങളുണ്ടോയെന്ന് സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
20,000 ത്തോളം ആളുകള്‍ താമസിക്കുന്ന നഗരത്തില്‍ 600ഓളം വീടുകള്‍ക്കും നിരവധി ഹോട്ടലുകള്‍ക്കും ഇതുവരെ വിള്ളലേറ്റിട്ടുണ്ട്. നിരവധി പേർ വീട് വിട്ടൊഴിഞ്ഞു. 131 കുടുംബങ്ങളെ നിലവില്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഭൂരിഭാഗവും തകര്‍ന്ന കെട്ടിടങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പൊളിച്ചുനീക്കാൻ നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ഡിസംബര്‍ 24 മുതലാണ് ഭൂമിയില്‍ വിള്ളല്‍ വീണുതുടങ്ങിയത്. ജനുവരി ആദ്യ ദിവസങ്ങളില്‍ വീടുകള്‍ക്ക് വിള്ളല്‍ വീണുതുടങ്ങിയതോടെയാണ് ആശങ്കയേറിയത്. ചമോലി ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 6000 അടി ഉയരത്തിലാണ് ജോഷിമഠ് നഗരം. വിദഗ്ധർ നിരവധി തവണ നൽകിയ മുന്നറിയിപ്പുകൾ സർക്കാരുകൾ അവഗണിച്ചതാണ് ജോഷിമഠിലും സമീപപ്രദേശങ്ങളിലും ഭൂമി തകർച്ചമൂലമുണ്ടായ പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.