INDIA

ജോഷിമഠില്‍ നിര്‍മാണ നിരോധനം ഉറപ്പാക്കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി; പ്രശ്നം എന്‍ടിപിസിയോ?- അന്വേഷിക്കാന്‍ സര്‍ക്കാര്‍

വെബ് ഡെസ്ക്

ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാണ് കെട്ടിടങ്ങളില്‍ വിള്ളല്‍ രൂപപ്പെടുന്ന പശ്ചാത്തലത്തില്‍ മേഖലയില്‍ നിർമാണ നിരോധനം കർശനമായി പാലിക്കാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ്. വിദഗ്ധ സമിതി രൂപീകരിച്ച് ജോഷിമഠിലെ സാഹചര്യം പഠിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് വിപിന്‍ സാംഘി, ജസ്റ്റിസ് അലോക് കുമാര്‍ കുമാര്‍ വര്‍മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. കൂടുതല്‍ നാശനഷ്ടങ്ങള്‍ തടയാനുള്ള സാധ്യതകളാകണം വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കമെന്നും കോടതി വ്യക്തമാക്കി.

ദുരന്ത നിവാരണ അതോറിറ്റി സിഇഒ പിയുഷ് റൗട്ടേല, സ്‌പേസ് ആപ്ലിക്കേഷൻ സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ എംപിഎസ് ബിഷ്ത് എന്നിവരെ സമിതിയിൽ ഉൾപ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചു. ദുരന്തനിവാരണ രംഗത്തെ വിദഗ്ധര്‍, ഹൈഡ്രോളജി, ജിയോളജി, ഗ്ലേഷ്യോളജി തുടങ്ങിയ മേഖലകളിലെ വിദഗ്ധര്‍ എന്നിവരടങ്ങിയ സമിതി മെയ് 24 ന് മുന്‍പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി ഉത്തരവ്. എന്‍ടിപിസിയുടെ (നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍) ജലവൈദ്യുത പദ്ധതിയുള്ള ഋഷിഗംഗ നദിയിലും വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ദൗലിഗംഗ നദിയിലും വെള്ളപ്പൊക്കമുണ്ടായി നിരവധിപേര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി പരിഗണിച്ചത്. 2021ലെ ഹര്‍ജികള്‍ പരിഗണിക്കവെ നിലവിലെ സാഹചര്യമാണ് ആദ്യം ചര്‍ച്ച ചെയ്യേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ നല്‍കിയത്. ജോഷിമഠിലെ പുതിയ സാഹചര്യവുമായി ബന്ധപ്പെട്ട ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്. 1976ലെ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ജോഷിമഠില്‍ വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് ചൂട്ടിക്കാട്ടിയാണ് പുതിയ ഹര്‍ജി.

ജോഷിമഠില്‍ ഭൂമിയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് പിന്നിൽ നാഷണൽ തെർമൽ പവർ കോര്‍പ്പറേഷന്റെ നിര്‍മാണപ്രവര്‍ത്തികളാണെന്ന ആരോപണം ശക്തമായ സാഹചര്യത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിയുമായി ബന്ധിപ്പിച്ചിരിക്കുന്ന 12 കിലോമീറ്റർ നീളമുള്ള തുരങ്കമാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി അന്വേഷണത്തിന് ഉത്തരവിട്ടത്.

എന്നാല്‍ ആരോപണങ്ങള്‍ എന്‍ടിപിസി തള്ളി. തുരങ്കം ജോഷിമഠില്‍ നിന്ന് അകലെയാണെന്നും രണ്ട് വര്‍ഷമായി മേഖലയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്നും എന്‍ടിപിസി ഉത്തരാഖണ്ഡ് സര്‍ക്കാരിനെ അറിയിച്ചു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്