ഉത്തരാഖണ്ഡില്‍ വിവാഹവും ലിവ് ഇൻ ബന്ധങ്ങളും രജിസ്റ്റർ ചെയ്യുന്നതിന് ഓണ്‍ലൈൻ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ശുപാർശ ചെയ്ത് ഏക സിവില്‍ കോഡിനായുള്ള (യുസിസി) ചട്ടങ്ങള്‍ രൂപികരിക്കാൻ നിയോഗിച്ച സമിതി. ഇന്നായിരുന്നു നിയമരൂപീകരണത്തിനും നടപ്പാക്കലിനുമായി നിയോഗിച്ച സമിതിയുടെ അന്തിമയോഗം.
500 പേജ് ഉള്‍പ്പെട്ട റിപ്പോർട്ടാണ് സമിതി തയാറാക്കിയിരിക്കുന്നത്. പ്രധാന സമിതിക്ക് പുറമെ ഉപസമിതികളും ചേർന്നാണ് ശുപാർശകള്‍ തയാറാക്കിയത്. 130ലധികം യോഗങ്ങള്‍ ഇതിനായി ചേരുകയും ചെയ്തു. ഉടൻ തന്നെ സർക്കാരിന് ഇത് സമർപ്പിക്കാനാണ് നീക്കം.
വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ ശത്രുഘ്‌നൻ സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു സമിതി. വിവാഹ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട അധികാരം ഒരു സബ് രജിസ്ട്രാർക്കൊ അല്ലെങ്കില്‍ മരണ-ജനന സർട്ടിഫിക്കറ്റ് നല്‍കാൻ അധികാരമുള്ള ഗ്രാമപഞ്ചായത്ത് വികസന ഓഫീസർക്കൊ ആയിരിക്കണമെന്നും ശുപാർശ ചെയ്തിട്ടുണ്ടെന്ന് ശത്രുഘ്‌നൻ വ്യക്തമാക്കി.
എങ്ങനെ നിയമങ്ങള്‍ നടപ്പാക്കണം എന്നതിന് പുറമെ നിയമനിർമ്മാണ പ്രക്രിയയുടെ വിശദമായ വിവരങ്ങളും റിപ്പോർട്ടിലുണ്ടാകുമെന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമമായ ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉത്തരാഖണ്ഡ് യുസിസി ഒരു മോഡലാക്കിയായിരിക്കും ബിജെപി മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കുക എന്ന സൂചനയുമുണ്ട്. ഇത് കണക്കാക്കിയാണ് റിപ്പോർട്ട് തയാറാക്കിയിട്ടുള്ളതെന്നുമാണ് വിവരം.
ഡിജിറ്റലായി വിവാഹവും ലിവ് ഇൻ ബന്ധങ്ങളും രജിസ്റ്റർ ചെയ്യുന്നതിനാവശ്യമായ വെബ്സൈറ്റും ആപ്ലിക്കേഷനും ഇതിനോടകം തയാറാണെന്നും സമിതി അംഗങ്ങള്‍ അറിയിക്കുന്നു. ഇത് മറ്റ് സർക്കാർ വെബ്സൈറ്റുകളുമായി ബന്ധിപ്പിക്കാനും കഴിയും. അനുവദിച്ച സമയത്തിന് മുൻപ് തന്നെ റിപ്പോർട്ട് തയാറാക്കാൻ കഴിഞ്ഞെന്നും ശത്രുഘ്‌നൻ സിങ് പറഞ്ഞു.
നേരത്തെ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ പുഷ്കർ സിങ് ധാമി യുസിസി നവംബർ ഒൻപതിന് നടപ്പാക്കാൻ പദ്ധതിയുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു.
ഡിജിറ്റല്‍ സംവിധാനങ്ങളുമായി പരിചയക്കുറവുള്ളവർക്ക് സഹായത്തിനായി സാമൂഹിക സേവ കേന്ദ്രങ്ങള്‍ (സിഎസ്‌സി) നിർദേശിച്ചിട്ടുള്ളതായും സമിതി പറയുന്നു. ഇതുസംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സിഎസ്‌സി പ്രതിനിധികളുമായി ചർച്ച ചെയ്തതായും സമിതി അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഉത്തരാഖണ്ഡ് നിയമസഭ യുസിസി ബില്‍ പാസാക്കിയത്.