ഗ്യാൻവാപി പള്ളി 
INDIA

ഗ്യാൻവാപി പള്ളിയിലെ ആർക്കിയോളജിക്കൽ സർവെയ്ക്ക് അധികസമയം അനുവദിച്ച് വാരണാസി കോടതി; റിപ്പോർട്ട് ഒക്ടോബർ ആറിനകം

സെപ്റ്റംബർ രണ്ടിനകം സർവേ റിപ്പോർട്ട് സമർപ്പിക്കാനാണ് വാരണാസി കോടതി എഎസ്ഐയോട് മുൻപ് നിർദേശിച്ചിരുന്നത്

വെബ് ഡെസ്ക്

ഗ്യാന്‍വാപി പള്ളിയിലെ ആർക്കിയോളജിക്കല്‍ സർവെയ്ക്ക് നാലാഴ്ച അധിക സമയം അനുവദിച്ച് വാരണാസി കോടതി. സർവെ പൂർത്തിയാക്കി ഒക്ടോബർ ആറിനുള്ളില്‍ ആർക്കിയോളജിക്കല്‍ സർവെ ഓഫ് ഇന്ത്യ(എഎസ്ഐ) റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. സെപ്റ്റംബർ രണ്ടിനകം സർവേ റിപ്പോർട്ട് സമർപ്പിക്കാനാണ് വാരണാസി കോടതി എഎസ്ഐയോട് മുൻപ് നിർദേശിച്ചിരുന്നത്

ഓഗസ്റ്റ് മാസമാദ്യമാണ് അലഹബാദ് കോടതി സര്‍വെ നടത്താൻ എഎസ്‌ഐയ്ക്ക് അനുമതി നല്‍കിയത്. ഉത്തരവിനെത്തുടര്‍ന്ന് കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള 'വുസുഖാന' ഒഴികെയുള്ള പള്ളി സമുച്ചയത്തിന്റെ ശാസ്ത്രീയ സര്‍വെ ഓഗസ്റ്റ് 4 ന് ആരംഭിക്കുകയായിരുന്നു.

വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള മസ്ജിദ് സമുച്ചയത്തിന്റെ എഎസ്ഐ സര്‍വെയെ ചോദ്യം ചെയ്ത് അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് ഹൈക്കോടതി ഉത്തരവിനെ മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തെങ്കിലും എഎസ്ഐയുടെ ശാസ്ത്രീയ സര്‍വെ സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു. മസ്ജിദില്‍ ഖനനം നടത്തരുതെന്നും കേടുപാടുകളുണ്ടാക്കരുതെന്നും സുപ്രീംകോടതി ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയ്ക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്.

മസ്ജിദ് സമുച്ചയത്തിന്റെ കാലപ്പഴക്കം കണ്ടെത്താൻ ശാസ്ത്രീയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള സർവെയാണ് നടക്കുന്നത്. ലൈൻ ഡ്രോയിങ്ങുകൾ, ഡോക്യുമെന്റേഷൻ, ജിപിആർ (ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ) ഇമേജിങ്, കുറിപ്പ് തയ്യാറാക്കൽ എന്നിവയ്ക്കൊപ്പം ഫോട്ടോഗ്രഫി, വീഡിയോഗ്രഫി കൂടി ഉൾപ്പെടുന്നതാണ് എഎസ്‌ഐ സർവേ. സമുച്ചയത്തിന്റെ മുഴുവൻ ഭാഗവും പരിശോധിച്ച ശേഷം പുരാവസ്തുക്കളുടെ ഉൾപ്പെടെ ഫോട്ടോ എടുത്തുവയ്ക്കും. എവിടെയാണ് ഇവ കണ്ടത് എന്നതിനെക്കുറിച്ച് തെളിവുകൾ സഹിതം കോടതിയിൽ സമർപ്പിക്കാനാണിത്.

ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്ന സ്ഥലത്താണ് പള്ളി പണിതതെന്ന് അവകാശപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് വാരണാസി ജില്ലാ കോടതി എഎസ്‌ഐ സര്‍വെയ്ക്ക് അനുമതി നല്‍കിയത്. ഇതിനെതിരെ മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും അപ്പീൽ കോടതികൾ തള്ളുകയായിരുന്നു.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി