INDIA

ഗ്യാന്‍വാപി പള്ളിയിൽ കാർബൺ ഡേറ്റിംഗ് നടത്തണമെന്നാവശ്യം: വിധി 21ന്

വെബ് ഡെസ്ക്

ഗ്യാന്‍വാപി പള്ളിയിൽ കാർബൺ ഡേറ്റിംഗ് ഉൾപ്പടെയുള്ള ശാസ്ത്രീയ പരിശോധനകൾ നടത്തണമെന്ന ഹർജിയിൽ വാരാണസി ജില്ലാ കോടതി ജൂലൈ 21ന് വിധി പറയും. അഭിഭാഷകനായ വിഷ്ണു ജെയിൻ സമർപ്പിച്ച ഹർജിയിലാണ് ഈ മാസം 21 ന് വിധി പറയുക. ഗ്യാന്‍വാപി പള്ളിയിൽ മുഴുവനായി കാർബൺ ഡേറ്റിംഗ് നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം. കഴിഞ്ഞ വർഷം ഇതേ കാര്യം ആവശ്യപ്പെട്ട് സമർപ്പിച്ച മറ്റൊരു ഹർജി വാരാണസി കോടതി തള്ളിയിരുന്നു.

കഴിഞ്ഞ മെയിലാണ് കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള മുഴുവൻ ഗ്യാന്‍വാപി മസ്ജിദ് പരിസരവും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സർവേ നടത്തണമെന്ന ഹർജിയിൽ വാദം കേൾക്കാൻ കോടതി സമ്മതിച്ചത്. ഹിന്ദു പക്ഷത്തെ പ്രതിനിധീകരിച്ചാണ് വിഷ്ണു ശങ്കർ ജെയിൻ ഹർജി സമർപ്പിച്ചത്.

ഹർജി പരിഗണിച്ച കോടതി ഹിന്ദു പക്ഷം സമർപ്പിച്ച വാദങ്ങൾക്ക് മറുപടി നൽകാൻ ഗ്യാന്‍വാപി പള്ളി കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ഇരുഭാഗത്തിന്റെയും വാദങ്ങൾ കേട്ട ശേഷമാണ് കാർബൺ ഡേറ്റിംഗ് സംബന്ധിച്ച വിധി കോടതി ജൂലൈ 21ലേക്ക് മാറ്റി വെച്ചത്.

അതേസമയം വാരണാസിയിലെ ഗ്യാന്‍വാപി സമുച്ചയത്തിന്റെ പരിസരത്തുള്ള ശിവലിംഗത്തെക്കുറിച്ച് ശാസ്ത്രീയ പരിശോധന നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) യോട് അലഹബാദ് ഹൈക്കോടതി നിർദേശിച്ചിരുന്നു.ഈ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുപക്ഷം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

എന്താണ് കാർബൺ ഡേറ്റിംഗ് ?

ജൈവവസ്തുക്കളുടെ കാലപ്പഴക്കം നിർണ്ണയിക്കുന്നതിന് ഏറ്റവും പ്രയോജനകരമായ രീതിയാണ് കാർബൺ ഡേറ്റിംഗ്. സസ്യങ്ങൾ, മൃഗങ്ങൾ, മനുഷ്യർ എന്നിവ ഇല്ലാതാവുമ്പോൾ അവ അന്തരീക്ഷത്തിൽ നിന്ന് കാർബൺ ആഗിരണം ചെയ്യുന്നത് അവസാനിക്കുന്നു. പതുക്കെ ശരീരത്തിൽ സ്വംശീകരിച്ചിട്ടുള്ള കാർബൺ-14 ക്ഷയിക്കാൻ തുടങ്ങുന്നു. വർഷങ്ങൾ തോറും അതിന്റെ അളവ് കുറഞ്ഞ് കുറഞ്ഞ് വരുന്നു. അതിനാൽ അവശേഷിക്കുന്ന കാർബണിന്റെ അളവ് പരിശോധിച്ചാണ് ശാസ്ത്രജ്ഞർ ഇവയുടെ കാലപ്പഴക്കം നിശ്ചയിക്കുക.

ജീവനില്ലാത്ത വസ്തുക്കളിൽ 50,000 വർഷത്തിൽ കുറവ് പഴക്കമുള്ളവയുടെ പ്രായം നിർണ്ണയിക്കാനാണ് കാർബൺ ഡേറ്റിംഗ് ഉപയോഗിക്കുന്നത്. ഒരു വസ്തു ഒരു സ്ഥലത്ത് എത്രകാലം ഉണ്ടായിരുന്നു എന്നത് സമാനമായി നേരിട്ടല്ലാത്ത രീതിയിൽ നിർണയിക്കാനാകും. പാറയ്ക്കടിയിൽ ജൈവ വസ്തുക്കളോ ചത്ത ചെടികളോ പ്രാണികളോ കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിൽ ഈ വസ്തു എന്നാണ് ഒരു പ്രസ്തുത സ്ഥലത്തെത്തിയത് എന്ന് നിർണ്ണയിക്കാനാകും.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്