ആരാധകനെ കൊലപ്പെടുത്തിയത്തിൽ കന്നട നടൻ ദർശന് നേരിട്ട് പങ്കോ? രേണുക സ്വാമിയെ കൊലപ്പെടുത്തിയ ഇടമെന്നു പറയപ്പെടുന്ന ബെംഗളുരു കാമാക്ഷി പല്യയിലെ ആളൊഴിഞ്ഞ പറമ്പിലെ ഷെഡിനുസമീപം ദർശന്റെ വാഹനം എത്തിയതിന്റെ തെളിവുകൾ ലഭിച്ചിരിക്കുകയാണ് പോലീസിന്. ദർശൻ സ്ഥിരമായി ഉപയോഗിക്കുന്ന ചുവന്ന നിറമുള്ള ജീപ്പാണ് നിരീക്ഷണ കാമറയിൽ പതിഞ്ഞിരിക്കുന്നത്.
ജൂൺ എട്ടിനു വൈകിട്ട് 7:30നു ഷെഡിനു സമീപമെത്തിയ വാഹനം പിറ്റേദിവസമായ ഞായറാഴ്ച പുലർച്ചെ 3:26നു തിരിച്ചു പോകുന്നതായാണ് ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്. എന്നാൽ ദർശൻ വാഹനത്തിൽ ഉണ്ടായിരുന്നോ എന്നതിൽ വ്യക്തതയില്ല. ദർശന്റെ കാറിനു മുന്നിലും പിന്നിലുമായി മറ്റു വാഹനങ്ങൾ ഇതേ ഇടത്തേക്കു വരുന്നതും തിരിച്ചുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. ദർശന്റെ ജീപ്പ് റാങ്ളർ വാഹനവും കുറ്റകൃത്യത്തിന് ഉപയോഗിച്ച മറ്റു വാഹനങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തു.
ചിത്ര ദുർഗയിൽനിന്ന് ദർശന്റെ നിർദേശപ്രകാരം രേണുക സ്വാമിയെ തട്ടിക്കൊണ്ടുവന്ന കൊലയാളി സംഘം ദർശനെ വിവരമറിയിക്കുകയും ദർശനെത്തി രേണുക സ്വാമിയെ നേരിൽ കണ്ടെന്നുമാണ് നേരത്തെ പിടിയിലായവർ പോലീസിനു നൽകിയ മൊഴി. എന്നാൽ കൊലപാതകം നടക്കുമ്പോൾ ദർശൻ സാക്ഷിയായിരുന്നുവെന്ന കാര്യം കൊലയാളി സംഘം വെളിപ്പെടുത്തിയിട്ടില്ല. രേണുക സ്വാമിയെ കണ്ടശേഷം ദർശൻ മടങ്ങിയോ ഇല്ലയോ അതോ മരണം ഉറപ്പാക്കിയശേഷമാണോ മടങ്ങിയത് എന്നതിൽ പോലീസിന് വ്യക്തതയില്ല.
മരണസമയം സംബന്ധിച്ച് വ്യക്തത ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ കൃത്യമായ നിഗമനത്തിൽ എത്താനാവൂ. ഇതിനായി പോസ്റ്റ് മോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണ് പോലീസ്. ക്രൂര ശാരീരികപീഡനത്തിനിരയാക്കിയാണ് രേണുക സ്വാമിയെ കൊലപ്പെടുത്തിയതെന്ന് ഇൻക്വസ്റ്റിൽ വ്യക്തമായിരുന്നു. തലയ്ക്കു ക്ഷതമേൽപ്പിച്ചതിന്റെയും കൈകാലുകളിൽ ചൂടാക്കിയ ഇരുമ്പുദണ്ഡ് കൊണ്ട് അടിച്ചതിന്റെയും പാടുകളുണ്ട്. മുറിവുകളെല്ലാം പൊള്ളലേറ്റ രൂപത്തിലാണ് കാണപ്പെട്ടത്.
കൊലപാതകം നടന്ന സമയത്ത് ദർശന്റെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ ഇതേ ഇടത്താണ് കാണിക്കുന്നത്. കൊലപാതകത്തിനു കൊട്ടേഷൻ നൽകുക മാത്രമല്ല, കൊലപാതകത്തിൽ ദർശൻ നേരിട്ടു പങ്കാളിയായി എന്നതിലേക്കാണ് സാഹചര്യത്തെളിവുകൾ വിരൽ ചൂണ്ടുന്നത്. അറസ്റ്റിലായ നടി പവിത്ര ഗൗഡയ്ക്കു കൊലപാതക ആസൂത്രണത്തെക്കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നെന്നാണ് പോലീസിന്റെ നിഗമനം.
പവിത്രയും രേണുക സ്വാമിയെ കാണാൻ ജൂൺ എട്ടിനു ഷെഡിൽ എത്തിയതായാണ് വിവരം. ദർശനും പവിത്രയും ഉൾപ്പടെ 11 പ്രതികളാണ് കേസിലെ പ്രതികൾ. പ്രതികളെ മുഴുവൻ ആറ് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയ പോലീസ് വിശദമായ ചോദ്യം ചെയ്യലിലേക്കു കടക്കുകയാണ്. കൊലപാതകത്തെക്കുറിച്ച് തനിക്കറിവില്ലെന്നും വെറുതെ വിടണമെന്നും അറസ്റ്റിലായതിനു തൊട്ടുപിറകെ പോലീസിനോട് ദർശൻ അഭ്യർഥിച്ചു.
കഴിഞ്ഞ ഞായറാഴ്ച സുമനഹള്ളി പാലത്തിനു കീഴെയുള്ള കനാലിനു സമീപമായിരുന്നു രേണുക സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. നായ കടിച്ചുവലിക്കുന്ന അജ്ഞാത മൃതദേഹം ആദ്യം കണ്ടയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്ത് പവിത്ര ഗൗഡയ്ക്കു അശ്ലീല സന്ദേശമയച്ച രേണുക സ്വാമിയെന്ന മുപ്പത്തി മൂന്നുകാരനെ ഫാൻസ് അസോസിയേഷന്റെ സഹായത്തോടെ ദീർഘനാൾ പിന്തുടർന്നായിരുന്നു ദർശൻ കണ്ടെത്തിയത്.