ത്രിപുരയിലെ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണസഖ്യത്തില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു. മുതിർന്ന എംഎൽഎ ദിബ ചന്ദ്ര റാൻഖോള്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചു. എംഎല്‍എ സ്ഥാനം രാജിവെക്കുന്നതായി കത്തും കൈമാറി. സ്പീക്കർ അവധിയിലായതിനാൽ രാജിക്കത്ത് അദ്ദേഹം നിയമസഭാ സ്പീക്കറുടെ സെക്രട്ടറി ബി പി കർമാകറിന് നൽകി. മാർച്ചില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംസ്ഥാനത്ത് ബിജെപി വിടുന്ന അഞ്ചാമത്തെ എംഎല്‍എയാണ്
ത്രിപുര ഭരണസഖ്യത്തില്‍ പദവി രാജിവെച്ച എട്ടാമത്തെ എംഎല്‍എയാണ് ദിബ ചന്ദ്ര. മന്ത്രി സ്ഥാനം നൽകാത്തതിലും പ്രധാനപ്പെട്ട ചുമതലകൾ നൽകാത്തതിലും ബിജെപി നേതൃത്വത്തോട് അദ്ദേഹം നീരസത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം, വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംസ്ഥാനത്ത് ബിജെപി വിടുന്ന അഞ്ചാമത്തെ എംഎല്‍എയാണ്. സഖ്യകക്ഷിയായ ഐപിഎഫ്ടിയില്‍ നിന്ന് മൂന്ന് എംഎല്‍എമാരും രാജിവെച്ചിരുന്നു. ബിജെപി-ഐപിഎഫ്ടി സർക്കാരിന്റെ മോശം പ്രകടനം ചൂണ്ടിക്കാട്ടി ഐപിഎഫ്ടി മുൻ മന്ത്രി മേവർ കുമാർ ജമാതിയ ഒരു മാസം മുമ്പ് രാജിവെച്ചിരുന്നു.
നാല് തവണ കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ച് എംഎല്‍എയായ ദിബ ചന്ദ്ര 2018ല്‍ ബിജെപി ടിക്കറ്റില്‍ വിജയിച്ചു
മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ആശിഷ് സാഹ, കോൺഗ്രസ് യുവനേതാവ് ബപ്തു ചക്രവർത്തി, പാർട്ടി വക്താവ് പ്രശാന്ത് ഭട്ടാചാര്യ എന്നിവർ രാജി സമർപ്പിക്കാൻ പോകുമ്പോൾ അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി ധലായ് ജില്ലയിലെ കരംചെറ സീറ്റിൽ നിന്ന് നാല് തവണ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് എംഎൽഎ ആയിട്ടുണ്ട് 67 കാരനായ ദിബ ചന്ദ്ര. 2018ല്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച് നിയമസഭയിലെത്തി.
കോൺഗ്രസിലേക്കുള്ള തിരിച്ചു വരവിനെ പറ്റിയുള്ള ചോദ്യത്തിന് മറുപടിയായി തീരുമാനമെടുക്കുമ്പോൾ അറിയിക്കുമെന്ന് പറഞ്ഞ അദ്ദേഹം, ബിജെപിയിലെയും സിപിഎമ്മിലെയും ആളുകളുമായും നല്ല ബന്ധമാണെന്നും സുഹൃത്തുക്കളെ പോലെയാണെന്നും കൂട്ടിച്ചേർത്തു.