INDIA

ഈണങ്ങൾ ബാക്കി; വാണി ജയറാമിന് യാത്രാമൊഴി നൽകി സം​ഗീത ലോകം

പൂർണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്ത് നഗറിലെ വൈദ്യുതി ശ്മശാനത്തിലായിരുന്നു സംസ്കാരം

വെബ് ഡെസ്ക്

അന്തരിച്ച ഗായിക വാണി ജയറാമിന് യാത്രാമൊഴി നൽകി സം​ഗീത ലോകം. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്ത് നഗറിലെ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു. നുങ്കംപാക്കത്തെ വീട്ടിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ ആദരം അർപ്പിക്കാൻ നിരവധി പേരാണ് ഇന്നലെ മുതൻ എത്തിയത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഗവർണർ ആർ എൻ രവി, ഗായികമാരായ കെ എസ് ചിത്ര, സുജാത തുടങ്ങി നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിക്കാൻ വീട്ടിലെത്തി.

ചെന്നൈ നുങ്കംപാക്കത്തിലെ വസതിയിലാണ് ശനിയാഴ്ച രാവിലെ നിലത്തുവീണ് കിടക്കുന്ന നിലയില്‍ ഗായികയെ കണ്ടെത്തിയത്. ഭർത്താവിന്റെ മരണശേഷം ഒറ്റയ്ക്കായിരുന്നു വാണി ജയറാമിന്റെ ജീവിതം. കോളിങ് ബെൽ അടിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ ജോലിക്കാരി ബന്ധുക്കളെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ കടന്നപ്പോള്‍ വാണി ജയറാമിനെ തറയില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. തലക്കേറ്റ മുറിവാണ് മരണകാരണമെന്ന് പിന്നീട് പോലീസ് അറിയിച്ചു. കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ വീണ് മേശയിൽ തലയിടിക്കുകയായിരുന്നു.

ബോളിവുഡിൽ തുടങ്ങി ദക്ഷിണേന്ത്യൻ സംഗീത മേഖലയിലും മികവ് തെളിയിച്ച വാണി ജയറാം 'സ്വപ്നം' എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ സാന്നിധ്യം ഉറപ്പിക്കുന്നത്. 1974-ൽ ചെന്നൈയിലേക്ക് തന്റെ താമസം മാറ്റിയതിനുശേഷമാണ് ദക്ഷിണേന്ത്യൻ ഭാഷാചിത്രങ്ങളിലും സജീവമായത്. സൗരയൂഥത്തിൽ വിടർന്നൊരു എന്ന ഗാനമാണ് മലയാളത്തിൽ അവർ ആദ്യം ആലപിച്ചത്. മദന്‍ മോഹന്‍, ഒപി നയ്യാര്‍, ആര്‍ഡി ബര്‍മന്‍, കല്യാണ്‍ജി ആനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാല്‍, ജയ്ദേവ്, എംഎസ് വിശ്വനാഥന്‍, എംബി ശ്രീനിവാസന്‍, കെഎ മഹാദേവന്‍, എംകെ അര്‍ജുനന്‍, ജെറി അമല്‍ദേവ്, സലില്‍ ചൗധരി, ഇളയരാജ, എആര്‍ റഹ്‌മാന്‍ തുടങ്ങിയവരുടെ സംഗീതത്തിന് വാണി ജയറാം ശബ്ദം നല്‍കിയിട്ടുണ്ട്. മുഹമ്മദ് റഫി, മുകേഷ്, മന്നാഡേ എന്നിവരോടൊപ്പവും വാണി ജയറാം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുള്‍പ്പെടെ 19 ഭാഷകളിലായി വാണി ജയറാം ഗാനങ്ങള്‍ ആലപിച്ചു. മൂന്ന് തവണ മികച്ച ഗായികയ്ക്കുളള ദേശീയ പുരസ്കാരം നേടി. ഇത്തവണ പത്മഭൂഷൺ പുരസ്കാരം നൽകി രാജ്യം വാണി ജയറാമിനെ ആദരിച്ചിരുന്നു. എന്നാൽ അത് ഏറ്റുവാങ്ങുന്നതിന് മുൻപ് തന്നെ ആ ശബ്ദമാധുര്യം സം​ഗീത ലോകത്ത് നിന്നും വിടവാങ്ങി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ