ബജ്‌റംഗ്ദളിനെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് വിശ്വഹിന്ദു പരിഷത്ത് വക്കീല്‍ നോട്ടീസ് അയച്ചു. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് നൂറു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.
ബജ്‌റംഗ്ദളിനെ പോപ്പുലര്‍ ഫ്രണ്ടിനോട് താരതമ്യം ചെയ്ത കോണ്‍ഗ്രസ് ,സംഘടനയെ നിരോധിക്കുമെന്നായിരുന്നു കര്‍ണാടക തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചത്. ഇത്തരം സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ ശക്തമായ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും പ്രകടന പത്രികയില്‍ വ്യക്തമാക്കിയിരുന്നു.
വിശ്വഹിന്ദു പരിഷത്തിന്റെ അനുബന്ധസംഘടനയായ ബജ്‌റംഗ്ദളിനെ കോണ്‍ഗ്രസ് അപമാനിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട്, സിമി പോലുള്ള സംഘടനകളുമായി ബജ്‌റംഗ്ദളിനെ താരതമ്യം ചെയ്തു. വിഎച്ച്പി അഭിഭാഷകന്‍ സഹില്‍ ബന്‍സാല്‍ കോണ്‍ഗ്രസിന് അയച്ച നോട്ടീസില്‍ ചൂണ്ടിക്കാട്ടി.
അതേസമയം ബിജെപിക്കെതിരെ പത്രങ്ങളില്‍ പരസ്യം നല്‍കിയതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോണ്‍ഗ്രസിന് നോട്ടീസ് അയച്ചു. 2019 മുതല്‍ 2023 വരെയുള്ള 'അഴിമതി നിരക്ക് കാര്‍ഡ്' എന്ന പരസ്യം നല്‍കിയതിനാണ് തെളിവുകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന്റെ നോട്ടീസ്. ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.