INDIA

വിരമിച്ച സുപ്രീംകോടതി ജഡ്ജിമാരുടെ യോഗം വിളിച്ച് വിഎച്ച്പി; വഖഫ് ബില്ലും പള്ളിത്തർക്കങ്ങളും ചർച്ച

സംഘപരിവാറുമായി ബന്ധപ്പെട്ട നിരവധി പ്രത്യയശാസ്ത്ര സംബന്ധിയായ തർക്കങ്ങൾ കോടതികളിൽ നിലനിൽക്കുന്നതിനിടെയാണ് മുൻ ജഡ്ജിമാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിഎച്ച്പി യോഗം

വെബ് ഡെസ്ക്

സംഘപരിവാർ സംഘടനയായ വിശ്വഹിന്ദു പരിഷത് നടത്തിയ സമ്മേളനത്തിൽ പങ്കെടുത്ത് 30 മുൻ സുപ്രീംകോടതി ജഡ്ജിമാർ. ഞായറാഴ്ചയായിരുന്നു 'വിധി പ്രഘോഷ്ത്' (ലീഗൽ സെൽ) എന്ന യോഗം സംഘടിപ്പിച്ചത്. വഖഫ് ബിൽ ഭേദഗതി, മഥുര-വാരാണസി എന്നിവിടങ്ങളിലെ പള്ളി തർക്കങ്ങൾ എന്നിവയായിരുന്നു സമ്മേളനത്തിലെ പ്രധാന ചർച്ചാവിഷയം. കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്‌വാളും ചർച്ചയിൽ പങ്കെടുത്തു.

സംഘപരിവാറുമായി ബന്ധപ്പെട്ട നിരവധി പ്രത്യയശാസ്ത്ര സംബന്ധിയായ തർക്കങ്ങൾ കോടതികളിൽ നിലനിൽക്കുന്നതിനിടെയാണ് മുൻ ജഡ്ജിമാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിഎച്ച്പി യോഗം. വാരാണസിയിലെ ഗ്യാൻവാപി മസ്ജിദ്, മഥുരയിലെ ഷാഹി ഈദ്ഗാഹ് എന്നീ പള്ളികളുടെ അധികാരത്തർക്കം, വഖഫ് ബിൽ ഭേദഗതി, ബിജെപി ഭരണത്തിലുള്ള ചില സംസ്ഥാനങ്ങളിലെ മതംമാറ്റ നിരോധന നിയമം എന്നിവ കോടതികളിലാണ്. ഒപ്പം ഹിന്ദുക്കളെ ബാധിക്കുന്ന നിയമങ്ങൾ, ക്ഷേത്രങ്ങളുടെ വിമോചനം, മതപരിവർത്തനം, പശുക്കളെ കൊല്ലൽ, വഖഫ് എന്നിവയും ചർച്ചയായെന്ന് വിഎച്ച്പി വക്താവ് വിനോദ് ബൻസാൽ പറഞ്ഞു.

ജോലിയിൽനിന്ന് വിരമിച്ചതുകൊണ്ട് ജഡ്ജിമാരുടെ ഉത്തരവാദിത്തം തീരുന്നില്ല എന്നായിരുന്നു യോഗത്തിലെ പ്രധാന വാദം. രാജ്യത്തിൻറെ നിർമാണത്തിനായി അവർ ഇനിയും സംഭാവന ചെയ്യണമെന്നും വി എച്ച് പി നേതാക്കൾ പറഞ്ഞു. ഇങ്ങനെയുള്ള സമ്മേളനങ്ങൾ പതിവാക്കാനാണ് വി എച്ച് പിയുടെ നീക്കം. കൂടുതൽ ഹിന്ദുത്വ അജണ്ടകൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഇത് സഹായിക്കുമെന്നാണ് വി എച്ച്‌പിയുടെ വിലയിരുത്തൽ. നീതിന്യായ സംവിധാനങ്ങളിലേക്ക് കടന്നുകയറാൻ സംഘപരിവാർ ശ്രമം നടത്തുന്നതായി വിമർശനങ്ങൾ ഉയരവെയാണ് വി എച്ച് പിയുടെ യോഗം.

അലോക് കുമാർ, ജോയിൻ്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ തുടങ്ങിയ മുതിർന്ന വിഎച്ച്പി നേതാക്കളും നിരവധി മുൻ ജഡ്ജിമാരും പങ്കെടുത്ത യോഗത്തിൻ്റെ ഫോട്ടോകൾ ഞായറാഴ്ച വൈകിട്ട് അർജുൻ രാം മേഘ്‌വാൾ പോസ്റ്റ് ചെയ്തിരുന്നു.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍