INDIA

ഡോക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ്: കെജ്‍രിവാളിന്റെ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി

ആവശ്യമായ ചികിത്സ നല്‍കണമെന്നും എന്തെങ്കിലും വിദഗ്ധ ചികിത്സ ആവശ്യമുണ്ടെങ്കില്‍ എയിംസ് രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡിന്‌റെ ഉപദേശത്തെ അടിസ്ഥാനമാക്കി ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.

വെബ് ഡെസ്ക്

ദിവസവും 15 മിനിറ്റ് വീഡിയോ കോണ്‍ഫറന്‍സിലൂടെ സ്വകാര്യ ഡോക്ടറുമായി കണ്‍സല്‍ട്ടേഷന്‍ അനുവദിക്കണമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‌റെ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി. കെജ്‍രിവാളിന് ആവശ്യമായ ചികിത്സ നല്‍കണമെന്നും എന്തെങ്കിലും വിദഗ്ധ ചികിത്സ ആവശ്യമുണ്ടെങ്കില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡിന്‌റെ ഉപദേശത്തെ അടിസ്ഥാനമാക്കി ചെയ്യണമെന്നും തിഹാര്‍ ജയിലധികാരികളോട് കോടതി നിര്‍ദേശിച്ചു. പ്രത്യേക സിബിഐ ജഡ്ജ് കാവേരി ബവേജയാണ് വിധി പ്രസ്താവിച്ചത്. ജയിലിൽ ഇൻസുലിൻ നൽകാനും വീഡിയോ കോൺഫറൻസ് മുഖേന ഡോക്ടർമാരുമായി കൂടിയാലോചന നടത്താനുമുള്ള ആവശ്യം ഉന്നയിച്ചാണ് കെജ്‍രിവാള്‍ അപേക്ഷ നല്‍കിയത്.

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് ഇന്‍സുലിന്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് റോസ് അവന്യു കോടതി പറഞ്ഞു. ഡയറ്റും വ്യായാമ രീതിയും സംബന്ധിച്ച നിര്‍ദേശവും മെഡിക്കല്‍ ബോര്‍ഡ് നല്‍കും.

പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ദിവസവും ഇന്‍സുലിന്‍ ആവശ്യപ്പെട്ട് കെജ്‍രിവാള്‍ തിഹാര്‍ ജയില്‍ സൂപ്രണ്ടിന് തിങ്കളാഴ്ച കത്തെഴുതിയതായി ആം ആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

ഡല്‍ഹി മുഖ്യമന്ത്രിയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എയിംസ് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ടെന്ന ജയില്‍ അധികൃതരുടെ വാദവും അദ്ദേഹം തള്ളിക്കളഞ്ഞു. രാഷ്ട്രീയ സ്വാധീനത്താല്‍ ജയില്‍ ഭരണകൂടം കളവ് പറയുകയാണെന്നും സൂപ്രണ്ടിനയച്ച കത്തില്‍ കെജ്‍രിവാള്‍ പറഞ്ഞു.

ഇന്നലെ കെജ്‍രിവാളുമായി എയിംസിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ ഇന്‍സുലിന്‍ വിഷയം കെജ്‍രിവാള്‍ അവതരിപ്പിക്കുകയോ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ലെന്ന് ജയിലധികാരികള്‍ പറഞ്ഞു.

40 മിനിറ്റ് നീണ്ട വിശദ പരിശോധനയില്‍ ഗുരുതരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും നിര്‍ദേശിച്ച മരുന്നുകള്‍ തുടരാനും ദിവസവും ഇത് വിലയിരുത്തുകയും അവലോകനം ചെയ്യുകയും ചെയ്യുമെന്നും തിഹാര്‍ ജയിലധികാരികള്‍ പറഞ്ഞു.

കെജ് രിവാളിന്‌റെ ഭാര്യ സുനിതയുടെ അഭ്യര്‍ഥന പ്രകാരം സംഘടിപ്പിച്ച വീഡിയോ കോണ്‍ഫറന്‍സില്‍ മെഡിക്കല്‍ ഓഫീസര്‍മാരും പങ്കെടുത്തിരുന്നു.

എയിംസ് സ്‌പെഷലിസ്റ്റ് ഗ്ലൂക്കോസ് മോണിറ്ററിങ് സെന്‍സറിന്‌റെ പൂര്‍ണ വിവരങ്ങളും മരുന്നും ഡയറ്റും സംബന്ധിച്ച വിവരങ്ങളും നല്‍കി.

പ്രമേഹരോഗിയായ കെജ്‍രിവാളിന് തിഹാര്‍ ഭരണകൂടം ഇന്‍സുലിന്‍ നിഷേധിച്ചതായി ആം ആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു. അദ്ദേഹത്തെ കൊല്ലാന്‍ ഗൂഢാലോചന നടന്നതായും പാര്‍ട്ടി ആരോപിച്ചു.

ജാമ്യം ലഭിക്കുന്നതിനായി മാങ്ങയും മധുരപലഹാരവും പഞ്ചസാര ഇട്ട ചായയും കുടിച്ച് കെജ്‍രിവാള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന് ഇഡി ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം തള്ളിയ കെജ്‍രിവാള്‍ ജയിലിൽ കഴിയവേ 48 തവയാണ് വീട്ടിൽനിന്ന് ഭക്ഷണം എത്തിച്ചതെന്നും ഇതിൽ മൂന്ന് പ്രാവശ്യം മാത്രമാണ് മാങ്ങ കഴിച്ചതെന്നും പഞ്ചസാരയിട്ട ചായ കുടിക്കാറില്ലെന്നും കോടതിയിൽ പറഞ്ഞിരുന്നു.  

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം