പേടിഎം പെയ്മെന്റ്സ് ബാങ്ക് ചെയർമാൻ വിജയ് ശേഖർ ശർമ സ്ഥാനമൊഴിഞ്ഞു. ബാങ്ക് ഉടൻ പുതിയ ഡയറക്ടർ ബോർഡിനെ അവതരിപ്പിക്കും. പേടിഎം ബാങ്കിന്റെ സേവനങ്ങൾ നിർത്തലാക്കാൻ ഈ മാസം ആദ്യം തന്നെ ആർബിഐ ആവശ്യപ്പെട്ടിരുന്നു. ബാങ്കിങ് നടപടിക്രമങ്ങൾ പാലിക്കാത്തതിന്റെ പേരിലാണ് നിയന്ത്രണം കൊണ്ടുവരാൻ ആർബിഐ തീരുമാനിച്ചത്. ഇതിനെ തുടർന്ന് ഫെമ ചട്ടങ്ങൾ ലംഘിച്ചെന്നാരോപിച്ച് ഇഡി പേടിഎമ്മിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
മാർച്ച് 15ഓടു കൂടി സേവനങ്ങൾ പൂർണമായും അവസാനിപ്പിക്കണമെന്ന നിർദേശം നിലനിൽക്കുമ്പോഴാണ് ബാങ്കിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് വിജയ് ശേഖർ ശർമ സ്ഥാനമൊഴിയുന്നത്. ഇഡിക്കു പുറമെ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റും പേടി എമ്മിനെതിരെ ഉയർന്ന ആരോപണങ്ങളിൽ റിസർവ് ബാങ്കിൽ നിന്ന് രേഖകൾ ആവശ്യപ്പെട്ടു. ഉപഭോക്താക്കളെ ബാധിക്കരുത് എന്നുള്ളതുകൊണ്ട് സേവനങ്ങൾ അവസാനിപ്പിക്കാൻ അവര്‍ക്ക് മാർച്ച് 15 വരെ സമയം അനുവാദിക്കുകയായിരുന്നു.
പേടിഎം പെയ്മെന്റ്സ് ബാങ്ക് ലിമിറ്റഡ് (പിപിബിഎൽ) കമ്പനിയുടെ പുതിയ ഡയറക്ടർ ബോർഡിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ചെയർമാൻ ശ്രീനിവാസൻ ശ്രീധറിനെയും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരായ ദേബേന്ദ്രനാഥ് സാരംഗിയെയും രജനി ശേഖരി സിബലിനെയും ബാങ്ക് ഓഫ് ബറോഡയുടെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറായ അശോക് കുമാർ ഗാർഗിനെയും ഉൾപ്പെടുത്താൻ തീരുമാനിച്ചതായുള്ള വിവരങ്ങളും ഇപ്പോൾ പുറത്ത് വരുന്നുണ്ട്. കമ്പനിയുടെ ഭരണമാറ്റം സുഗമമായി നടത്തുന്നതിനു വേണ്ടിക്കൂടിയാണ് ചെയർമാൻ വിജയ് ശേഖർ ശർമ രാജിവച്ചത് എന്നും പുതിയ ചെയർമാനെ ഉടൻ നിയമിക്കുമെന്നുമുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്.
വിജയ് ശേഖർ ശർമയ്ക്ക് കമ്പനിയിൽ 51 ശതമാനം ഓഹരിയാണുള്ളത്. ബാക്കി ഓഹരി വൺ 97 കമ്മ്യൂണിക്കേഷൻസിന്റേതാണ്. വൺ 97 ന്റെ ഭാഗത്തു നിന്നാണ് ഇപ്പോൾ പുതിയ മാറ്റങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു വരുന്നത്. ഫെബ്രുവരി 29ന് സേവനങ്ങൾ അവസാനിപ്പിക്കണമെന്നായിരുന്നു ആദ്യം നൽകിയ നിർദേശം. എന്നാൽ പിന്നീട് ഉപഭോക്താക്കളുടേതുൾപ്പടെ സൗകര്യത്തിനു വേണ്ടി അത് മാർച്ച് 15 വരെ നീട്ടി നൽകി. ഓഡിറ്റ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാര്യമായ ചട്ടലംഘനങ്ങൾ ബാങ്കിൽ നടന്നിട്ടുണ്ട് എന്നായിരുന്നു സേവനങ്ങൾ അവസാനിപ്പിക്കാൻ നിർദേശം നൽകുന്നതിനൊപ്പം ആർബിഐ പുറത്തു വിട്ട പ്രസ്താവനയിൽ പറഞ്ഞിരുന്നത്.
പേടിഎമ്മിന് ഇനി ഒരു തരത്തിലുമുള്ള നിക്ഷേപങ്ങൾ സ്വീകരിക്കാൻ സാധിക്കില്ല എന്നും, ഫാസ്റ്റ് ടാഗ് ഉൾപ്പടെയുള്ള സേവനങ്ങൾ ഇനി പേടിഎമ്മിലൂടെ സാധ്യമാകില്ല എന്നും നേരത്തെതന്നെ ആർബിഐ നിർദേശം നൽകിയിരുന്നു. നോട്ട് നിരോധനം ഏർപ്പെടുത്തിയ സമയത്ത് വൻ ലാഭമുണ്ടാക്കിയ പേയ്മെന്റ് ആപ്പായിരുന്നു പേടിഎം. ആ നേട്ടത്തിന്റെ പേരിൽ നടത്തിയ ആഘോഷപരിപാടി അന്ന് തന്നെ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ ചിത്രമടക്കമുപയോഗിച്ച് പരസ്യം ചെയ്ത പേടിഎമ്മിനോടാണ് ഇപ്പോൾ നടപടിക്രമങ്ങൾ പാലിക്കാത്തതിന്റെ പേരിൽ സേവനങ്ങൾ അവസാനിപ്പിക്കണമെന്ന് ആർബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.