INDIA

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെതിരെ പ്രമേയവുമായി വിജയ്‍യുടെ പാർട്ടി; ജാതി സെൻസസ് നടപ്പാക്കാത്തതിന് ഡിഎംകെയ്ക്കും ബിജെപിക്കും വിമർശനം

ഡിഎംകെയുടെ പ്രകടനപത്രിക കള്ളങ്ങൾ മാത്രം നിറഞ്ഞതാണെന്ന വിമർശനവും കൗൺസിലിൽ ഉയർന്നു

വെബ് ഡെസ്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന കേന്ദ്ര സർക്കാർ നിർദേശത്തെ എതിർത്ത് പ്രമേയം പാസാക്കി നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകം. ഞായറാഴ്ച നടന്ന പാർട്ടിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ മീറ്റിങ്ങിലാണ് പ്രമേയം പാസാക്കിയത്. നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണം എന്ന ആവശ്യമുന്നയിച്ചും എക്സിക്യൂട്ടീവ് കൗൺസിൽ പ്രമേയം പാസാക്കി. പരീക്ഷ തമിഴ്‌നാട്ടിലെ വിദ്യാർഥികളെ ഉൾക്കൊള്ളുന്നില്ല എന്ന വിമർശനം ഡിഎംകെ ഉൾപ്പെടെയുള്ള പാർട്ടികൾ നേരത്തെ ഉയർത്തിയിരുന്നു. തമിഴ്‌നാട്ടിൽ ജാതി സെൻസസ് നടത്താത്തതിന് ഭരണത്തിലിരിക്കുന്ന ഡിഎംകെയേയും ദേശീയതലത്തിൽ നടപ്പാക്കാത്തതിന് കേന്ദ്രസർക്കാരിനെയും പാർട്ടി എക്സിക്യൂട്ടീവ് വിമർശിച്ചു.

ഡിഎംകെയുടെ പ്രകടനപത്രിക കള്ളങ്ങൾ മാത്രം നിറഞ്ഞതാണെന്ന വിമർശനവും കൗൺസിലിൽ ഉയർന്നു. ഫെബ്രുവരിയിലാണ് വിജയ് തന്റെ തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. എട്ടുമാസങ്ങൾക്കിപ്പുറം ഒക്ടോബർ 27ന് പാർട്ടിയുടെ ആദ്യത്തെ മഹാസമ്മേളനം വില്ലുപുരത്ത് വച്ച് സംഘടിപ്പിക്കപ്പെട്ടു. ഈ സമ്മേളനത്തിൽ വച്ചാണ് വിജയ് തന്റെ പാർട്ടിയുടെ പ്രത്യയശാസ്ത്രം പ്രഖ്യാപിക്കുന്നത്.

സാമൂഹിക നീതി, മതനിരപേക്ഷത, കോടതികളിലുൾപ്പെടെ ഔദ്യോഗിക ഭാഷയായി തമിഴിനെ പ്രോത്സാഹിപ്പിക്കുക, ഗവർണർ സ്ഥാനം ഒഴിവാക്കുക എന്നിവയാണ് വിജയ് മുന്നിലേക്ക് വയ്ക്കുന്ന പ്രധാനആശയങ്ങൾ. തമിഴ് ദേശീയതയും ദ്രാവിഡ രാഷ്ട്രീയവുമാണ് പാർട്ടി ഉയർത്തിപ്പിടിക്കുന്ന ആദർശങ്ങളുടെ അടിസ്ഥാനമെന്നാണ് വിജയ് സമ്മേളനത്തിൽ പ്രഖ്യാപിച്ചത്. "ഇത് രണ്ടും ഞങ്ങളുടെ മണ്ണിന്റെ രണ്ട് കണ്ണുകളാണ്" എന്നായിരുന്നു വിജയ്‍യുടെ വാക്കുകൾ.

ഏതെങ്കിലും ഒരു വിഭാഗത്തിലേക്ക് മാത്രമല്ലാതെ കൂടുതൽ ആളുകളിലേക്കെത്തണമെന്ന ഉദ്ദേശ്യത്തിലാണ് മതനിരപേക്ഷതയും സാമൂഹിക നീതിയും ഐക്യവും സാമൂഹിക വളർച്ചയും പാർട്ടി മുന്നോട്ടു വയ്ക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. 2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം മത്സരിക്കുമെന്ന് വിജയ് സമ്മേളനത്തിൽ അറിയിച്ചു. നിലവിൽ ഡിഎംകെ തങ്ങളുടെ അടുത്തമുഖമായി അവതരിപ്പിക്കുന്നത് ഉദയനിധി സ്റ്റാലിനെയാണ്. ഈ സെപ്റ്റംബർ 28ന് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉദയനിധിയെ ഉയർത്തുന്നതിലൂടെ ഡിഎംകെ നൽകിയ സന്ദേശം അതായിരുന്നു. 2026ൽ ഉദയനിധിയും വിജയ്‍യും പരസ്പരം കൊമ്പുകോർക്കുകയാണെങ്കിൽ ആർക്കായിരും ജനപിന്തുണ എന്ന ചോദ്യമാണ് ഇപ്പോൾ തമിഴ്നാട്ടിൽ ആകാംക്ഷയുണ്ടാക്കുന്നത്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി