INDIA

ഹരിയാനയിലെ കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്; വിനേഷ് ഫോഗട്ട് ജുലാനയിൽ മത്സരിക്കും

വെബ് ഡെസ്ക്

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുസ്തി താരം വിനേഷ് ഫോഗട്ട് കോൺഗ്രസ് സ്ഥാനാർഥി. ജുലാന മണ്ഡലത്തിൽനിന്ന് മത്സരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ദീപക് ബാബറിയാണ് അറിയിച്ചത്. പിന്നാലെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയും കോൺഗ്രസ് പുറത്തുവിട്ടു. വെള്ളിയാഴ്ച വൈകിട്ടാണ് റെയിൽവേയിലെ ജോലി രാജിവച്ച് ഗുസ്തി താരങ്ങളായ വിനേഷും ബജ്റംഗ് പുനിയയും കോൺഗ്രസിൽ അംഗത്വമെടുത്തത്.

വിനേഷ് ഫോഗട്ട് ജുലാനയിൽനിന്ന് മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നതായി വെള്ളിയാഴ്ച വൈകിയാണ് ദീപക് ബാബറിയ മാധ്യമങ്ങളോട് പറഞ്ഞത്. വൈകിട്ട് മൂന്നുമണിയോടെ ഡൽഹിയിലെ എഐസിസി ആസ്ഥാനത്തെത്തിയായിരുന്നു വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും കോൺഗ്രസിൽ ചേർന്നത്. വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 31 സ്ഥാനാർഥികളുടെ ആദ്യ പട്ടികയിലാണ് വിനേഷ് ഇടംപിടിച്ചത്. വിനേഷിന്റെ ജന്മസ്ഥലമാണ് ജുലാന.

ഇരു ഗുസ്തിതാരങ്ങളുടെയും കോൺഗ്രസ് പ്രവേശനം ഒക്ടോബർ അഞ്ചിന് നടക്കാനിരിക്കുന്ന ഹരിയാന നിയമസഭാ വോട്ടെടുപ്പിൽ പാർട്ടിക്ക് മുതൽകൂട്ടാക്കുമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ കായികതാരങ്ങൾക്കും പെണ്മക്കൾക്കും വേണ്ടിയുള്ള പോരാട്ടം ഒരിക്കലും അവസാനിക്കില്ലെന്നായിരുന്നു വിനേഷ് വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചിരുന്നെങ്കിലും പാർട്ടി തീരുമാനിക്കുമെന്നായിരുന്നു വിനേഷിന്റെ പ്രതികരണം.

അതേസമയം, മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ ഗഢീ സാംപ്ല-കിലോയ് സീറ്റിൽ മത്സരിക്കും. ഹരിയാന തിരഞ്ഞെടുപ്പിനുള്ള പാർട്ടി സ്ഥാനാർഥികളെ നിശ്ചയിക്കാൻ വെള്ളിയാഴ്ച കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി യോഗം ചേർന്നിരുന്നു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർട്ടി മുൻ അധ്യക്ഷ സോണിയ ഗാന്ധി, പാർട്ടി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ഹരിയാനയുടെ ചുമതലയുള്ള ദീപക് ബബാരിയ, സംസ്ഥാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ എന്നിവരായിരുന്നു യോഗത്തിൽ പങ്കെടുത്തത്.

സെപ്റ്റംബർ നാലിന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി ഇരുതാരങ്ങളും കൂടിക്കാഴ്ച നടത്തിയതോടെയാണ് വിനേഷിന്റെയും ബജ്റംഗ് പുനിയയുടെയും പാർട്ടി പ്രവേശനം ചർച്ചയായത്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്