മണിപ്പൂരിൽ സർക്കാർ സമാധാന ചർച്ചകൾക്കായുള്ള ശ്രമം തുടരുന്നതിനിടയിൽ വീണ്ടും സംഘർഷം. മേയ്തി, കുകി സമുദായങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 22കാരൻ കൊല്ലപ്പെട്ടു. ചുരാചന്ദ്പൂർ ജില്ലയിലെ ലാംകയിൽ മണിപ്പൂർ ഗവർണർ സന്ദർശനം നടത്താനിരിക്കെയാണ് സംഘർഷമുണ്ടായത്.
ചുരാചന്ദ്പൂരിലെ ലോക്ലക്ഫായ് ഗ്രാമത്തിൽ അക്രമികൾ ആക്രമണം നടത്തിയതായി സൈന്യം അറിയിച്ചു. സംസ്ഥാനത്തെ വിവിധ വംശീയ വിഭാഗങ്ങൾക്കിടയിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ഗവർണറുടെ അധ്യക്ഷതയിൽ കേന്ദ്രസർക്കാർ സമാധാന സമിതി രൂപീകരിച്ചിരുന്നു. ഇരു വിഭാഗങ്ങളും തമ്മിലുള്ള ചർച്ചകള്‍ക്ക് ശ്രമം തുടരുന്നതിനിടെയാണ് വീണ്ടും സംഘർഷമുണ്ടായത്.
കേന്ദ്രം നേരിട്ട് നടത്തുന്ന സമാധാന ശ്രമങ്ങളോട് മാത്രമേ സഹകരിക്കുകയുള്ളൂവെന്ന് കുക്കികൾ വ്യക്തമാക്കിയിരുന്നു
സർക്കാർ രൂപീകരിച്ച സമാധാന സമിതിയിൽ അതൃപ്തി പ്രകടിപ്പിച്ച് കുകി വിഭാഗം രംഗത്തെത്തിയിരുന്നു. സമാധാന സമിതിയോട് സഹകരിക്കില്ലെന്നായിരുന്നു കുക്കികളുടെ പ്രതികരണം. എല്ലാകാര്യങ്ങളും സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും വിട്ടുകൊടുക്കാതെ കേന്ദ്രം സമിതിയുടെ ഭാഗമാകണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം നേരിട്ട് നടത്തുന്ന സമാധാന ശ്രമങ്ങളോട് മാത്രമേ സഹകരിക്കുകയുള്ളൂവെന്നും കുക്കികൾ വ്യക്തമാക്കി. മണിപ്പൂർ സർക്കാരുമായി സമാധാന ചർച്ചകൾക്കായി സഹകരിക്കാൻ കഴിയില്ലെന്ന് കുക്കി ഇൻപി മണിപ്പൂർ (കെഐഎം) പ്രസിഡന്റ് അജാങ് ഖോങ്‌സായി വ്യക്തമാക്കി.
വംശീയ കലാപം നടന്ന മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സമിതിയിൽ മേയ്തി, കുകി സമുദായങ്ങളിൽ നിന്നടക്കം 51 അംഗങ്ങളാണുള്ളത്. ഗവർണർ അനുസൂയ ഉയ്‌കെയെ ചെയർപേഴ്‌സണായ സമിതിയിൽ മുഖ്യമന്ത്രി എൻ ബിരേൻ സിങ്, സംസ്ഥാനത്തെ ഏതാനും മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ എന്നിവരും അംഗങ്ങളാണ്. എന്നാല്‍, തങ്ങളുടെ സമ്മതമില്ലാതെയാണ് സമിതിയിൽ കുകി വിഭാഗം അംഗങ്ങളെ തിരഞ്ഞെടുത്തതെന്നാണ് കുകി പ്രതിനിധികൾ വ്യക്തമാക്കുന്നത്. വംശീയ വിഭാഗങ്ങളെ പ്രതിനിധീകരിക്കാൻ ആഭ്യന്തര മന്ത്രാലയം നിർദേശിച്ചവരിൽ 25 പേർ ഭൂരിപക്ഷമായ മേയ്തി സമുദായത്തിൽ നിന്നുള്ളവരാണ്. 11 പേർ കുകി വിഭാഗത്തിൽപ്പെട്ടവരും 10 പേർ നാഗാ സമുദായത്തിൽ നിന്നുള്ളവരുമാണ്. മുസ്ലിം-നേപ്പാളി സമുദായങ്ങളിൽ നിന്ന് യഥാക്രമം മൂന്ന്, രണ്ട് അംഗങ്ങളാണ് പ്രതിനിധികളായുള്ളത്
ഗോത്രവർഗക്കാർക്ക് നൽകുന്ന സാമ്പത്തിക ആനുകൂല്യങ്ങളെ ചൊല്ലി ഗോത്രവർഗ വിഭാഗങ്ങൾ ഭൂരിപക്ഷമായ മേയ്തി സമുദായവുമായി ഏറ്റുമുട്ടിയതോടെയാണ് മണിപ്പൂരിൽ വംശീയ കലാപം ആരംഭിച്ചത്. തങ്ങളുടെ ആനുകൂല്യങ്ങൾ മേയ്തികളിലേക്ക് കൂടി വ്യാപിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഗോത്ര വിഭാഗങ്ങള്‍ ആശങ്കപ്പെട്ടിരുന്നു. മേയ് ആദ്യം മുതൽ നടന്ന കലാപങ്ങളിലും വംശീയ സംഘട്ടനങ്ങളിലും കുറഞ്ഞത് 80 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. കലാപത്തിൽ പലായനം ചെയ്ത 50,000-ത്തിലധികം ആളുകൾ സംസ്ഥാനത്തൊട്ടാകെയുള്ള 349 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നുണ്ടെന്ന് സംസ്ഥാന ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് മന്ത്രി ആർ കെ രഞ്ജൻ ഇംഫാലിൽ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വിവിധ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 57 ആയുധങ്ങളും 318 വെടിക്കോപ്പുകളും അഞ്ച് ബോംബുകളും കണ്ടെടുത്തതായി മന്ത്രി വ്യക്തമാക്കി.