കാട്ടിലെ രാജാവാണ് സിംഹമെന്നാണ് പൊതുവെ പറഞ്ഞുവരാറ്. ഇപ്പോഴിതാ കടലിലേയ്ക്ക്കൂടി തന്റെ സാമാജ്ര്യം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് അതെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രങ്ങള്‍ നല്‍കുന്ന സൂചന. ഗുജറാത്തിലെ ജുനഗഡിൽ അറബിക്കടലിന് തീരത്ത് തിരമാലകൾ ആസ്വദിക്കുന്നത് പോലെ കണ്ടുനില്‍ക്കുന്ന സിംഹത്തിന്റെ ചിത്രമാണ് സമൂഹമാധ്യങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ജുനഗഡ് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന്‍റെ എക്സ്( ട്വിറ്റര്‍) പേജിലാണ് ചിത്രം പങ്കുവച്ചത്. പെട്രോളിങ്ങിനിടെ ധര്യാ കാന്ദ മേഖലയില്‍ സിംഹത്തെ കണ്ടുവെന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
മറ്റൊരു പോസ്റ്റിൽ ഏഷ്യന്‍ സിംഹങ്ങളെക്കുറിച്ചുള്ള റിസർച്ച് പേപ്പറുകളും പങ്കുവച്ചു. താത്പര്യമുള്ളവർക്ക് ഇതും വായിക്കാമെന്ന തലക്കെട്ടോടെയാണ് പഠന റിപ്പോർട്ട് പങ്കുവച്ചിരിക്കുന്നത്. മോഹൻ റാമിന്റെ ‘Living on the sea-coast: ranging and habitat distribution of Asiatic lions' എന്ന പഠനമാണ് പങ്കുവച്ചത്. ഗിർ ദേശീയോദ്യാനത്തിൽ കഴിയുന്ന ഏഷ്യൻ സിംഹങ്ങൾ ഇപ്പോൾ ഗുജറാത്തിലെ തീരപ്രദേശങ്ങളിൽ കൂടുതലായി കാണപ്പെടുന്നുവെന്ന് പഠനം പറയുന്നു.
സിംഹങ്ങൾ പൊതുവെ വിശാലമായ ആവാസ വ്യവസ്ഥയിലാണ് കഴിയാറുള്ളത്. കാടിറങ്ങിയ സിംഹങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് തീരപ്രദേശങ്ങളിലാണെന്നാണ് സാറ്റലൈറ്റ് വിവരങ്ങൾ വ്യക്തമാക്കുന്നത്. 1990-കളുടെ മധ്യത്തിലാണ് സൂത്രപദയിലെ തീരദേശ ആവാസ വ്യവസ്ഥകളിൽ സിംഹങ്ങളുടെ ആദ്യ സാന്നിധ്യം കണ്ടെത്തിയത്. അതിനുശേഷം നാല് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന തീരപ്രദേശങ്ങളിൽ സിംഹങ്ങളുടെ തുടർച്ചയായ സാന്നിധ്യം കണ്ടുവെന്നും പഠനങ്ങൾ പറയുന്നു.