ഇന്ത്യയുടെ പേര് ഭാരതം എന്ന് മാത്രമാക്കാൻ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ സജീവമാക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ, ചർച്ചയായി ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗിന്റെ സോഷ്യല്‍ മീഡിയയിലെ കുറിപ്പ്. ഇന്ത്യയെന്ന പേര് നല്‍കിയത് ബ്രിട്ടീഷുകാരാണെന്നും ഭാരതം എന്ന പഴയ പേര് പുനഃസ്ഥാപിക്കണമെന്നും സേവാഗ് എക്സില്‍ കുറിച്ചു.
ജി20 ഉച്ചകോടി ക്ഷണക്കത്തില്‍ ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന് രാഷ്ട്രപതി ഭവൻ ഉപയോഗിച്ചത് ഇന്ന് ചർച്ചകള്‍ക്ക് വഴിവച്ചിരുന്നു. പിന്നാലെയാണ് സേവാഗിന്റെ കുറിപ്പ്. ഇന്ത്യയും പാകിസ്താനും തമ്മിലുളള ഏഷ്യാ കപ്പ് മത്സരം നടക്കുന്നതിനിടെ ശനിയാഴ്ചയും സേവാഗ് ഇക്കാര്യം സൂചിപ്പിച്ച് എക്സില്‍ കുറിപ്പിട്ടിരുന്നു. ഇന്ത്യ vs പാക് എന്നതിനുപകരം ഭാരത് vs പാക് മത്സരം എന്നാണ് അദ്ദേഹം മത്സരത്തെ പരാമർശിച്ചത്.
'ഒരു പേര് നമ്മളിൽ അഭിമാനം വളർത്തുന്ന ഒന്നായിരിക്കണമെന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു. നമ്മളെല്ലാം ഭാരതീയരാണ്. ഇന്ത്യ എന്നത് ബ്രിട്ടീഷുകാർ നൽകിയ പേരാണ്. ഭാരതമെന്ന പേരിലേക്ക് മടങ്ങിപോകാൻ നമ്മള്‍ വൈകിയിരിക്കുന്നു'. സേവാഗ് എക്സില്‍ കുറിച്ചു. ലോകകപ്പിൽ, ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ജഴ്‌സിയിലെ പേര് ഭാരത് എന്ന് മാറ്റണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനോടും (ബിസിസിഐ) സെക്രട്ടറി ജയ് ഷായോടും അദ്ദേഹം ആവശ്യപ്പെട്ടു.
പേര് മാറ്റുന്നത് സംബന്ധിച്ച് ന്യായീകരണമായി മുൻപ് പേര് മാറ്റിയ രാജ്യങ്ങളെയും സേവാഗ് ചൂണ്ടിക്കാണിച്ചു. 1996ലെ ലോകകപ്പിൽ നെതർലൻഡ്‌സ് ഹോളണ്ട് എന്ന പേരിലാണ് കളിച്ചിരുന്നതെന്നും എന്നാൽ 2003ൽ നെതർലൻഡ്‌സ് എന്ന പേരിലേക്ക് മാറിയിരുന്നുവെന്നും സെവാഗ് പറഞ്ഞു. "1996 ലോകകപ്പിൽ നെതർലൻഡ്‌സ് ഹോളണ്ട് എന്ന പേരുമായാണ് ഭാരതത്തിൽ ലോകകപ്പ് കളിക്കാനെത്തിയത്. 20003ൽ ഞങ്ങൾ അവരെ കണ്ടപ്പോൾ അവർ നെതർലൻഡ്‌സായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ തുടരുന്നു. ബ്രിട്ടീഷുകാർ നൽകിയ ബർമ എന്ന പേര് മാറ്റി മ്യാൻമർ എന്നാക്കി. കൂടാതെ മറ്റു പല രാജ്യങ്ങളും അവരുടെ യഥാർഥ പേരിലേക്ക് മടങ്ങി" സേവാഗ് കുറിച്ചു.
ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള അത്താഴവിരുന്നിലേക്ക് രാഷ്ട്രത്തലവന്‍മാരെ രാഷ്ട്രപതി ക്ഷണിച്ചുകൊണ്ടുള്ള കത്തിലാണ് 'ദ പ്രസിഡന്റ് ഓഫ് ഇന്ത്യ'എന്നതിനുപകരം 'ദ പ്രസിഡന്റ് ഓഫ് ഭാരത്' എന്ന് ഉപയോഗിച്ചിരിക്കുന്നത്. ഇന്നത്തെ ചർച്ചകൾക്ക് മുൻപ് തന്നെ സെവാഗ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് സെപ്റ്റംബർ രണ്ടാം തീയതി സേവാഗ് എക്സില്‍ കുറിച്ചത് ചൂണ്ടിക്കാട്ടി പലരും ട്വീറ്റ് ചെയ്യുന്നുണ്ട്.