INDIA

ചിത്രകാരൻ വിവാൻ സുന്ദരം അന്തരിച്ചു; വിട വാങ്ങിയത് ആത്മപരിശോധനയ്ക്ക് കലയെ ഉപയോഗിച്ച പ്രതിഭ

ഈ മാസം ആദ്യം മസ്തിഷ്ക രക്തസ്രാവത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

വെബ് ഡെസ്ക്

രാജ്യത്തെ പ്രമുഖ ചിത്രകാരന്മാരില്‍ ഒരാളായ വിവാൻ സുന്ദരം അന്തരിച്ചു. 79 വയസായിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഈ മാസമാദ്യം മസ്തിഷ്ക രക്തസ്രാവത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചിത്രങ്ങൾ, ശിൽപ്പങ്ങൾ, പ്രിന്റുകൾ, ഫോട്ടോഗ്രഫി, ഇൻസ്റ്റലേഷൻ, വീഡിയോ ആർട്ട് എന്നിങ്ങനെ കലയുടെ വിവിധ മേഖലകളില്‍ വിവാൻ പ്രാഗല്‍ഭ്യം തെളിയിച്ചു. സഫ്ദർ ഹാഷ്മി മെമ്മോറിയൽ ട്രസ്റ്റ്, കസൗലി ആർട് സെന്റർ തുടങ്ങിയവയുടെ സ്ഥാപകാംഗം കൂടിയാണ് അദ്ദേഹം. ചരിത്ര കലാകാരിയും ക്യൂറേറ്ററുമായ ഗീത കപൂറാണ് ഭാര്യ.

1943ല്‍ സിംലയിലാണ് ജനനം. ലണ്ടനിലെ സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം രാജ്യത്തെ മുൻനിര ചിത്രകാരന്മാരിൽ ഒരാളായി വളർന്ന വിവാന്റെ കല ഭിത്തിയിൽ തൂങ്ങുന്ന ദ്വിമാന ചിത്രങ്ങളിൽ മാത്രമൊതുങ്ങുന്നില്ല. പ്രശസ്ത ഫോട്ടോഗ്രഫർ ഉമ്രാവോ ഷേർഗിലിന്റെ കൊച്ചുമകനാണ് അദ്ദേഹം. ആ പാരമ്പര്യ പെരുമ അദ്ദേഹത്തിന്റെ വർക്കുകളില്‍ പ്രകടമാണ്.

അമ്മയുടെ സഹോദരിയും പ്രമുഖ ചിത്രകാരിയുമായ അമൃതാ ഷെർഗിലിന്റെ സൃഷ്ടികളും വിവാന്റെ കലാലോകത്തെ സ്വാധീനിച്ചതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. 1966 ൽ ലണ്ടനിലാണ് വിവാൻ തന്റെ സൃഷ്ടികളുടെ ആദ്യ പ്രദർശനം നടത്തുന്നത്. ദ ഹൈറ്റ്സ് ഓഫ് മാച്ചു പീച്ചു, ദ ഡിസ്ക്രീറ്റ് ചാം ഓഫ് ദ ബൂർഷ്വാസി ആൻഡ് ദ ഇൻഡ്യൻ എമർജൻസി എന്നീ പരമ്പരകൾ അവ സംസാരിക്കുന്ന രാഷ്ട്രീയം കൊണ്ട് പ്രശസ്തമാണ്.

വിവാൻ സുന്ദരത്തെ സംബന്ധിച്ചിടത്തോളം കല ആരെയും പ്രീതിപ്പെടുത്താനല്ല, മറിച്ച് ചോദ്യം ചെയ്യാനും ആത്മപരിശോധന നടത്താനുമുള്ളതായിരുന്നു. ഒരു വശത്ത് അദ്ദേഹം തന്റെ കലാസൃഷ്ടികളിലൂടെ വസ്തുക്കൾക്ക് പുതിയ ജീവൻ നൽകി. മറുവശത്ത്, ഭൂതകാലത്തെക്കുറിച്ച് അന്വേഷിക്കാനും അറിയാനുമുള്ള വിവാന്റെ താത്പര്യം, അദ്ദേഹത്തിന്റെ സൃഷ്ടികള്‍ ആസ്വദിക്കാനെത്തുന്നവരെക്കൂടി ചരിത്രാന്വേഷികളാക്കി

ബറോഡയിലെ എം എസ് യൂണിവേഴ്സിറ്റിയിലെ ഫൈൻ ആർട്സ് കോളേജില്‍ നിന്ന് പെയിന്റിങ് പഠിച്ച അദ്ദേഹം ലണ്ടനിലെ സ്ലേഡ് സ്കൂളിൽ തുടർവിദ്യാഭ്യാസം നേടി. അവിടെ വച്ചാണ് അമേരിക്കൻ ആർട്ടിസ്റ്റ് ആർ ബി കിതാജിനെ പരിചയപ്പെടുന്നത്. യുഎസ് സാമ്രാജ്യത്വം, മുതലാളിത്തം, യൂറോപ്പിൽ കണ്ട കണ്‍സ്യൂമറിസം എന്നിവയ്ക്കെതിരായ പ്രകടനങ്ങളും പങ്കെടുത്ത രാഷ്ട്രീയ യോഗങ്ങളുമൊക്കെ അദ്ദേഹത്തില്‍ വലിയ സ്വാധീനം ചെലുത്തി. കലയുടെ കാര്യത്തിൽ പ്രമേയപരമായും രാഷ്ട്രീയമായും ഭാഷാപരമായും നിരന്തരം ചോദ്യം ചെയ്യാനും മാറ്റങ്ങള്‍ കൊണ്ടുവരാനും ആ ചരിത്ര നിമിഷങ്ങളിലേതിലോ ആണ് തനിക്ക് തോന്നിയതെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു.

1968 മേയിലെ വിദ്യാര്‍ഥി മുന്നേറ്റത്തില്‍ സജീവമായിരുന്ന അദ്ദേഹം 1971ല്‍ ലണ്ടനില്‍നിന്ന് ഇന്ത്യയിലേക്ക് തിരിച്ചു. തുടര്‍ന്ന് അടിയന്തരാവസ്ഥ നാളുകളില്‍ ഉള്‍പ്പെടെ കലാകാരന്മാരുടെയും വിദ്യാര്‍ഥികളുടെയും ഗ്രൂപ്പുകളുമായി ചേര്‍ന്ന് പരിപാടികളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചു.

അതാത് കാലഘട്ടങ്ങളിലെ സാമൂഹ്യ പ്രശ്നങ്ങളെ കൃത്യമായി അഭിസംബോധന ചെയ്യുന്നതായിരുന്നു എന്നും അദ്ദേഹത്തിന്റെ വർക്കുകള്‍. 1991ലെ എഞ്ചിൻ ഓയിൽ  എന്ന സീരീസ് എണ്ണ വിഭവങ്ങളുടെ നിയന്ത്രണം നേടുന്നതിനായി ഇറാഖിൽ യുഎസ് നടത്തുന്ന ആക്രമണത്തെയാണ് ചിത്രീകരിച്ചത്. 1993 ലെ മിക്സഡ് മീഡിയ ഇൻസ്റ്റലേഷനായ മെമ്മോറിയല്‍ ബോംബെ കലാപത്തിന് ഇരയായവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ട്രാഷ് ( 2004 മുതൽ 2013 വരെ) എന്ന സീരീസ് നഗര ദൃശ്യങ്ങളെയും സമ്പദ് വ്യവസ്ഥയെയും കുറിച്ച് അന്വേഷിക്കുന്നതായിരുന്നു.

കൊച്ചി-മുസിരിസ് ബിനാലെയിലെ 'ബ്ലാക്ക് ഗോൾഡ് ' എന്ന ഇൻസ്റ്റലേഷൻ

ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ലണ്ടന്‍, പാരിസ്, ടൊറന്റോ, മോണ്‍ട്രിയല്‍, വാന്‍കൂവര്‍, ആംസ്റ്റര്‍ഡാം, ബുഡാപെസ്റ്റ്, കോപന്‍ഹേഗന്‍, ന്യൂയോര്‍ക്ക്, ചിക്കാഗോ, ഡള്ളസ്, ലോസ് ആഞ്ചെലസിലെ ഫോളര്‍ മ്യൂസിയം എന്നിവിടങ്ങളിലും സോളോ പ്രദര്‍ശനങ്ങള്‍ നടത്തി. ഹവാന, ജോഹന്നെസ്ബര്‍ഗ്, ക്വാങ്ജു, തായ്‌പേയ്, ഷാര്‍ജ, ഷാങ്ഹായ്, സിഡ്‌നി, സെവിയ്യ, ബെര്‍ലിന്‍ എന്നിവിടങ്ങളിലെ ബിനാലെകളിലും ബ്രിസ്‌ബേനിലെ ഏഷ്യ-പസിഫിക് ട്രിനാലെയിലും കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചു.

ഇന്ത്യയിൽ നടന്ന ആദ്യ ബിനാലെയായ 2013ലെ കൊച്ചി-മുസിരിസ് ബിനാലെയിൽ വിവാന്റെ 'ബ്ലാക്ക് ഗോൾഡ് ' എന്ന ഇൻസ്റ്റലേഷൻ പ്രദർശിപ്പിച്ചിരുന്നു. മുസിരിസിൽനിന്ന് ഖനനം ചെയ്തെടുത്ത, നൂറ്റാണ്ടുകൾ പഴക്കമുള്ള മൺപാത്രങ്ങളുടെ അവശിഷ്ടങ്ങളാണ് ഇൻസ്റ്റലേഷന് ഉപയോഗിച്ചത്. ആ ചെറു കഷണങ്ങൾ പലവിധത്തിൽ കൂട്ടിച്ചേർത്തും നിരത്തിവച്ചും കെട്ടിയുയർത്തിയും ഒരു നഗരത്തിന്റെ പുനഃസൃഷ്ടിയാണ് വിവാൻ നടത്തിയത്. മുസിരിസിന്റെ ശക്തമായ വാണിജ്യ ബന്ധങ്ങൾ സൂചിപ്പിക്കാൻ കുരുമുളകും ഉപയോഗിച്ചിരുന്നു. ഈ സൃഷ്ടിയുടെ വിവിധ ഘട്ടങ്ങളത്രയും ചിത്രീകരിച്ച് ഒരു വീഡിയോ ഇൻസ്റ്റലേഷനും ബിനാലെയിൽ തയ്യാറാക്കിയിരുന്നു. ഇപ്പോള്‍ കൊച്ചിയില്‍ നടന്നു കൊണ്ടിരിക്കുന്ന ബിനാലെയിലും അദ്ദേഹത്തിന്റെ ദ ഹൈറ്റ്സ് ഓഫ് മാച്ചു പീച്ചു പ്രദർശിപ്പിക്കുന്നുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ