ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രാലയം. പാകിസ്താനുമായി നല്ല അയല്‍ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ഭീകരവാദവും അക്രമവും പ്രോത്സാഹിപ്പിക്കാനാകില്ലെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ഭീകരതയും അക്രമവും ഇല്ലാത്ത അന്തരീക്ഷമാണ് നല്ല അയല്‍ബന്ധത്തിന് ആവശ്യമെന്നും ഇന്ത്യ വ്യക്തമാക്കി.
കശ്മീര്‍ വിഷയത്തിലുള്‍പ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്താവനയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് അരിന്ദം ബാഗ്ചിയുടെ മറുപടി. ദുബായ് ആസ്ഥാനമായുള്ള അല്‍ അറേബ്യ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കശ്മീര്‍ അടക്കമുള്ള പ്രധാനപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ച വേണമെന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞിരുന്നു. ചര്‍ച്ചകള്‍ക്ക് യുഎഇ മധ്യസ്ഥത വഹിക്കണമെന്നും പാക് പ്രധാനമന്ത്രി അഭിമുഖത്തില്‍ ആവശ്യപ്പെട്ടു.
ഇന്ത്യയുമായുള്ള മൂന്ന് യുദ്ധങ്ങളില്‍ നിന്ന് പാഠങ്ങള്‍ പഠിച്ചെന്നും ഇനി അയല്‍രാജ്യവുമായി സമാധാനം പുനസ്ഥാപിക്കാനാണ് ആഗ്രഹിക്കുന്നത് എന്നുമായിരുന്നു പാക് പ്രധാനമന്ത്രിയുടെ പ്രധാന പരാമര്‍ശം. ''ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയോടും, നേതൃത്വത്തോടും എന്റെ അഭ്യര്‍ത്ഥന. ഒരുമിച്ച് ഒരു മേശയ്ക്ക് ഇരുവശവും ഇരുന്ന് പാകിസ്താനെയും ഇന്ത്യയെയും സംബന്ധിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യണം. പരസ്പരം കലഹിക്കുന്നതിന് പകരം സമാധാനവും വികസനവുമാണ് വേണ്ടത് '' - പാക് പ്രധാനമന്ത്രി അഭിമുഖത്തില്‍ പറഞ്ഞു.
എന്നാല്‍ അധികം വൈകാതെ തന്നെ പരാമര്‍ശം ഷഹബാസ് ഷെരീഫ് തിരുത്തുകയും ചെയ്തു. കശ്മീരിന്റെ പ്രത്യേക അധികാരം പിന്‍വലിച്ച തീരുമാനം ഇന്ത്യ തിരുത്തിയ ശേഷം മാത്രമേ ചര്‍ച്ച സാധ്യമാകൂ എന്നായിരുന്നു വിശദീകരണം. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.